ന്യൂഡൽഹി: ഫേസ്ബുക്ക് വിവാദത്തിൽ പുതിയ ആരോപണം ഉന്നയിച്ച് കോൺഗ്രസ്. രാജ്യത്തെ മാധ്യമ സ്ഥാപനങ്ങളിൽ പലർക്കും ഫേസ്ബുക്ക് ഫണ്ടിംഗ് നൽകിയിട്ടുണ്ട്. ഏതൊക്കെ മാധ്യമ സ്ഥാപനങ്ങൾക്കാണ് പണം നൽകിയതെന്ന് വെളിപ്പെടുത്താൻ ഫേസ്ബുക്ക് തയാറാകണമെന്നും കോൺഗ്രസ് നേതാവും എംപിയുമായ മനീഷ് തിവാരി ആവശ്യപ്പെട്ടു.
ബിജെപി നേതാക്കളുടെ വിദ്വേഷ പ്രചാരണങ്ങൾ വിലക്കിയില്ലെന്നും തെരഞ്ഞെടുപ്പു പ്രചാരണത്തിന് വേദിയാക്കി എന്നും ഫേസ്ബുക്കിനെതിരേ ആരോപണം നിലനിൽക്കെയാണ് കോൺഗ്രസ് പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യൻ വിപണിയിൽ നോട്ടമിട്ട് ഫേസ്ബുക്ക് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രചാരണങ്ങൾ വിലക്കിയില്ലെന്നാണ് വാൾസ്ട്രീറ്റ് ജേർണൽ നേരത്തേ റിപ്പോർട്ട് ചെയ്തത്. വിദ്വേഷ പ്രചാരണം നടത്തുന്ന അക്കൗണ്ടുകൾക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്താൻ ഫേസ്ബുക്ക് തീരുമാനിച്ചിരുന്നുവെങ്കിലും ബിജെപി, സംഘപരിവാർ പ്രവർത്തകരെ ഇതിൽനിന്ന് ഒഴിവാക്കി എന്നായിരുന്നു റിപ്പോർട്ട്.
Comments are closed.