Nature

ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. എം രാധാകൃഷ്ണ പിള്ള ആഗസ്റ്റ് 31 ന് വിരമിക്കുന്നു

തിരുവനന്തപുരം: ഒന്നര പതിറ്റാണ്ട് കര്‍ത്തവ്യ നിരതമായി പ്രയത്നിച്ച് രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയെ (ആര്‍ജിസിബി) ഈ മേഖലയിലെ രാജ്യാന്തര പ്രശസ്തമായ സ്ഥാപനമാക്കിയശേഷം ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പ്രൊഫ. എം രാധാകൃഷ്ണ പിള്ള ആഗസ്റ്റ് 31 ന് വിരമിക്കുന്നു.

ഒരു ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഡയറക്ടറായി 2005 ല്‍ ചുമതലയേറ്റ അദ്ദേഹത്തിന്‍റെ കാലയളവില്‍ ആര്‍ജിസിബി ഒട്ടനവധി നേട്ടങ്ങള്‍ കരസ്ഥമാക്കി.

ആര്‍ജിസിബിയുടെ ഗവേഷണഫലങ്ങളെ പരീക്ഷണശാലകളില്‍നിന്ന് പൊതുജനങ്ങളിലേക്കെത്തിച്ച രാധാകൃഷ്ണപിള്ള ശാസ്ത്രജ്ഞന്‍, ഭരണാധികാരി, ഗവേഷണ ഗൈഡ്, ഗുരുവും വഴികാട്ടിയും എന്നീ നിലകളിലെല്ലാം ആര്‍ജിസിബിയിലെ സജീവ സാന്നിധ്യമായിരുന്നു.

കൊവിഡ്-19 മഹാമാരിയ്ക്കെതിരായ പോരാട്ടത്തില്‍ അവസരത്തിനൊത്തുയര്‍ന്ന് ആര്‍ജിസിബി നല്‍കിയ സംഭാവനകളിലും അദ്ദേഹത്തിന്‍റെ കയ്യൊപ്പുണ്ടായിരുന്നു. റാപിഡ് ആന്‍റിബോഡി കാര്‍ഡ്, വൈറല്‍ ട്രാന്‍സ്പോര്‍ട്ട് മീഡിയ കിറ്റ്, വൈറല്‍ ആര്‍എന്‍എ എക്സ്ട്രാക്ഷന്‍ കിറ്റ്, ആര്‍ടി-പിസിആര്‍ സ്ഥിരീകരണ കിറ്റ് തുടങ്ങിയവ ആര്‍ജിസിബിയുടെ സഹകരണത്തോടെയാണ് നിര്‍മ്മിച്ചത്. ഇവയ്ക്കായുള്ള ഉത്പാദന ലൈസന്‍സ് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനില്‍ നിന്നു ആര്‍ജിസിബിയ്ക്ക് ലഭിച്ചു.

2006-11 കാലഘട്ടത്തില്‍ കേരളത്തില്‍ ചിക്കന്‍ഗുനിയയും ഡെങ്കിപ്പനിയും പിന്നീട് എച്1 എന്‍1-ഉം വ്യാപകമായപ്പോള്‍ മോളിക്കുലാര്‍ വൈറസ് പരിശോധനയ്ക്ക് സംവിധാനമില്ലാത്തതിന്‍റെ കുറവ് നികത്തിയത് ആര്‍ജിസിബിയായിരുന്നു. അന്ന് പ്രൊഫ. പിള്ളയുടെ നേതൃത്വത്തിലാണ് എന്‍എബിഎല്‍, എന്‍എബിഎച് അംഗീകാരം ലബോറട്ടറി നേടിയെടുത്തത്. ഇവിടുത്തെ ലാബോറട്ടി മെഡിസിന്‍ ആന്‍ഡ് മോളിക്യുലാര്‍ ഡയഗ്നോസ്റ്റിക്സ് ഇന്ന് 40 വൈറല്‍-ബാക്ടീരിയ മാനദണ്ഡങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഇന്നും രാജ്യത്ത് ഒരു കുടക്കീഴില്‍ ഇത്രയുമധികം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മറ്റൊരു സ്ഥാപനമില്ല. ഇതു കൂടാതെ ഡിഎന്‍എ ഫിംഗര്‍പ്രിന്‍റിങിനും വന്യജീവി ഫോറന്‍സിക്സിനുമായി എന്‍എബിഎല്‍, എന്‍എബിഎച് അംഗീകാരമുള്ള മോളിക്യൂലാര്‍ ഫോറന്‍സിക് സംവിധാനവും ഡോ. പിള്ളയുടെ കാലത്ത് യാഥാര്‍ത്ഥ്യമായി.

