റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ട യോഗത്തിന് മിനിറ്റ്സില്ലെന്ന് ലൈഫ് മിഷന് സിഇഒ. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്കിയ മറുപടിയിലാണ് വിശദീകരണം. യൂണിടാക്കിന് കരാര്‍ നല്‍കിയത് റെഡ് ക്രസന്റെന്നും വിശദീകരണം.
വിവാദമായ ലൈഫ്മിഷന് ഫ്ളാറ്റ് നിര്‍മാണം സംബന്ധിച്ച ഫയലുകള്‍ മുഖ്യമന്ത്രി വിളിപ്പിച്ചു. തദ്ദേശ, നിയമ വകുപ്പുകളിെല ഫയലുകളാണ് മുഖ്യമന്ത്രി പരിശോധിക്കുക. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇടപെടുന്നത്. സംസ്ഥാന സര്‍ക്കാരിന് കീഴിലെ ലൈഫ്മിഷനും യുഎഇ സര്‍ക്കാരിന് കീഴിലെ സന്നദ്ധസംഘടനയായ റെഡ് ക്രസന്റും തമ്മില്‍ തൃശൂര്‍ വടക്കാഞ്ചേരിയില്‍ നിര്‍മിക്കുന്ന ഫ്ളാറ്റുകള്‍ സംബന്ധിച്ച ഫയലുകളാണ് മുഖ്യമന്ത്രി വിളിച്ചുവരുത്തിയത്.
റെഡ്ക്രസന്റുമായുള്ള കരാര്‍, പദ്ധതി നടത്തിപ്പുകാരായി യൂണിടാക്ക് എന്ന കമ്പനിയെ തിരഞ്ഞെടുത്തത്, കമ്മിഷനായി വന്‍തുക കൈമാറിയെന്ന ആരോപണം ഇവയുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പരിശോധന. കരാറിന്റെ നിയമസാധുത, കമ്മിഷന് കൈമാറി എന്നിവ കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റെ ഡയറക്ടറേറ്റ് പരിശോധിച്ചു വരുന്നതിനിടെയാണ് മുഖ്യമന്ത്രി ഫയലുകള്‍ വിളിപ്പിക്കുന്നതും നേരിട്ട് ഇക്കാര്യം വിലയിരുത്തുന്നതും. ലൈഫ് മിഷന് സിഇഒ യു.വി.ജോസും യുഎഇ സര്‍ക്കാരിന് കീഴിലുള്ള റെഡ് ക്രസന്റും ഒപ്പിട്ട കരാര്‍, അതിന്റെ നിയമസാധുത, സര്‍ക്കാര്‍ താല്പര്യവും പൊതുതാല്പര്യവും സംരക്ഷിക്കപ്പെട്ടോ എന്നിവ പരിശോധനക്ക് വിധേയമാക്കും.
മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ മുന്‍കൈയെടുത്താണ് നടപടിക്രമങ്ങള്‍ മറികടന്ന് കരാര്‍ ഒപ്പിട്ടതെന്ന വിവരം പുറത്തുവന്നിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ലൈഫ് മിഷന് പദ്ധതി നടത്തിപ്പുകാരായ യുണിടാക്ക് എന്ന നിര്‍മാണ കമ്പനി കമ്മിഷന് നല്‍കിയതായി വെളിപ്പെടുത്തിയിരുന്നു. ഫയലുകള്‍ പരിശോധിച്ചശേഷം സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും. നേരത്തെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേക പങ്കൊന്നുമില്ലെന്നും യൂണിടാക്കും റെഡ്ക്രസന്റുമായാണ് കരാറെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
Comments are closed.