Times Kerala

ഓണവും തൃക്കാക്കര വാമനമൂർത്തി ക്ഷേത്രവും

 
ഓണവും തൃക്കാക്കര വാമനമൂർത്തി ക്ഷേത്രവും

ഭാരതത്തിൽ വാമന പ്രതിഷ്ഠയുള്ള വളരെ ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം. കേരളത്തിലെ എറണാകുളം ജില്ലയിലെ തൃക്കാക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വാമനനോടൊപ്പം ശിവനും ഇവിടെ പ്രത്യേകം ക്ഷേത്രത്തിൽ വാഴുന്നുണ്ട്. ചരിത്രപ്രാധാന്യമുള്ള ചില താളിയോല ഗ്രന്ഥങ്ങൾ ഈ ക്ഷേത്രത്തിലുണ്ട്. ഇവിടത്തെ പ്രധാന ഉത്സവമാണ് ഓണം. ഓണസദ്യ ഈ ക്ഷേത്രത്തിൽ കെങ്കേമമായി നടത്തുന്നു. ജാതി-മത-ഭേദമന്യേ ആളുകൾ ഇവിടത്തെ ഓണസദ്യയിൽ പങ്കെടുക്കുന്നു. തമിഴ് വൈഷ്ണവഭക്തകവികളായ ആഴ്‌വാർമാർ പാടിപ്പുകഴ്ത്തിയ നൂറ്റെട്ട് ദിവ്യദേശങ്ങളിലൊന്നുകൂടിയാണ് തൃക്കാക്കര ക്ഷേത്രം.

‘തൃക്കാക്കര’ എന്ന സ്ഥലനാമം “തിരുകാൽക്കരൈ”യുടെ ചുരുക്കപേരാണ്. ക്ഷേത്ര നിർമ്മാണത്തോടെയാകണം തിരു(തൃ) വിശേഷണം സ്ഥലപേരിന്റെ മുന്നിൽ വന്നു ചേർന്നത്. കാൽകരൈ നാടിന്റെ ഭരണസഭ തൃക്കാക്കര ക്ഷേത്രത്തിലാണ് സമ്മേളിച്ചിരുന്നത്. ഭഗവാന്റെ പാദമുദ്ര പതിഞ്ഞ സ്ഥലമെന്നതിനാലാവാം തിരുകാൽക്കര എന്ന പേര് ലഭിച്ചതെന്നും പറയുന്നു.

അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ പേരക്കുട്ടി ആയിരുന്നു മഹാബലി. ധാരളം യജ്ഞങ്ങളും മറ്റും നടത്തി പുണ്യം നേടിയ മഹാബലി മികച്ച ഒരു ഭരണാധികാരി കൂടിയായിരുന്നു. എന്നാൽ, തന്റെ പുണ്യത്തിൽ അത്യധികം അഹങ്കരിച്ച അദ്ദേഹം ഇന്ദ്രലോകത്തെ ആക്രമിച്ചു. സ്ഥാനഭ്രഷ്ടരായ ദേവന്മാർ മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു. വിഷ്ണു വാമനനായി അവതരിച്ച് മഹാബലിയുടെ യാഗശാലയിലെത്തി മൂന്നടി മണ്ണിന് യാചിച്ചു. ആദ്യത്തെ അടികൊണ്ട് ആകാശവും രണ്ടാമത്തെ അടികൊണ്ട് ഭൂമിയും അളന്ന ഭഗവാൻ അവസാനത്തെ അടിയ്ക്കായി സ്ഥലം കണ്ടെത്താൻ വിഷമിച്ചപ്പോൾ മഹാബലി തന്റെ തല തന്നെ കാണിച്ചുകൊടുത്തു. ഭഗവാൻ തന്റെ മൂന്നാമത്തെ അടികൊണ്ട് മഹാബലിയെ അനുഗ്രഹിച്ച് അദ്ദേഹത്തെ സുതലം എന്ന ലോകത്തിന്റെ അധിപനാക്കി. അടുത്ത മന്വന്തരത്തിൽ ഇന്ദ്രപദവിയും നൽകി. എല്ലാ വർഷവും ചിങ്ങമാസത്തിലെ തിരുവോണം നാളിൽ തന്റെ പ്രജകളെ കാണാനുള്ള അനുവാദവും ഭഗവാൻ മഹാബലിയ്ക്ക് നൽകി.

പിന്നീട്, ഈ സ്ഥലത്തിന്റെ മാഹാത്മ്യം കേട്ടറിഞ്ഞ കപിലമഹർഷി മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താനായി കഠിനതപസ്സ് ചെയ്യാൻ ഇവിടെയെത്തി. ഏറെനാൾ നീണ്ടുനിന്ന കഠിനതപസ്സിനൊടുവിൽ ഭഗവാൻ അദ്ദേഹത്തിന് ദർശനം നൽകി. മഹർഷിയുടെ ആഗ്രഹപ്രകാരം ഭഗവാൻ ഇവിടെത്തന്നെ നിത്യവാസം കൊള്ളാൻ തീരുമാനിച്ചു. വാമനാവതാരത്തിൽ ഭഗവാന്റെ പാദം വന്നുപതിച്ച സ്ഥലം എന്ന അർത്ഥത്തിലാണ് ‘തിരുക്കാൽക്കര’ എന്ന പേര് ഈ സ്ഥലത്തിന് വന്നത്.

ശ്രീ തൃക്കാക്കരയപ്പൻ (വാമനമൂർത്തി) ആണ് തൃക്കാക്കര ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനൻ പ്രധാന പ്രതിഷ്ഠയായി വരുന്ന രാജ്യത്തെ അപൂർവ്വം ക്ഷേത്രങ്ങളിലൊന്നായ ഇവിടെ മഹാബലിയ്ക്ക് മൂന്നടി മണ്ണ് ദാനം ചെയ്ത് അദ്ദേഹത്തെ അനുഗ്രഹിയ്ക്കുന്ന ഭാവമാണ് ഭഗവാന്. നാലടിയോളം ഉയരമുള്ള ശിലാവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായാണ് തൃക്കാക്കരയപ്പൻ കുടികൊള്ളുന്നത്. വാമനഭാവമാണെങ്കിലും വിഗ്രഹം ചതുർബാഹുവായ വിഷ്ണുവിന്റേതാണ്. ഭഗവാന് പാൽപ്പായസം, അപ്പം, അട, ഉദയാസ്തമനപൂജ, കളഭാഭിഷേകം, തുളസിമാല തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ.

Related Topics

Share this story