റീജനല്‍ കാന്‍സര്‍ സെന്‍ററിലെ മോളിക്കുലാര്‍ മെഡിസിന്‍ പ്രൊഫസറായി സ്തുത്യര്‍ഹമായ സേവനത്തിനു ശേഷമാണ് പ്രൊഫ. പിള്ള ആര്‍ജിസിബിയില്‍ ചേര്‍ന്നത്. സംസ്ഥാന സര്‍ക്കാരിനു കീഴില്‍ ശരാശരി നിലവാരം മാത്രം പുലര്‍ത്തിയിരുന്ന ആര്‍ജിസിബിയെ ശരിയായ ദിശാബോധം നല്‍കി 2007 ല്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍ പ്രൊഫ. പിള്ള വഹിച്ച പങ്ക് ചെറുതല്ല.

ശാസ്ത്ര കണ്ടു പിടുത്തങ്ങളുടെയും അതിന്‍റെ വിശകലനത്തിനെയും സഹായിക്കുന്ന ബയോ-ഇനോവേഷന്‍ സെന്‍റര്‍ 100 കോടി രൂപ ചെലവില്‍ സ്ഥാപിതമായത് അദ്ദേഹത്തിന്‍റെ കാലയളവിലാണ്. തലസ്ഥാന നഗരത്തിന്‍റെ ഹൃദയഭാഗത്ത് 20 ഏക്കര്‍ ഇതിനായി സംസ്ഥാന സര്‍ക്കാരില്‍ നിന്ന് സൗജന്യമായി നേടിയെടുക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. വൈറല്‍ രോഗങ്ങള്‍ക്കും അര്‍ബുദ പ്രതിരോധ ശേഷിക്കുമായുള്ള വാക്സിനുകള്‍ വികസിപ്പിക്കുന്നതിന്‍റെ ഗവേഷണങ്ങള്‍ ഏറ്റവുമധികം നടക്കുന്നത് ഇവിടെയാണ്.

നൂതനാശയങ്ങളെ വിപണിക്കനുയോജ്യമായ ഉത്പന്നങ്ങളാക്കുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധയും സഹായവും നല്‍കി. ആര്‍ജിസിബിയുടെ കൊച്ചിയിലുള്ള ബയോ നെസ്റ്റ് എന്ന ഇന്‍കുബേഷന്‍ സംവിധാനത്തില്‍ 23 സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളാണ് ഇന്നുള്ളത്.

രാജ്യത്ത് സ്ത്രീകളില്‍ ഏറ്റവുമധികം കാണപ്പെടുന്ന ഗര്‍ഭാശയമുഖ അര്‍ബുദ ചികിത്സയിലെ വിപ്ലവകരമായ മാറ്റം പ്രൊഫ. പിള്ളയുടെ ഗവേഷണ ഫലമായാണ്. ഹ്യൂമന്‍ പാപിലോമ വൈറസാണ്(എച്പിവി) ഈ അര്‍ബുദത്തിന് കാരണം. അദ്ദേഹത്തിന്‍റെ ഗവേഷണ ഫലം ലോകാരോഗ്യ സംഘടനയും ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷനും അംഗീകരിച്ചു. ഈ ഗവേഷണ ഫലത്തിലൂടെ എച്പിവിയ്ക്കുള്ള മരുന്നിന്‍റെ ചെലവ് ഗണ്യമായി കുറയുകയും ചെയ്തു. 3 ഡോസ് മരുന്നിനു പകരം 2 ഡോസ് മാത്രം മതിയെന്ന് അദ്ദേഹം തെളിയിച്ചു. നിരവധി രാജ്യങ്ങള്‍ ഈ മാതൃക പിന്തുടരുകയും ആര്‍ജിസിബിയുടെ നേട്ടം അന്താരാഷ്ട്ര ശ്രദ്ധ നേടുകയൂം ചെയ്തു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.