Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിലെ തിരുവോണ മഹോത്സവം

തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിലെ മുഖ്യ ഉത്സവം ചിങ്ങമാസത്തിൽ അത്തം നാളിൽ കൊടിയേറി തിരുവോണം നാളിൽ ആറാട്ടോടുകൂടി അവസാനിക്കുന്ന തിരുവോണ മഹോത്സവമാണ്. ആദ്യകാലത്ത് കർക്കടകത്തിലെ തിരുവോണം മുതൽ ചിങ്ങത്തിലെ തിരുവോണം വരെ 28 ദിവസം ഉത്സവമുണ്ടായിരുന്നു. പിന്നീട് ചിങ്ങമാസത്തിലെ അത്തം കൊടിയേറിയുള്ള ഉത്സവമായി അത് ചുരുങ്ങി. ഉത്സവത്തോടനുബന്ധിച്ച് കൊടിയേറ്റത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ വിവിധ ശുദ്ധിക്രിയകൾ നടത്തുന്നുണ്ട്. അത്തം നാളിൽ ഒരു നിശ്ചിതമുഹൂർത്തത്തിൽ ഗരുഡാങ്കിതമായ ചെമ്പുകൊടിമരത്തിൽ കൊടിയുയർത്തുന്നതോടെ ഉത്സവം തുടങ്ങുന്നു.

തൃപ്പൂണിത്തുറയിൽ ഇതോടനുബന്ധിച്ച് നടത്തപ്പെടുന്ന പരിപാടിയാണ് ‘അത്തച്ചമയം’. ഇതിനുള്ള കൊടി കൊണ്ടുവരുന്നതും തൃക്കാക്കരയിൽ നിന്നാണ്. പണ്ടുകാലത്ത് കൊച്ചി മഹാരാജാവ് തൃപ്പൂണിത്തുറയിൽ നിന്ന് എല്ലാ അലങ്കാരങ്ങളോടും കൂടി എഴുന്നള്ളി തൃക്കാക്കരയിലെത്തി കൊടി വാങ്ങിപ്പോകുന്ന പതിവുണ്ടായിരുന്നു.

കൊടിയേറ്റം കഴിഞ്ഞുള്ള പത്തുദിവസം തൃക്കാക്കര താന്ത്രികച്ചടങ്ങുകൾക്കും കലാപരിപാടികൾക്കും വേദിയാകും. വിശേഷാൽ ശീവേലി (ശ്രീഭൂതബലി), ദശാവതാരച്ചാർത്ത്, പൂക്കളമിടൽ എന്നിവയാണ് ഇവയിൽ പ്രധാനം. ഉത്സവക്കാലത്ത് പത്തു ദിവസവും ക്ഷേത്രത്തിൽ ശ്രീഭൂതബലിയുണ്ടാകും. നിത്യശീവേലിയുടെ വിപുലീകരിച്ച രൂപമാണ് ശ്രീഭൂതബലി. രാവിലെയാണ് ഇത് നടത്തുക. ക്ഷേത്രത്തിലെ ദശാവതാരച്ചാർത്ത് വളരെ വിശേഷപ്പെട്ട ഒരു ചടങ്ങാണ്. പത്തു ദിവസങ്ങളിൽ വിഗ്രഹത്തിൽ ഭഗവാന്റെ പത്ത് അവതാരങ്ങളുടെ രൂപത്തിൽ ചന്ദനം ചാർത്തുന്നതാണ് ഈ ചടങ്ങ്. ഓരോ ദിവസവും മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നീ രൂപങ്ങളിൽ ഭഗവാന് ചന്ദനം ചാർത്തുന്നു. ഇവയിൽ അഞ്ചാം നാളിലെ വാമനദർശനം വളരെ പ്രധാനപ്പെട്ടതാണ്.

