Times Kerala

തലസ്ഥാന നഗരം സ്മാർട്ടാക്കാൻ നിരത്തിൽ ഇ-ഓട്ടോകളും

 
തലസ്ഥാന നഗരം സ്മാർട്ടാക്കാൻ നിരത്തിൽ ഇ-ഓട്ടോകളും

തിരുവനന്തപുരം: തലസ്ഥാനത്തെ ഗതാഗത സംവിധാനം ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷൻ സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി വാങ്ങിയ ഇലക്ട്രിക് ഓട്ടോകൾ പുറത്തിറക്കി. പൊതുമേഖല സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ 15 ഇ-ഓട്ടോകളാണ് നിരത്തിലിറക്കിയത്.

ഓട്ടോകളുടെ ഫ്ളാഗ് ഓഫ് വ്യവസായ മന്ത്രി ഇ.പി ജയരാജൻ നിർവഹിച്ചു. അന്തരീക്ഷ മാറ്റത്തിനുകാരണമായ കാർബൺ പുറംതള്ളൽ കുറക്കാൻ പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് വാഹനങ്ങൾക്കു സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. കെഎഎല്ലിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്നും ഇലക്ട്രിക് ഓട്ടോകൾക്ക് ഇന്ത്യക്കത്തു നിന്നും പുറത്തു നിന്നും ഓർഡറുകൾ ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓട്ടോയുടെ താക്കോൽ ഗുണഭോക്താക്കൾക്ക് കൈമാറി.

സ്മാർട്ട് സിറ്റി പദ്ധതിയിൽ തുടങ്ങാനായതും പൂർത്തിയാക്കാനുമായത് 1500 കോടി രൂപയുടെ പദ്ധതികളാണെന്ന് മന്ത്രി പറഞ്ഞു. രാജാജി നഗറിൽ 65 കോടിയുടെ പുനരിധിവാസ പദ്ധതി ഉടൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.കോർപ്പറേഷൻ പരിധിയിലെ ബിപിഎൽ വിഭാഗത്തിൽപ്പെട്ട 15 വനിതകളാണ് ഇ-ഓട്ടോ ഓടിക്കുക.സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ് കമ്പനി വാങ്ങിയ ഓട്ടോകൾഒന്ന് മുതൽ ഒന്നര വർഷത്തെ പ്രവർത്തനത്തിനുശേഷം ഗുണഭോക്താക്കൾക്ക് കൈമാറും. 2.95 ലക്ഷം രൂപയാണ് ഒരു ഓട്ടോയുടെ വില. ഒരു തവണ ചാർജിൽ 85 കിലോമീറ്റർ ഓടിക്കാൻ സാധിക്കും. ഒരു കിലോമീറ്ററിന് 0.5 രൂപമാത്രമാണ് പ്രവർത്തന ചെലവ്.

ചടങ്ങിൽ മേയർ കെ ശ്രീകുമാർ, കെ ആൻസലൻ എം.എൽ.എ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, സ്മാർട്ട് സിറ്റി സി.ഇ.ഒ പി ബാലകിരൺ, കൗൺസിലർമാർ, കെ.എ.എൽ ചെയർമാൻ കരമന ഹരി, എം.ഡി ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.

Related Topics

Share this story