Nature

സംസ്ഥാനത്ത് കോവിഡ് പരിശോധനക്ക് ഇനി പുതിയ മാനദണ്ഡങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പരിശോധനക്കുള്ള മാനദണ്ഡങ്ങളിൽ മാറ്റംവരുത്തി ആരോഗ്യവകുപ്പ്. കൊവിഡ് സമ്പർക്കവ്യാപനം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിലാണ് പരിശോധനാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നത്. ഇതനുസരിച്ചു, കൊവിഡ് ലക്ഷണങ്ങളിൽ ഏതെങ്കിലുമൊന്ന് പ്രകടമാകുന്ന രോഗികളിലും പരിശോധന നടത്താനാണ് തീരുമാനം.പരമാവധി പരിശോധന നടത്തി രോഗികളെ കണ്ടെത്താനാണ് ശ്രമം. ജലദോഷം പോലെ ചെറിയ ലക്ഷണം ഉള്ളവരെ അഞ്ച് ദിവസത്തിന് ശേഷം ആന്‍റിജൻ പരിശോധനക്ക് വിധേയരാക്കും. നേരത്തെ നേരിയ ലക്ഷണങ്ങളുള്ളവരോട് നിരീക്ഷണത്തിൽ പോകാനായിരുന്നു നിർദേശിച്ചിരുന്നത്. ശ്വാസംമുട്ടൽ അടക്കമുള്ള കടുത്ത ലക്ഷണങ്ങൾ പ്രകടമാകുന്നവരിൽ ഉടൻ തന്നെ സ്രവപരിശോധനയായ ആർടിപിസിആർ നടത്തണം. കണ്ടെയ്ൻമെന്‍റ് സോൺ പോലുള്ള നിയന്ത്രിത മേഖലകളിൽനിന്ന് എത്തുന്നവരെയും ആന്‍റിജൻ പരിശോധനക്ക് ഉടനെ വിധേയമാക്കും.രോഗലക്ഷങ്ങൾ ഒന്നുമില്ലാതെ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നതിലാണ് പരിശോധനാ സംവിധാനം ശക്തമാക്കുന്നത്. 60 വയസ്സിന് മുകളിലുള്ളവരും കുട്ടികളും രോഗലക്ഷണവുമായി ആശുപത്രിയിൽ എത്തിയാൽ ആന്‍റിജൻ പരിശോധന ചെയ്യാൻ നിർദേശമുണ്ട്. പരമാവധി പരിശോധന വേഗത്തിൽ നടത്താനും ആരോഗ്യ വകുപ്പിന്‍റെ പുതിയ മാനദണ്ഡങ്ങളിൽ പ്രതിപാദിക്കുന്നു.

പുതുക്കിയ നിർദ്ദേശങ്ങൾ ഇങ്ങനെ…

മിതമായ അധ്വാനത്തിലുണ്ടാകുന്ന ശ്വാസതടസം വളരെ പ്രധാനം

സംസ്ഥാനത്ത് പരിഷ്‌ക്കരിച്ച കോവിഡ് ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. രോഗബാധിതര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും സഹായകരമായ രീതിയിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത്. കോവിഡിന്റെ മൂന്നാം ഘട്ടത്തില്‍ രോഗബാധിതരുടെ എണ്ണം ഉയര്‍ന്നെങ്കിലും ചികിത്സയിലും രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലും കേരളം ബഹുദൂരം മുന്നിലാണ്. മരണ നിരക്ക് പരമാവധി കുറയ്ക്കാന്‍ സംസ്ഥാനത്തിനായെന്നും മന്ത്രി വ്യക്തമാക്കി.

പുതിയ ചികിത്സാ മാര്‍ഗനിര്‍ദേശങ്ങളുടെ പ്രത്യേകതകള്‍

അധ്വാനിക്കുമ്പോഴോ അല്ലെങ്കില്‍ സാധാരണ നടക്കുമ്പോഴോക്കെ പ്രത്യേകിച്ചും കോവിഡ് ബാധിതര്‍ക്ക് സംഭാവിക്കാവുന്ന ശ്വാസതടസം അഥവാ എക്‌സെര്‍ഷണല്‍ ഡിസ്പനിയ എന്ന രോഗ ലക്ഷണം അടിസ്ഥാനമാക്കിയാണ് ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌ക്കരിച്ചത്. എക്‌സെര്‍ഷണല്‍ ഡിസ്പനിയ അടിസ്ഥാനമാക്കി ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍ ആദ്യമായി നിശ്ചയിച്ച സംസ്ഥാനം കൂടിയാണ് കേരളം. കേരളത്തിലെ കോവിഡ് ബാധിതരുടെ മരണനിരക്ക് ഗണ്യമായി കുറച്ചതില്‍ എക്‌സെര്‍ഷണല്‍ ഡിസ്പനിയുടെ നിരീക്ഷണത്തില്‍ ഒരു പ്രധാന പങ്കുണ്ട്. വിശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന ശ്വാസതടസം അഥവാ റെസ്റ്റിങ്ങ് ഡിസ്‌നിയ മാറി മിതമായ അധ്വാനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്ന ശ്വാസതടസം അഥവാ എക്‌സെര്‍ഷണല്‍ ഡിസ്പനിയ അടിസ്ഥാനമാക്കിയാണ് പരിഷ്‌കരിച്ച കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കിയത്.

