Times Kerala

പുല്ലങ്കോട് റബര്‍ എസ്റ്റേറ്റില്‍ മൂന്ന് കടുവകളെ വെടിവച്ച് കൊന്ന് കുഴിച്ചിട്ട; ഗുരുതര ആരോപണങ്ങളുമായി യുവാവ്

 
പുല്ലങ്കോട് റബര്‍ എസ്റ്റേറ്റില്‍ മൂന്ന് കടുവകളെ വെടിവച്ച് കൊന്ന് കുഴിച്ചിട്ട; ഗുരുതര ആരോപണങ്ങളുമായി യുവാവ്

മലപ്പുറം: നിലമ്പൂര്‍ പുല്ലങ്കോട് റബര്‍ എസ്റ്റേറ്റില്‍ കടുവകളെ വെടിവച്ച് കൊന്ന് കുഴിച്ചിട്ടതായി ആരോപണം. എസ്‌റ്റേറ്റിലെ ജീവനക്കാരന്‍ സഫീറാണ് ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. എസ്റ്റേറ്റിലെ മാനേജ്മെന്‍റിന്‍റെ സഹായത്തോടെയാണ് നായാട്ടുകാര്‍ മൂന്നു കടുവകളെ കൊന്ന് കുഴിച്ചിട്ടെന്നാണ് സഫീർ പറയുന്നത്. രണ്ടരകൊല്ലം മുമ്പാണ് കടുവകളെ കൊന്നത്. നാലു കടുവകളെ വെടിവച്ചെങ്കിലും മൂന്നെണ്ണം ചത്തു.

തുടർന്ന് സമീപത്തെ രണ്ടു പേരുടെ സഹായത്തോടെ മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് ചത്ത മൂന്നു കടുവകളേയും എസ്റ്റേറ്റില്‍ തന്നെ കുഴിച്ചിട്ടു. ഭക്ഷണത്തിനു വേണ്ടി എസ്റ്റേറ്റില്‍ നായാട്ടുകാര്‍ സ്ഥിരമായി മൃഗവേട്ട നടത്താറുണ്ട്. ഇതിനിടയിലാണ് കടുവകള്‍ ആക്രമിക്കുമെന്ന് ഭയന്ന് വെടിവച്ച് കൊന്നതെന്നും സഫീർ പറയുന്നു.

ഇക്കാര്യം വനം വകുപ്പുദ്യോഗസ്ഥരെ അറിയിക്കുകയും കാളികാവ് ഫോറസ്റ്റ് ഓഫിസർക്ക് കടുവയുടെ പല്ലുകൾ അയച്ചുകൊടുക്കുകയും ചെയ്തു. എന്നാല്‍ പരാതി നല്‍കിയ തന്നെ കമ്പനിയിൽ നിന്നും പുറത്താക്കുകയായിരുന്നുവെന്ന് സഫീര്‍ പറയുന്നു. കൊന്ന കടുവയുടെ നഖങ്ങള്‍ തെളിവിനായി സൂക്ഷിച്ചിരിക്കുകയാണെന്നും സഫീര്‍ പറഞ്ഞു.

അതേസമയം, ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയിരുന്നുവെന്നും തെളിവ് കിട്ടിയില്ലെന്നുമാണ് വനം വകുപ്പിന്‍റെ വിശദീകരണം. മാനേജ്മെന്‍റ് അറിഞ്ഞ് ഇത്തരത്തിലൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് എസ്റ്റേറ്റ് മാനേജ്മെന്‍റും അറിയിച്ചു.

Related Topics

Share this story