Nature

തുര്‍ക്കിയുടെ പ്രഥമ വനിത എമിനെ ഉര്‍ദുഗാനുമായി കൂടിക്കാഴ്ച നടത്തി ആമിര്‍ഖാന്‍

തുര്‍ക്കിയുടെ പ്രഥമ വനിതയും പ്രസിഡണ്ട് ഉര്‍ദുഗാന്‍റെ ഭാര്യയുമായ എമിനെ ഉര്‍ദുഗാനെ സന്ദര്‍ശിച്ച് ബോളിവുഡ് നടന്‍ ആമിര്‍ഖാന്‍. ഇസ്താംമ്പൂളിലെ പ്രസിഡണ്ടിന്‍റെ വസതിയിലാണ് ആമിര്‍ഖാന്‍ എമിനെ ഉര്‍ദുഗാനുമായി കൂടിക്കാഴ്ച്ച നടത്തിയത്. ആമിര്‍ഖാന്‍ മുന്നോട്ട് വെച്ച സാമൂഹ്യ പ്രതിബദ്ധത ഉയര്‍ത്തുന്ന പ്രൊജക്ടുകള്‍ സംബന്ധിച്ച് സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച്ച നടന്നതെന്നാണ് റിപ്പോർട്ട്.

ഇന്ത്യയില്‍ വരള്‍ച്ച അനുഭവിക്കുന്ന സംസ്ഥാനങ്ങളില്‍ ആമിര്‍ഖാന്‍റെ നേതൃത്വത്തില്‍ ജലസേചന പദ്ധതികള്‍ ആവിഷ്കരിച്ചിരുന്നു. എമിനെ ഉര്‍ദുഗാനും സാമൂഹിക മനുഷ്യാവകാശ തലത്തിലുള്ള പ്രൊജക്ടുകളുമായി മുന്നോട്ടു പോകുന്നതായും സിനിമയിലെയും പുറത്തെയും സാമൂഹിക ഇടപെടലുകളില്‍ തന്നെ അവര്‍ അഭിനന്ദിച്ചതായും ആമിര്‍ ഖാന്‍ പറഞ്ഞു.

ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗമ്പിന്‍റെ ഹിന്ദി റീമേക്കായ ലാല്‍ സിംഗ് ഛദ്ദയുടെ ചിത്രീകരണത്തിനായാണ് താരം കഴിഞ്ഞയാഴ്ച്ച തുര്‍ക്കിയിലെത്തിയത്. കോവിഡ് കാരണം ലാല്‍ സിംഗ് ഛദ്ദയുടെ ചിത്രീകരണം മുടങ്ങിയിരുന്നു. സിനിമയുടെ ചിത്രീകരണ സ്ഥലത്തേക്ക് എമിനെ ഉര്‍ദുഗാനെ ക്ഷണിച്ചുകൊണ്ടാണ് താരം കൂടിക്കാഴ്ച്ച അവസാനിപ്പിച്ചത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.