കോവിഡ് ബാധിതരെ രോഗലക്ഷണമനുസരിച്ച് എ, ബി, സി എന്നിങ്ങനെ തരം തിരിക്കുന്നത് പുറമേ ലഘു, മിതം, തീവ്രം എന്നിവ നിശ്ചയിച്ചതിലൂടെ കൃത്യമായി ചികിത്സ ലഭ്യമാക്കുന്നതിന് പരിഷ്‌ക്കരിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ സഹായിക്കുന്നു. ഇതടിസ്ഥാനമാക്കി എ, ബി കാറ്റഗറിയിലുള്‍പ്പെടുന്നവരെ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്കും സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവരെ വിദഗ്ദ്ധ ചികിത്സക്കായി കോവിഡ് ആശുപത്രികളിലും പ്രവേശിപ്പിക്കുന്നതായിരിക്കും. സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവര്‍ക്കുണ്ടാകുന്ന ഗുരുതരാവസ്ഥ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ഉടനടി തീവ്രപരിചരണ ചികിത്സ ആരംഭിച്ച് രോഗികളെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ സാധിക്കുന്നു.

രോഗിയുടെ കൂടെ കൂട്ടിരിപ്പുകാര്‍ ആരും തന്നെ ആശുപത്രിയില്‍ ഇല്ലാത്ത പ്രത്യേക സാഹചര്യത്തില്‍ പോലും അടിയന്തര ചികിത്സ മുടക്കം വരാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. ക്രിട്ടിക്കല്‍ കെയറുമായി ബന്ധപ്പെട്ട് നേരിട്ടുള്ള കന്‍സൈന്റ് പലപ്പോഴും ലഭ്യമാകാത്ത ഘട്ടങ്ങളില്‍ പോലും ഫോണ്‍ വഴി ബന്ധുക്കളുടെ സമ്മതം സ്വീകരിച്ചും ചികിത്സകള്‍ നടത്താവുന്നതാണ്.

ഹോം കെയര്‍ ഐസൊലേഷന്‍

ജീവിതശൈലീ രോഗങ്ങളോ മറ്റ് പ്രശ്‌നങ്ങളോ കോവിഡ് ലക്ഷണങ്ങളോ ഇല്ലാത്ത കോവിഡ് ബാധിതരെ സ്വഭവനങ്ങളില്‍ ഐസൊലേഷനില്‍ ചികിത്സിക്കാവുന്നതാണ്. ദിവസവും ടെലിഫോണിക് മോണിറ്ററിംഗ്, സ്വയം നിരീക്ഷിച്ച് രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യല്‍, ഫിങ്കര്‍ പള്‍സ് ഓക്‌സിമെട്രി റെക്കോര്‍ഡ് എന്നിവയാണ് ഹോം ഐസൊലേഷനില്‍ പ്രധാനം. ഇവര്‍ക്കാവശ്യമായ ഫിങ്കര്‍ പള്‍സ് ഓക്‌സിമെട്രി റെക്കോര്‍ഡ് നല്‍കുന്നതാണ്. ത്രിതല മോണിറ്ററിംഗ് സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജെ.പി.എച്ച്.എന്‍, ആശ വര്‍ക്കര്‍, വോളണ്ടിയര്‍ എന്നിവരാരെങ്കിലും നിശ്ചിത ദിവസങ്ങളില്‍ അവരെ സന്ദര്‍ശിച്ച് വിലയിരുത്തുന്നു. നിരീക്ഷണത്തിലുള്ളവര്‍ക്ക് തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുടെ നിരീക്ഷണവും ഉണ്ടായിരിക്കും. ലോകത്ത് തന്നെ ആദ്യമായാണ് വീട്ടില്‍ ചികിത്സയ്ക്കുള്ളവര്‍ക്ക് ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തുന്നത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.