Times Kerala

പ്രതിസന്ധിയിലും തലയുയര്‍ത്തി സമുദ്രോത്പന്നങ്ങള്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 12,89,651 ടണ്ണിന്‍റെ കയറ്റുമതി

 
പ്രതിസന്ധിയിലും തലയുയര്‍ത്തി സമുദ്രോത്പന്നങ്ങള്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 12,89,651 ടണ്ണിന്‍റെ കയറ്റുമതി

കൊച്ചി: കൊവിഡ്-19 ഉയര്‍ത്തിയ ഭീഷണി മറികടന്ന് ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷം മികച്ച നേട്ടം കൈവരിച്ചു.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ 46,662.85 കോടി രൂപ മൂല്യമുള്ള 12,89,651 ടണ്‍ സമുദ്രോത്പന്നമാണ് ഇന്ത്യയില്‍നിന്ന് കയറ്റുമതി ചെയ്തത്. 2018-19 സാമ്പത്തികവര്‍ഷത്തേക്കാള്‍ കയറ്റുമതിയുടെ അളവില്‍ കുറവു വന്നെങ്കിലും മൂല്യത്തില്‍ വര്‍ധനയുണ്ടായി. പ്രതിസന്ധിയ്ക്കിടയിലും ഇന്ത്യന്‍ സമുദ്രോത്പന്നങ്ങള്‍ക്ക് മൊത്തത്തില്‍ ഡിമാന്‍ഡുണ്ടായി എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അസാധാരണമായ പ്രതികൂല സാഹചര്യത്തില്‍പോലും 2019-20 സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതി വരുമാനം രൂപയില്‍ 0.16 ശതമാനത്തിന്‍റെ വളര്‍ച്ച കൈവരിച്ചു. എന്നാല്‍ അളവിലും ഡോളര്‍മൂല്യത്തിലും വളര്‍ച്ച കുറഞ്ഞു. കയറ്റുമതി അളവില്‍ 7.39 ശതമാനത്തിന്‍റെയും ഡോളര്‍ മൂല്യം 0.74 ശതമാനത്തിന്‍റെയും കുറവാണ് രേഖപ്പെടുത്തിയത്. 2018-19 ല്‍ 46,589.37 കോടി രൂപയുടെ 13,92,559 ടണ്‍ സമുദ്രോത്പന്നമാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.

ശീതീകരിച്ച ചെമ്മീന്‍ തന്നെയാണ് ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതിയില്‍ അളവിലും മൂല്യത്തിലും മുന്നിട്ടു നില്‍ക്കുന്നത്. ശീതീകരിച്ച മത്സ്യമാണ് രണ്ടാമത്തെ ഉത്പന്നം. അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്നങ്ങള്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത്.

കൊവിഡ് ആശങ്കയ്ക്കിടയിലെ പ്രധാന വിപണികളിലുണ്ടായ മോശം ഡിമാന്‍ഡ് മറികടന്നാണ് 12,89,651 ടണ്‍ സമുദ്രോത്പന്നം രാജ്യം കയറ്റുമതി ചെയ്തതെന്ന് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എം.പി.ഇ.ഡി.എ) ചെയര്‍മാന്‍ ശ്രീ കെ എസ് ശ്രീനിവാസ് പറഞ്ഞു. നിരവധി ഓര്‍ഡറുകള്‍ റദ്ദു ചെയ്യപ്പെട്ടു. പണം മുടങ്ങല്‍, ചരക്ക് നീക്കത്തിലെ താമസം, പുതിയ ഓര്‍ഡറുകള്‍ ലഭിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ തിരിച്ചടിയായി. പശ്ചിമ സമുദ്രതീരത്തെ മത്സ്യബന്ധന ദിനങ്ങളുടെ എണ്ണം കുറഞ്ഞതും സമുദ്രോത്പന്നങ്ങളുടെ ഇടിവിന് കാരണമായി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏഴു ബില്യണ്‍ യുഎസ് ഡോളറിന്‍റെ ലക്ഷ്യം ഇക്കുറി ചെറിയ വ്യത്യാസത്തിലാണെങ്കിലും നഷ്ടപ്പെട്ടുവെന്ന് എം.പി.ഇ.ഡി.എ ചെയര്‍മാന്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള ലോക്ഡൗണ്‍ അവസ്ഥ മാറി വരുന്ന സാഹചര്യത്തില്‍ സമുദ്രോത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറാനുള്ള സാധ്യതയാണുള്ളത്. ചില്ലറ വ്യാപാരസ്ഥാപനങ്ങളില്‍ മത്സ്യത്തിന് ആവശ്യക്കാരേറുന്നു. 2030 ആകുമ്പോഴേക്കും ഇന്ത്യന്‍ സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി ഒരു ലക്ഷം കോടി രൂപയിലെത്തിക്കാനാണ് എം.പി.ഇ.ഡി.എ വിഭാവനം ചെയ്യുന്നത്.

ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതിയില്‍ മുന്നിട്ടു നില്‍ക്കുന്ന ശീതീകരിച്ച ചെമ്മീന്‍ 34,152.03 കോടി രൂപ(4889.12 ദശലക്ഷം ഡോളര്‍) വരുമാനമാണ് നേടിത്തന്നത്. ആകെ കയറ്റുമതിയുടെ 50.58 ശതമാനവും ഡോളര്‍ വരുമാനത്തിന്‍റെ 73.21 ശതമാനവും ഈ ഇനത്തില്‍ നിന്നാണ്. 2018-19 നെ അപേക്ഷിച്ച് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ശീതീകരിച്ച ചെമ്മീനിന്‍റെ കയറ്റുമതി അളവില്‍ 6.04 ശതമാനവും ഡോളര്‍ മൂല്യത്തില്‍ 6.20 ശതമാനത്തിന്‍റെയും വളര്‍ച്ച രേഖപ്പെടുത്തി. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 6,52,253 ടണ്‍ ശീതീകരിച്ച ചെമ്മീനാണ് കയറ്റുമതി ചെയ്തത്.

അമേരിക്കയാണ് ഇന്ത്യയില്‍നിന്ന് ഏറ്റവുമധികം (2,85,904 ടണ്‍) ചെമ്മീന്‍ ഇറക്കുമതി ചെയ്തത്. ചൈന(1,45,710 ടണ്‍), യൂറോപ്യന്‍ യൂണിയന്‍(74,035 ടണ്‍), ജപ്പാന്‍(38,961 ടണ്‍), ദക്ഷിണ പൂര്‍വേഷ്യ(34,439 ടണ്‍) ഗള്‍ഫ്(32,645 ടണ്‍) എന്നിങ്ങനെയാണ് മറ്റ് പ്രധാന വിപണികളിലേക്കുള്ള ശീതീകരിച്ച ചെമ്മീനിന്‍റെ കയറ്റുമതി.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ വനാമി ചെമ്മീനിന്‍റെ കയറ്റുമതി 4,18,128 ടണ്ണില്‍നിന്ന് 5,12,189 ടണ്ണായി. ഇതില്‍ നിന്നു ലഭിച്ച ഡോളര്‍ വരുമാനത്തില്‍ ഏറ്റവുമധികം അമേരിക്കയില്‍ (51.07 ശതമാനം) നിന്നാണ്. ചൈന(21.81 ശതമാനം) യൂറോപ്യന്‍ യൂണിയന്‍(8.19 ശതമാനം) ദക്ഷിണ പൂര്‍വേഷ്യ(4.73 ശതമാനം) ജപ്പാന്‍(4.51 ശതമാനം) ഗള്‍ഫ്(3.66 ശതമാനം) എന്നിങ്ങനെയാണ് ഡോളര്‍ വരുമാന വിഹിതം. കാരച്ചെമ്മീനിന്‍റെ കാര്യത്തിലും അമേരിക്കയില്‍ നിന്നു തന്നെയാണ് പ്രധാനമായി ഡോളര്‍ വരുമാനം നേടിയത്. കാരച്ചെമ്മീനില്‍ നിന്നു ലഭിച്ച ആകെ ഡോളര്‍ വരുമാനത്തിന്‍റെ 36.88 ശതമാനവും അമേരിക്കയില്‍ നിന്നാണ്. ജപ്പാന്‍(31.55 ശതമാനം) യൂറോപ്യന്‍ യൂണിയന്‍(10.40 ശതമാനം) എന്നിങ്ങനെയാണ് മറ്റുള്ള വിപണികളുടെ വിഹിതം.

