Nature

കൊവിഡാനന്തര സുരക്ഷിതയാത്ര, അറ്റോയി ഇന്ത്യയിലെ ഔദ്യോഗിക ഏജന്‍സി

തിരുവനന്തപുരം: കൊവിഡ് കാലത്തിനു ശേഷമുള്ള സുരക്ഷിത യാത്രയെ പ്രോത്സാഹിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള ഇന്ത്യയിലെ ഔദ്യോഗിക ഏജന്‍സിയായി അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സിനെ (അറ്റോയി) തെരഞ്ഞെടുത്തു. വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സിലാണ് (ഡബ്ല്യൂടിടിസി)ഈ പ്രഖ്യാപനം നടത്തിയത്.

കൊവിഡ് കാലത്തിനുശേഷം ആഭ്യന്തര രാജ്യാന്തര യാത്രകള്‍ പുനരാരംഭിക്കുമ്പോള്‍ സുരക്ഷിത യാത്രാരീതികള്‍, മുന്‍കരുതലുകള്‍ തുടങ്ങിയവയെക്കുറിച്ച് പ്രചാരണം, ബോധവത്കരണം എന്നിവ നടത്തുകയാണ് ചെയ്യേണ്ടത്. അതു വഴി വിനോദസഞ്ചാരികള്‍ അടക്കമുള്ള യാത്രികരില്‍ ആത്മവിശ്വാസം വളര്‍ത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അറ്റോയി പ്രസിഡന്‍റ് സി എസ് വിനോദ് പറഞ്ഞു.

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡബ്ല്യൂടിടിസി വികസിപ്പിച്ചെടുത്ത സേഫ് ട്രാവല്‍ സ്റ്റാംപ് മാനദണ്ഡങ്ങള്‍ രാജ്യത്തെ ടൂറിസം പ്രവര്‍ത്തനങ്ങളില്‍ അറ്റോയി ഉറപ്പു വരുത്തും. ടൂറിസം രംഗത്തെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ പ്രോത്സാഹിപ്പിക്കുയും വാണിജ്യ ബന്ധങ്ങള്‍ക്ക് മുന്‍കയ്യെടുക്കുകയും ചെയ്യുന്ന സംഘടനയാണ് അറ്റോയി.

വിശ്വാസ്യതയോടെയുള്ള യാത്രകള്‍ പ്രോത്സാഹിപ്പിക്കുകയും അതോടൊപ്പം മാറിയ പരിതസ്ഥിതിയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നതാണ് സേഫ് ട്രാവല്‍ സ്റ്റാംപ്. ഇതു വഴി ഡബ്ല്യൂടിടിസിയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന രാജ്യങ്ങള്‍ക്ക് അംഗീകാരം നല്‍കുകയും ഇവിടേക്ക് പോകുന്ന യാത്രികര്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ടൂള്‍കിറ്റുകളും നല്‍കും. പരിധികളില്ലാത്ത യാത്രകള്‍ പ്രോത്സാഹിപ്പിക്കുകയും വിശ്വാസയോഗ്യവും സാര്‍ത്ഥകവുമായ അനുഭവം യാത്രികര്‍ക്ക് നല്‍കുകയും ചെയ്യുകയാണ് ഉദ്ദേശ്യം. ഇതു ടൂറിസം കൊണ്ട് ഉപജീവനം നടത്തുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്യും.

രാജ്യത്തെ ടൂറിസം പുരോഗതിയില്‍ നിര്‍ണായകമായ ചുവടുവയ്പായിരിക്കും ഈ സുരക്ഷാ മാനദണ്ഡങ്ങള്‍ എന്ന് അറ്റോയി വിലയിരുത്തുന്നു. ലോകമെമ്പാടുമുള്ള യാത്രികരില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതാകും ഈ മാനദണ്ഡങ്ങള്‍. കൊവിഡിനു മുമ്പുണ്ടായിരുന്ന യാത്രാനുഭവങ്ങളും അവധിക്കാല വിനോദങ്ങളും പോലെ തന്നെയാക്കാന്‍ സേഫ് ട്രാവല്‍ സ്റ്റാംപിനു കഴിയുമെന്ന് അറ്റോയി പ്രസിഡന്‍റ് പറഞ്ഞു.

