Times Kerala

എം.ആര്‍.എഫ്; കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കി

 
എം.ആര്‍.എഫ്; കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കി

കോട്ടയം: ഇന്‍സ്റ്റിറ്റ്യൂഷണല്‍ കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിക്കപ്പെട്ട കോട്ടയം വടവാതൂരിലെ എം.ആര്‍.എഫ് ടയേഴ്സില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജാഗ്രതാ മുന്‍കരുതലുകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കി. സംസ്ഥാന ആരോഗ്യ വകുപ്പ് ഈ സ്ഥാപനത്തിനായി പുറപ്പെടുവിച്ച പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമാണ് നടപടികള്‍ പുരോഗമിക്കുന്നത്.

പത്തില്‍ അധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സ്ഥാപനങ്ങളെയാണ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്ലസ്റ്ററുകളായി കണക്കാക്കുന്നത്. രണ്ടായിരത്തോളം ജീവനക്കാരുള്ള ഫാക്ടറിയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കും രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും ആരോഗ്യ വകുപ്പ് കോവിഡ് പരിശോധന നടത്തിവരികയാണ്. ഇവര്‍ക്കെല്ലാം ക്വാറന്റയിന്‍ നിര്‍ദേശിച്ചിട്ടുമുണ്ട്.

മറ്റു ജീവനക്കാര്‍ക്ക് കമ്പനിയുടെ ചിലവില്‍ പരിശോധന നടത്തുന്നതിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. സ്ഥാപനം പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യം നിലവിലില്ലെന്നും പരിശോധനയില്‍ രോഗമില്ലെന്ന് സ്ഥിരീകരിക്കുന്നവരില്‍ അവശ്യം വേണ്ട ജീവനക്കാരെ നിയോഗിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശപ്രകാരം അണുനശീകരണം നടത്തി പ്രവര്‍ത്തിക്കാമെന്നും ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.

രോഗം സ്ഥിരീകരിക്കുന്ന ജീവനക്കാര്‍ക്കായി പ്രാഥമിക ചികിത്സാ കേന്ദ്രവും വീടുകളില്‍ ക്വാറന്റയിന്‍ സൗകര്യമില്ലാത്തവര്‍ക്കായി ക്വാറന്റയിന്‍ കേന്ദ്രവും ഒരുക്കുന്നതിന് കളക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ കമ്പനി പ്രതിനിധികള്‍ സന്നദ്ധത അറിയിച്ചു.

Related Topics

Share this story