ശീതീകരിച്ച മത്സ്യം കയറ്റുമതി ചെയ്തതു വഴി 3,610.01 കോടി രൂപ(513.60 ദശലക്ഷം ഡോളര്‍) വരുമാനമാണ് ലഭിച്ചത്. ആകെ കയറ്റുമതി അളവിന്‍റെ 17.32 ശതമാനവും ഡോളര്‍ വരുമാനത്തിന്‍റെ 7.69 ശതമാനവും വരുമിത്. ശീതീകരിച്ച മത്സ്യത്തിന്‍റെ കയറ്റുമതി അളവില്‍ 34.11 ശതനമാനത്തിന്‍റെയും ഡോളര്‍ വരുമാനത്തില്‍ 26.53 ശതമാനത്തിന്‍റെയും കുറവ് 2018-19 മായി തട്ടിച്ചു നോക്കുമ്പോള്‍ രേഖപ്പെടുത്തി.

കണവ കയറ്റുമതിയുടെ അളവില്‍ 17.76 ശതനമാനത്തിന്‍റെ ഗണ്യമായ വര്‍ധനവ് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 70,906 ടണ്‍ ശീതീകരിച്ച കണവയാണ് കയറ്റുമതി ചെയ്തത്. കയറ്റുമതി അളവില്‍ 1.71 ശതമാനത്തിന്‍റെയും ഡോളര്‍ വരുമാനത്തില്‍ 1.45 ശതമാനത്തിന്‍റെയും വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കണവ കയറ്റുമതിയില്‍ നിന്നുള്ള ആകെ വരുമാനം 2,009.79 കോടി രൂപയാണ്(286.40 ദശലക്ഷം ഡോളര്‍). ശീതീകരിച്ച സമുദ്രോത്പന്നത്തിന്‍റെ കയറ്റുമതി അളവ് 23.22 ശതമാനം, രൂപ മൂല്യം 2.53 ശതമാനം, ഡോളര്‍ മൂല്യം 1.29 ശതമാനം എന്നിങ്ങനെയായി വര്‍ധിച്ചത് ഏറെ പ്രതീക്ഷ നല്‍കുന്നു.

എന്നാല്‍ ശീതീകരിച്ച കൂന്തല്‍, ഉണക്കമത്സ്യം എന്നിവയ്ക്ക് കുറവ് രേഖപ്പെടുത്തി. ജീവനുള്ള മത്സ്യത്തിന്‍റെ കയറ്റുമതി അളവില്‍ 28.41 ശതമാനത്തിന്‍റെ കുറവുണ്ടായെങ്കിലും ഉത്പന്നത്തിന്‍റെ മൂല്യം 5.49 ഡോളറില്‍ നിന്നും 6.37 ഡോളറായി കൂടി.

വിദേശ വിപണിയില്‍ മൂല്യാടിസ്ഥാനത്തില്‍ അമേരിക്ക തന്നെയാണ് ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം സമുദ്രോത്പന്നം ഇറക്കുമതി ചെയ്യുന്നത്. 3,05,178 ടണ്ണിന്‍റെ സമുദ്രോത്പന്നമാണ് അമേരിക്ക ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്തത്. ആകെ ഡോളര്‍ മൂല്യത്തിന്‍റെ 38.37 ശതമാനവും അമേരിക്കയില്‍ നിന്നാണ്. 2018-19 ല്‍ നിന്നും ഡോളര്‍ മൂല്യത്തില്‍ 8.25 ശതമാനത്തിന്‍റെയും രൂപ മൂല്യത്തില്‍ 10.38 ശതമാനവും വര്‍ധനവ് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തി. വനാമി ചെമ്മീനാണ് അമേരിക്കയിലേക്കുള്ള പ്രധാന കയറ്റുമതി ഉത്പന്നമെങ്കിലും കാരച്ചെമ്മീനിന്‍റെ കയറ്റുമതിയിലും(18.94 ശതമാനം) മൂല്യത്തിലും(19.02 ശതമാനം) വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലേക്കുള്ള കൊഞ്ചിന്‍റെ കയറ്റുമതി അളവില്‍ 36.69 ശതമാനത്തിന്‍റെയും ഡോളര്‍ മൂല്യത്തില്‍ 33.69 ശതമാനത്തിന്‍റെയും വളര്‍ച്ച രേഖപ്പെടുത്തി.

ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതിയുടെ അളവില്‍ ഏറ്റവും വലിയ വിപണിയായി മാറിയ ചൈന 3,29,479 ടണ്ണാണ് ഇറക്കുമതി ചെയ്തത്. ആകെ ഡോളര്‍ വരുമാനത്തിന്‍റെ 20.58 ശതമാനവും (1374.63 ദശലക്ഷം ഡോളര്‍) ചൈനയില്‍ നിന്നാണ്. ആകെ കയറ്റുമതി അളവിന്‍റെ 25.55 ശതമാനവും ചൈനയിലേക്കാണ്. ചൈനയിലേക്കുള്ള കയറ്റുമതി അളവില്‍ 46.10 ശതമാനത്തിന്‍റെയും ഡോളര്‍ മൂല്യത്തില്‍ 69.47 ശതമാനത്തിന്‍റെയും വര്‍ധനവ് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ശീതീകരിച്ച ചെമ്മീന്‍ അളവില്‍ 44,22 ശതമാനവും മൂല്യത്തില്‍ 62.65 ശതമാനവും വരും. ശീതീകരിച്ച മത്സ്യമാകട്ടെ കയറ്റുമതി അളവില്‍ 40.12 ശതമാനവും ഡോളര്‍ വരുമാനത്തില്‍ 62.65 ശതമാനവും വരും.

മൂന്നാമത്തെ പ്രധാന വിപണിയായി യൂറോപ്യന്‍ യൂണിയന്‍ തുടരുന്നുണ്ട്. ശീതീകരിച്ച ചെമ്മീന്‍ തന്നെയാണ് ഇവിടേയ്ക്കും പ്രധാന ഉത്പന്നം. കയറ്റുമതി അളവില്‍ 5.21 ശതമാനത്തിന്‍റെയും ഡോളര്‍ വരുമാനത്തില്‍ 1.63 ശതമാനത്തിന്‍റെയും വര്‍ധന ഈ വിപണി രേഖപ്പെടുത്തി.
നാലാമത്തെ വലിയ വിപണി ദക്ഷിണ പൂര്‍വേഷ്യയാണെങ്കിലും ഇവിടേക്കുള്ള കയറ്റുമതി അളവിലും വരുമാനത്തിലും വന്‍ ഇടിവ് രേഖപ്പെടുത്തി. കയറ്റുമതി അളവില്‍ 50.02 ശതമാനവും രൂപമൂല്യത്തില്‍ 53.32 ശതമാനവും ഡോളര്‍ വരുമാനത്തില്‍ 53.90 ശതമാനവുമാണ് ഇടിവ്.

അഞ്ചാമത്തെ പ്രധാന വിപണി ജപ്പാനാണ്. അവിടേയ്ക്കുള്ള കയറ്റുമതിയില്‍ 6.09 ശതമാനത്തിന്‍റെ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. രൂപ മൂല്യത്തിലെ വരുമാനം 0.02 ശതമാനവും വളര്‍ന്നിട്ടുണ്ട്. ശീതീകരിച്ച ചെമ്മീന്‍ തന്നെയാണ് ജപ്പാനിലേക്കുള്ള പ്രധാന കയറ്റുമതി. ഗള്‍ഫിലേക്കുള്ള കയറ്റുമതിയില്‍ രൂപ മൂല്യത്തില്‍ 5.04 ശതമാനവും ഡോളര്‍ വരുമാനത്തില്‍ 3.82 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷെ ഇവിടേയ്ക്കുള്ള കയറ്റുമതി അളവില്‍ 4.72 ശതമാനത്തിന്‍റെ കുറവും രേഖപ്പെടുത്തി.

Related Topics

Share this story