കൂടാതെ, അവസാന നാളിൽ കൽക്കിദർശനം കഴിഞ്ഞാൽ വാമനന്റെ മറ്റൊരു രൂപമായ ത്രിവിക്രമന്റെ രൂപത്തിലും ചന്ദനം ചാർത്തുന്നുണ്ട്. ക്ഷേത്രനടയിൽ പത്തുദിവസവും പൂക്കളമിടും. കൊടിമരച്ചുവട്ടിൽ പ്രത്യേകം സ്ഥലത്ത് ചാണകം മെഴുകി അതിന്മേൽ പല വർണ്ണങ്ങളിലുള്ള പൂക്കളിട്ടുകൊണ്ടാണ് ചടങ്ങ് നടത്തുന്നത്. ഓരോ ദിവസവും പൂക്കളത്തിന്റെ വലിപ്പം കൂട്ടിക്കൂട്ടിക്കൊണ്ടുവരും. തിരുവോണം നാളിൽ വലിയ പൂക്കളമായിരിയ്ക്കും ഉണ്ടാകുക. ശിവക്ഷേത്രനടയിലും ഈ ദിവസങ്ങളിൽ വിശേഷാൽ ചടങ്ങുകളുണ്ടാകും.

ഉത്സവനാളുകളിൽ ക്ഷേത്രത്തിൽ ധാരാളം കലാപരിപാടികളുമുണ്ടാകും. ചാക്യാർക്കൂത്ത്, കഥകളി, ഓട്ടൻ തുള്ളൽ, പാഠകം എന്നിവയാണ് അവയിൽ ഏറ്റവും പ്രധാനം. കൂടാതെ ശാസ്ത്രീയ സംഗീതം, നൃത്തനൃത്യങ്ങൾ, മിമിക്രി, കഥാപ്രസംഗം തുടങ്ങിയവയും നടത്താറുണ്ട്. ക്ഷേത്രപ്രദക്ഷിണവഴിയിൽ തെക്കു-കിഴക്കേമൂലയിലുള്ള സ്റ്റേജിലാണ് പരിപാടികൾ നടത്താറുള്ളത്.

പൂരാടം നാളിലാണ് ഉത്സവത്തിനിടയിലെ പ്രധാന ചടങ്ങുകളിലൊന്നായ ഉത്സവബലി നടത്തുന്നത്. നിത്യേന നടക്കുന്ന ശീവേലിയുടെയും ശ്രീഭൂതബലിയുടെയും വിസ്തരിച്ച രൂപമാണ് ഉത്സവബലി. മരപ്പാണി കൊട്ടിക്കൊണ്ടാണ് ഇത് നടത്തുന്നത്. ഉത്രാടം നാളിലെ പകൽപ്പൂരവും വിശേഷച്ചടങ്ങാണ്. പിറ്റേന്ന് നടക്കുന്ന വലിയ പൂരത്തിന്റെ ഒരു ചെറുപതിപ്പ് എന്ന രീതിയിലാണ് ഇത് നടത്തുന്നത്. ഒമ്പത് ഗജവീരന്മാരെ അണിനിരത്തിയുള്ള ഈ പരിപാടി വളരെ ശ്രദ്ധേയമാണ്. ഇതിനോടനുബന്ധിച്ച് തൃക്കാക്കരയപ്പന് തിരുമുൽക്കാഴ്ച സമർപ്പിക്കുന്ന ചടങ്ങ് വളരെ പ്രധാനമാണ്. അന്ന് രാത്രിയാണ് പള്ളിവേട്ട. ഭഗവാൻ ക്ഷേത്രത്തിന് സമീപമുള്ള പറമ്പിൽ പോയി ഒരു കിടങ്ങിൽ അമ്പെയ്ത് തീർക്കുന്നതാണ് ഈ ചടങ്ങ്. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭഗവാൻ തിരിച്ചെഴുന്നള്ളുന്നു. പള്ളിവേട്ട കഴിഞ്ഞ് ക്ഷീണിച്ച ഭഗവാൻ പിറ്റേന്ന് രാവിലെ വളരെ വൈകി ഉണരുന്നു. അന്നാണ് വാമനന്റെ ജന്മനാൾ കൂടിയായ തിരുവോണം.

