Times Kerala

കേരളത്തിലെ ഓണം – ഐതീഹ്യം

 
കേരളത്തിലെ ഓണം – ഐതീഹ്യം

മലയാളികളുടെ സംസ്ഥാനോൽസവമാണ് ഓണം. ഗ്രിഗോറിയൻ കലണ്ടറിൽ ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിലും മലയാളം കലണ്ടറിൽ ചിങ്ങ മാസത്തിലുമാണ് ഓണം വരുന്നത്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതി-മത-ഭേദമന്യേ ഓണം ആഘോഷിക്കുന്നു. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ആത്യന്തികമായി ഒരു വിളവെടുപ്പ് അഥവാ വ്യാപാരോത്സവമായാണ് ഓണം ആഘോഷിക്കപ്പെടുന്നത്.

ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ്‌ ഓണത്തപ്പന്റെ ആസ്ഥാനം. എന്നാൽ അവിടെ മഹാബലിക്കു പകരം വാമനനെയാണ് ആരാധിക്കുന്നത്. മഹാബലിയെ വാമനൻ പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തിയെന്നാണല്ലോ ചരിത്രം.

മഹാബലിയുടെ ഭരണകാലത്ത് മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. എങ്ങും എല്ലാവർക്കും സമൃദ്ധിയായിരുന്നു. മഹാബലിയുടെ ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിന്റെ സഹായം തേടി. മഹാബലി ‘വിശ്വജിത്ത്‌’ എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു. മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാൻ വാമനന്‌ അനുവാദം നൽകി. ആകാശം മുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടി കൊണ്ട് സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെ വന്നപ്പോൾ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചുകൊടുത്തു. വാമനൻ തന്റെ പാദം കൊണ്ട് മഹാബലിയെ പാതാളത്തിലേക്ക് ചവുട്ടി താഴ്ത്തി. വർഷത്തിലൊരിക്കൽ ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന്‌ അനുവാദവും വാമനൻ മഹാബലിക്കു നൽകി. അങ്ങനെ ഓരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ് ജനങ്ങൾ വിശ്വാസിച്ചു പോരുന്നത്.

കാലവര്‍ഷം കഴിഞ്ഞു മാനം തെളിഞ്ഞു കഴിയുമ്പോള്‍ ആയിരുന്നു പണ്ടു കാലത്ത്‌ കേരളത്തിലേക്ക് വിദേശ കപ്പലുകള്‍ സുഗന്ധ ദ്രവ്യങ്ങളുടെ വ്യാപാരത്തിനായി വന്നുകൊണ്ടിരുന്നത് അങ്ങിനെയാണ് സ്വര്‍ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിന്‍ ചിങ്ങമാസം എന്നും ഓണത്തെ പൊന്നോണം എന്നും വിളിക്കാന്‍ തുടങ്ങിയത്‌ എന്ന് ഗ്രന്ഥങ്ങളില്‍ പറയുന്നു. കേരളത്തിൽ ഓണം തമിഴ്‌നാട്ടിൽ നിന്നും സംക്രമിച്ചതാണെന്നാണ് വിദഗ്ദ്ധമതം. എല്ലായിടത്തും അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാർഹികോത്സവമായി മാറി.

Related Topics

Share this story