Times Kerala

അത്തപ്പൂക്കളം – ഒരുക്കേണ്ടത് എങ്ങനെ?

 
അത്തപ്പൂക്കളം – ഒരുക്കേണ്ടത് എങ്ങനെ?

ചിങ്ങമാസത്തിലെ അത്തം നാൾ മുതൽ തിരുവോണം വരെയുള്ള പത്തു ദിവസങ്ങളിൽ വീട്ടുമുറ്റത്ത് ഒരുക്കുന്ന പുഷ്പാലങ്കാരമാണ് അത്തപ്പൂക്കളം. തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാൻ വേണ്ടിയാണ് പൂക്കളം ഒരുക്കുന്നത്. തിരുവോണ ദിവസം തൃക്കാക്കരവരെ പോയി ദേവനെ പൂജിക്കാൻ എല്ലാ ജനങ്ങൾക്കും സാധിക്കാതെ വന്നപ്പോൾ, അവരവരുടെ മുറ്റത്ത് പൂക്കളം ഉണ്ടാക്കി അതിൽ തന്നെ പ്രതിഷ്ഠിച്ച് ആരാധിച്ചുകൊള്ളുവാൻ തൃക്കാക്കരയപ്പൻ അനുവദിച്ചു എന്നാണ് ഐതിഹ്യം.

അത്തപ്പൂക്കളമൊരുക്കുന്നതിൽ പ്രാദേശികമായ രീതിവ്യത്യാസങ്ങൾ ഉണ്ട്. ചിങ്ങത്തിലെ അത്തംനാൾ മുതലാണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളിൽ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് അലങ്കരിക്കുക. പിന്നീടുള്ള ദിവസങ്ങളിൽ വിവിധതരം പൂക്കൾ ഉപയോഗിക്കുന്നു. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാൾ മുതലാണ് ചെമ്പരത്തിപ്പൂവ് ‌ പൂക്കളത്തിൽ ഇട്ടു തുടങ്ങുന്നത്. ഉത്രാട നാളിലാണ്‌ പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്‌. മൂലം നാളീൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്. എന്നാൽ ചിലയിടങ്ങളിൽ ഒരു നിറത്തിലുള്ള പൂവിൽ തുടങ്ങി 10-ആം ദിവസം പത്തു നിറങ്ങളിലുള്ള പൂക്കൾകൊണ്ട് പൂക്കളം ഒരുക്കുന്നു. ചാണകം മെഴുകിയ വെറും നിലം കൂടാതെ, മണ്ണുകൊണ്ട് നിർമിച്ച ചാണകം മെഴുകിയ ചെറുമണ്ഡപവും പൂവിടുന്നതിന് ഉപയോഗിക്കുന്നുണ്ട്.അത്തപ്പൂക്കളം – ഒരുക്കേണ്ടത് എങ്ങനെ?

തിരുവോണനാളിലെ ചടങ്ങുകൾ

തിരുവോണ ദിവസം രാവിലെ കുളിച്ചു ശുദ്ധിയായി കോടിവസ്‌ത്രമണിഞ്ഞ്,‌ പൂക്കളത്തിൽ പലകയിട്ട് അരിമാവു പൂശി അതിന്റെ പുറത്ത് നാക്കിലയിട്ട് അരിമാവു പൂശുന്നു. മണ്ണുകൊണ്ട് തൃക്കാക്കരയപ്പന്റെ വിഗ്രഹങ്ങൾ നിർമിച്ച് ഇലയിൽ പ്രതിഷ്ഠിക്കും. തിരുവോണ നാളിൽ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണിത്‌. കളിമണ്ണിലാണ്‌ രൂപങ്ങൾ ഉണ്ടാക്കുന്നത്. രണ്ടുദിവസം ഇവ വെയിലത്ത് ഉണക്കിയെടുക്കും. വിഗ്രഹങ്ങൾ പൂക്കൾ കൊണ്ട് അലങ്കരിക്കുകയും പാലട, പഴം, ശർക്കര തുടങ്ങിയവ നിവേദിക്കുകയും ചെയ്യുന്നു. മറ്റു പൂജകൾ പോലെതന്നെ തൂശനിലയിൽ ദർഭപുല്ല് വിരിച്ച് തൃക്കാക്കരയപ്പനെ സങ്കല്പിച്ച് ഇരുത്തുന്നു. ചതയം വരെ ദിവസത്തിൽ മൂന്നു നേരവും പൂജയുണ്ടായിരിക്കും. കുടുംബത്തിലെ കാരണവരാണ് പൂജ നടത്തുന്നത്. ഓണം കാണാൻ എഴുന്നള്ളുന്ന തൃക്കാക്കരയപ്പനെ ആർപ്പുവിളിച്ചും കുരവയിട്ടും ആണ് സ്വീകരിക്കുന്നത്. ചതയം കഴിഞ്ഞ് ഏതെങ്കിലും നല്ല ദിവസം നോക്കി പ്രതിഷ്ഠ ഇളക്കും.

ചില സ്ഥലങ്ങളിൽ മൂലം നക്ഷത്രത്തിലാണ് പ്രതിഷ്ഠ നടത്തുന്നത്. കളം ഒരുക്കി അതിൽ രണ്ടു പലക നിരത്തുന്നു. ആദ്യദിവസം 5-ഉം രണ്ടാം ദിവസം 7-ഉം മൂന്നാം ദിവസം 9-ഉം തിരുവോണ ദിവസം മഹാബലിയെക്കൂടി ഉൾപ്പെടുത്തി 21-ഉം വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് പൂജിക്കുന്നു.

Related Topics

Share this story