തിരുവനന്തപുരം: വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ നിയമസഭയില്‍ പ്രമേയം കൊണ്ടുവരും. വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം.
തിരുവനന്തപുരം വിമാനത്താവളനടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കാനുള്ള തീരുമാനത്തില്‍ രാഷ്ട്രീയപ്പോര് രൂക്ഷമാകുന്നു. എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും എതിര്‍പ്പ് അപഹാസ്യമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. സര്‍ക്കാരിന്റെ എതിര്‍പ്പ് സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനെന്നും അദ്ദേഹം ആരോപിച്ചു. യുപിഎ സര്‍ക്കാര്‍ വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍കരിച്ചത് അഴിമതിക്കാണോ എന്നും അദ്ദേഹം ചോദിച്ചു.
സ്വകാര്യവല്കരണ തീരുമാനത്തില്‍ കേരളസര്‍ക്കാരിനും പങ്കെന്നും വി.മുരളീധരന് ആരോപിച്ചു. വിമാനത്താവള കരാറിനുവേണ്ടി പ്രത്യേക കമ്പനി വഴി സംസ്ഥാന സര്‍ക്കാരും ശ്രമിച്ചു. കേരളസര്‍ക്കാര്‍ അംഗീകരിച്ച വ്യവസ്ഥ അനുസരിച്ചാണ് അദാനിക്ക് ടെന്‍ഡര്‍ നല്‍കിയത്. കെ.എസ്.ഐ.ഡി.സി. ക്വോട്ട് ചെയ്ത തുക അദാനിയേക്കാള്‍ 19.64 ശതമാനം കുറവായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
Comments are closed.