രാവിലെ എല്ലാ താന്ത്രികച്ചടങ്ങുകൾക്കും ശേഷം മഹാബലിയെ ആനയിച്ചുകൊണ്ടുവരുന്ന ചടങ്ങ് നടത്തുന്നു. ശിവക്ഷേത്രനടയിലാണ് ഈ ചടങ്ങുകളെല്ലാം നടത്തുന്നത്. അന്ന് രാത്രിയാണ് ആറാട്ട്. ഭഗവാൻ ഒമ്പത് ആനകളുടെ അകമ്പടിയോടെ ക്ഷേത്രത്തിനും നഗരത്തിനും ചുറ്റും പ്രദക്ഷിണം വച്ച് രാത്രി ഒമ്പതുമണിയോടെ ക്ഷേത്രക്കുളത്തിലെത്തുന്നു. വിശേഷാൽ പഞ്ചവാദ്യത്തോടെയാണ് എഴുന്നള്ളത്ത്. പുരാണകഥകളിലെ രംഗങ്ങൾ കോർത്തിണക്കിയ നിശ്ചലദൃശ്യങ്ങൾ അകമ്പടിയായുണ്ടാകും. ആറാട്ടുകടവിലെത്തുന്നതോടെ വിഗ്രഹം ആറാട്ടുകടവിലേയ്ക്ക് ഇറക്കിവയ്ക്കുന്നു. തുടർന്ന് തന്ത്രി സകല തീർത്ഥങ്ങളെയും ക്ഷേത്രക്കുളത്തിലേയ്ക്ക് ആവാഹിയ്ക്കുന്നു. അതിനുശേഷം തന്ത്രിയും ശാന്തിക്കാരും വിഗ്രഹം കയ്യിലേന്തി മൂന്നുതവണ മുങ്ങിനിവരുന്നു. പിന്നീട് വിഗ്രഹത്തിൽ മഞ്ഞളും ഇളനീരും അഭിഷേകം ചെയ്തശേഷം വിഗ്രഹവുമായി വീണ്ടും മൂന്നുതവണ മുങ്ങിനിവരുന്നു. ഈ സമയം ഭഗവാന്റെ സാന്നിദ്ധ്യം കൊണ്ട് പവിത്രമായ കുളത്തിൽ നിരവധി ഭക്തരും മുങ്ങി നിവരുന്നു. തുടർന്ന് എല്ലാവരും വസ്ത്രം മാറി തിരിച്ചെഴുന്നള്ളത്ത് നടത്തുന്നു. വഴിയിലുള്ള ഭക്തർ ഭഗവാനെ നിറപറയും നിലവിളക്കും വച്ച് സ്വീകരിയ്ക്കുന്നു. തുടർന്ന് ക്ഷേത്രത്തിൽ മടങ്ങിയെത്തിയ ശേഷം ഏഴുതവണ ക്ഷേത്രത്തിനുചുറ്റും പ്രദക്ഷിണം വച്ച് കൊടിമരത്തിൽ നിന്ന് കൊടിയിറക്കുന്നു.

ഉത്സവത്തിന്റെ അവസാന ദിവസങ്ങളായ ഉത്രാടത്തിനും തിരുവോണത്തിനും ക്ഷേത്രത്തിലെത്തുന്നവർക്ക് വിഭവസമൃദ്ധമായ സദ്യ നൽകാറുണ്ട്. ക്ഷേത്രം വക ഓഡിറ്റോറിയത്തിലാണ് സദ്യ നടത്തുന്നത്. കള്ളവും ചതിയുമില്ലാതിരുന്ന ഒരു കാലത്തിന്റെ ഓർമ്മ പുതുക്കലായി ഈ ചടങ്ങ് ഇന്നും നിലനിൽക്കുന്നു.

You might also like

Comments are closed.