Times Kerala

മഴവില്ലുകൾ വിരിയുന്ന ഓണവില്ല് – ചിത്രകലാശിൽപത്തിന്റെ ഉള്ളറകളിലേക്ക്. . . .

 
മഴവില്ലുകൾ വിരിയുന്ന ഓണവില്ല് – ചിത്രകലാശിൽപത്തിന്റെ ഉള്ളറകളിലേക്ക്. . . .

തലമുറകളായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ശിൽപികളുടെ പാരമ്പര്യത്തിൽപ്പെട്ട തിരുവനന്തപുരം കരമന വാണിയംമൂല മേലാറന്നൂർ, വിളയിൽ വീട് മൂത്താശാരി കുടുംബക്കാർക്കാണ് ഓണവില്ല് നിർമിച്ച് മൂലമന്ത്രം ചൊല്ലി ചിത്രങ്ങൾ വരച്ച് ഭഗവാന് സമർപ്പിക്കാനുള്ള അവകാശം.

തിരുവനന്തപുരം കരമന വാണിയംമൂല മേലാറന്നൂർ, വിളയിൽ വീട്ടിൽ മൂത്താശാരി ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന്, കുളിച്ച് ഈറനണിഞ്ഞ് കുടുംബപരദേവതകളുടെ മുന്നിൽ വിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്നു. തുടർന്ന് മൂലമന്ത്രം ജപിച്ച് തയാറാക്കിയ നിറക്കൂട്ട് കുടുംബത്തിലെ മറ്റു കലാകാരന്മാർക്ക് കൈമാറും. പിന്നീട് പ്രത്യേകം തയാറാക്കിയ അറയിൽ ശ്രീപത്മനാഭനെയും കുടുംബപരദേവതകളെയും പൂർവികരെയും ധ്യാനിച്ച് മന്ത്രജപവുമായി വഞ്ചിയുടെ ആകൃതിയിലുള്ള ആ പലക കയ്യിലെടുത്തു പഞ്ചവർണങ്ങൾ ചാലിച്ച് ചത്രരചന തുടങ്ങുന്നു.

വർഷങ്ങളായി വാണിയംമൂല മേലാറന്നൂർ വിളയിൽ വീട്ടിൽ ഈ ആചാരം നടന്നു വരുന്നു. നൂറു വർഷത്തിലേറെ പഴക്കമുള്ള ഈ വീടിന്റെ മുറ്റത്ത് ശിവപാർവതിമാർ കുടികൊള്ളുന്ന കുടുംബക്ഷേത്രമുണ്ട്. ഓണവില്ല് വയ്ക്കുന്ന അറയും വീടിനോടു ചേർന്നു തന്നെയുണ്ട്. കാഞ്ചീപുരം, തഞ്ചാവൂർ മധുര ഭാഗങ്ങളിൽ നിന്നുള്ള ശിൽപികളും കലാകാരന്മാരുമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിർമാണത്തിന് എത്തിയത്. ശിൽപ്പികളും പണിക്കാരും ക്ഷേത്രനിർമാണത്തിനു ശേഷം ഇവിടെ സ്ഥിര താമസമാക്കി. തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്ന് അതിനുവേണ്ട ഏർപ്പാടുകൾ ചെയ്തുകൊടുത്തു.

ഓണവില്ലു വരയ്ക്കുന്ന കുടുംബക്കാരെ ‘ഭദ്രാരത്നം’ എന്ന ബഹുമതി നൽകി കൊട്ടാരം ആദരിച്ചിട്ടുണ്ട്. അതുകൊണ്ട് ഭദ്രാരത്നം എന്ന വിശേഷണത്തോടെയാണ് ഇവർ അറിയപ്പെടുന്നത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സമർപ്പിക്കാനുള്ളതാണെങ്കിലും ഭക്തർക്ക് വഴിപാടായി ഓണക്കാലത്ത് ഓണവില്ല് കിട്ടുന്നുണ്ട്.

തെക്കൻ കേരളത്തിൽ ഓണവില്ലുമായി ബന്ധപ്പെട്ട ആചാരങ്ങൾ ഉള്ളത് പത്മനാഭ സ്വാമിക്ഷേത്രത്തിൽ മാത്രമാണ്. എന്നാൽ വടക്കൻ കേരളത്തിലും ഓണവില്ല് വളരെ പ്രശസ്തമാണ്. തെക്കൻ കേരളത്തിൽ ഓണവില്ല് ഒരു ചിത്രരചനാ ശിൽപമായി കണക്കാക്കുമ്പോൾ വടക്കൻ കേരളത്തിൽ അതൊരു വാദ്യോപകരണമാണ്. രണ്ട് വില്ലുകൾക്കും ഒരേ ആകൃതിയാണ്. വടക്കൻ കേരളത്തിൽ വില്ലിൽ ഞാണു കെട്ടിയാണ് മീട്ടുന്നത്. അതിൽ നിന്നും മധുരമായ നാദമാണ് ഉണ്ടാകുന്നത്. അത്തം തുടങ്ങി പത്തുദിവസം മുൻപേ ഈ ഓണവില്ലിന്റെ സംഗീതം നാടെങ്ങും മുഴങ്ങും. ഓണത്തപ്പന്റെ വരവ് അറിയിക്കുന്നതാണിത്. ഓണവുമായി ബന്ധപ്പെട്ട ആചാരങ്ങളിൽ ഓണവില്ല് മീട്ടുക എന്നത് വടക്കൻ കേരളത്തിൽ ഇപ്പോഴും നിലനിൽക്കുന്ന ആചാരമാണ്. തിരുവിതാംകൂറിൽ ഓണവില്ലിനെ പള്ളിവില്ല് എന്നാണ് പറയുന്നത്.

Related Topics

Share this story