സുരക്ഷാമാനദണ്ഡങ്ങള്‍ക്കുള്ള ഔദ്യോഗിക ഏജന്‍സിയായി പ്രഖ്യാപിച്ചതിലൂടെ ഡബ്ല്യൂടിടിസി വലിയ ഉത്തരവാദിത്തമാണ് അറ്റോയിക്ക് നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ വ്യവസ്ഥിതിയില്‍ സാര്‍ത്ഥകമായ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ഈ ഉത്തരവാദിത്തം നിറവേറ്റുന്നതിലൂടെ പരിശ്രമിക്കുമെന്നും സി എസ് വിനോദ് കൂട്ടിച്ചേര്‍ത്തു. ഉത്തരവാദ സഞ്ചാരങ്ങളും സുസ്ഥിര ടൂറിസം വികസനവും എന്ന വാണിജ്യ ആദര്‍ശം പാലിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ വ്യവസായ സംഘടനയാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറ്റോയി.

കൊവിഡ് മൂലം ലോകമെമ്പാടുമുള്ള ടൂറിസം രംഗം തകര്‍ന്ന സാഹചര്യത്തിലാണ് യാത്ര-ടൂറിസം മാനദണ്ഡങ്ങളില്‍ സാര്‍വലൗകികമായ നിയമങ്ങള്‍ കൊണ്ടു വരാന്‍ ഡബ്ല്യുടിടിസി പരിശ്രമിക്കുന്നത്. ഓരോ മേഖലയ്ക്കുമായി പ്രത്യേകമായ പുനരുജ്ജീവന പദ്ധതികളും ഈ സംഘടന വികസിപ്പിച്ചു വരുന്നു. വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍, ആരോഗ്യ വിദഗ്ധര്‍, വ്യവസായ കൂട്ടായ്മകള്‍ എന്നിവ വഴി ഈ രംഗത്തിന്‍റെ തിരിച്ചു വരവിനുള്ള ഫലപ്രദമായ മാനദണ്ഡങ്ങള്‍ ഡബ്ല്യൂടിടിസി രൂപീകരിച്ചു വരികയാണ്.

പതിനൊന്ന് വ്യവസായ വിഭാഗങ്ങള്‍ക്ക് വേണ്ടിയാണ് ഈ മാനദണ്ഡങ്ങള്‍ രൂപീകരിക്കുന്നത്. ഹോസ്പിറ്റാലിറ്റി, ആകര്‍ഷണം, പുറമെയുള്ള ചില്ലറ വില്‍പ്പന രംഗം, വ്യോമയാനം, വിമാനത്താവളങ്ങള്‍, ഹ്രസ്വകാല വാടക പദ്ധതികള്‍, ആഡംബര നൗകകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, കണ്‍വെന്‍ഷന്‍ സെന്‍ററുകള്‍, എംഐസിഇ, വാടക കാറുകള്‍, ഇന്‍ഷുറന്‍സ് എന്നിവയാണിത്.

ലോകാരോഗ്യ സംഘടന, അമേരിക്കന്‍ ഫെഡറല്‍ ഏജന്‍സിയുടെ സെന്‍റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ എന്നിവയുടെ മാര്‍ഗ്ഗരേഖകള്‍ക്കനുസരിച്ചാകും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഒരുക്കുന്നത്. ഇത് വര്‍ത്തമാനകാല അവസ്ഥകള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ക്ക് വിധേയമാകും. ട്രാവല്‍-ടൂറിസം മേഖലകളെ വീണ്ടും സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തമാക്കാനാണ് ആഗോള തലത്തില്‍ പൊതുമാനദണ്ഡങ്ങള്‍ നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് ഡബ്ല്യൂടിടിസി അറിയിച്ചു. സ്വകാര്യ മേഖലയെക്കൂടി ഈ പൊതുമാനദണ്ഡങ്ങള്‍ക്ക് കീഴിലാക്കാന്‍ ഇതു വഴി സാധിക്കും.

അറ്റോയിയുടെ വെബ്സൈറ്റായ http://attoi.org/safe-travels-stamp-india വഴി സേഫ് ട്രാവല്‍ സ്റ്റാംപിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.