Times Kerala

റീബിൽഡ് കേരള: വീടിന്റെ തണലിൽ ഇനി നിരാലംബരായ 19 കുടുംബങ്ങളും

 
റീബിൽഡ് കേരള: വീടിന്റെ തണലിൽ ഇനി നിരാലംബരായ 19 കുടുംബങ്ങളും

തൃശ്ശൂർ: കൈവിട്ട് പോയെന്ന് കരുതിയ ജീവിതം തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് 2018 ലെ പ്രളയദുരന്തത്തിനിരയായ 19 കുടുംബങ്ങൾ. തൃശൂർ മേലൂർ പാലപ്പിളളിയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ റീബിൽഡ് കേരളയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോലും പട്ടയവും കൈമാറിയതോടെ പുതിയ ജീവിതമാണ് ഇവർ തിരികെ പിടിക്കുന്നത്. അതുവരെ സ്വരുകൂട്ടിയതെയല്ലാം പ്രളയജലം കൊണ്ട് പോയതോടെ നിരാലംബരായ, പുറമ്പോക്കിൽ കൂരകെട്ടികഴിഞ്ഞ 19 കുടുംബങ്ങളാണ് ഇനി മുതൽ അടച്ചുറപ്പുളള വീടിന്റെ തണലിൽ സ്വന്തം ഭൂമിയിൽ കഴിയുക.

ചാലക്കുടി പളളിയ്ക്കടുത്ത് പുറമ്പോക്കിൽ കഴിഞ്ഞിരുന്ന മണ്ടിക്കാൽ വീട്ടിൽ ബിനുവിനും ഭാര്യ ആതിരയ്ക്കും സ്വർഗ്ഗം കിട്ടിയ പ്രതീതിയാണ്. ഒരു വയസ്സുളള മകൻ എഡ്വിനുമൊത്ത് മന്ത്രിയിൽ നിന്ന് വീടിന്റെ താക്കോലും പട്ടയവും ഏറ്റ് വാങ്ങുമ്പോൾ ഇരുവരുടെയും കണ്ണ് നിറഞ്ഞു. കിടക്കാൻ സ്വന്തമായി ഒരിടം ലഭിച്ചതിന്റെ സന്തോഷാശ്രൂ. നെസ്‌ല കമ്പനിയിൽ ഡ്രൈവറായ ബിനുവും കുടുംബവും വീടൊലിച്ച് പോയതിനെ തുടർന്ന് 9 ദിവസമാണ് ക്യാമ്പിൽ കഴിഞ്ഞത്.

തിരിച്ചെത്തിയപ്പോൾ വീടിരിക്കുന്ന സ്ഥലത്ത് ചെളി മാത്രം. ടാർപായ വലിച്ചുകെട്ടിയും മറച്ചുവെച്ചുമായിരുന്നു താൽക്കാലിക താമസം. ദുരിതക്കയങ്ങൾ താണ്ടി ഒടുവിൽ സംസ്ഥാന സർക്കാറിന്റെ റിബീൽഡ് കേരളയിലൂടെ പുത്തൻ വീട് ലഭിച്ചതോടെ വലിയ ആശ്വാസത്തിലാണിവർ. സംസ്ഥാന സർക്കാറിനും വീട് നിർമ്മിക്കാൻ സഹായം നൽകിയ ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷനും നന്ദി പറയുകയാണിവർ.

ആളൂർ ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡുകാരി പുതുശ്ശേരി വീട്ടിൽ ആനികുട്ടിക്ക് 64-ാം വയസ്സിൽ പുതിയ വീട് ലഭിച്ചു. ഡ്രൈവറായ മകൻ സിജുമോൻ, ഭാര്യ ലിൻസി, രണ്ട് പേരകുട്ടികൾ എന്നിവരടങ്ങിയ കുടുംബത്തിന്റെ ആശ്രയമായ വീടാണ് 2018-ൽ പ്രളയം കവർന്നത്. ഒരു ചുമർ മാത്രമായിരുന്നു അവശേഷിച്ചത്. അയൽപക്കകാരുടെ കരുണയിലായിരുന്നു ഇത് വരെ ജീവിതം. ഇപ്പോൾ പുത്തൻ വീടു ലഭിച്ചതിന്റെ ആഹ്ലാദം ആനികുട്ടി മറച്ച് വച്ചില്ല.

ചാലക്കുടി പളളിക്ക് പുറകിലെ പുറമ്പോക്കിൽ കഴിഞ്ഞിരുന്ന ഓട്ടോ ഡ്രൈവർ ജെയ്‌സണിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ഭാര്യ ബിന്ദു, മക്കളായ റോഷൻ, റോസ്‌മോൾ എന്നിവരടങ്ങിയ കുടുംബത്തിന്റെ സർവ സമ്പാദ്യവും കുരയുമാണ് 2018 ലെ പ്രളയം കൊണ്ടുപോയത്. 20 ദിവസമാണവർ ദുരിതാശ്വാസക്യാമ്പിൽ കഴിഞ്ഞത്. പിന്നീട് വീടിരുന്നിടത്ത് തകരഷീറ്റും ടാർപ്പായും ചേർത്ത് മറച്ച് താൽക്കാലിക താമസസ്ഥലമൊരുക്കി.

മഴവരുമ്പോഴല്ലാം ആധിയേറുന്ന ജീവിതത്തിനാണിപ്പോൾ അറുതിയായതെന്നും ഇതിൽ സർക്കാരിനോട് വലിയ നന്ദിയുണ്ടെന്നും ജെയ്‌സൺ പറഞ്ഞു.ഇങ്ങനെ സ്വന്തമായി ഒരു വീടെന്നത് സ്വപ്നം പോലും കാണാൻ ശേഷിയില്ലാതിരുന്ന 19 കുടുംബങ്ങളാണ് റീബിൽഡ് കേരള പദ്ധതിയിലൂടെ പുതിയ വീടുകളിലേക്ക് താമസം മാറ്റുന്നത്. ദുരിതജീവിതം മറന്ന് അതിജീവനത്തിന്റെ പുതിയ ലോകം പടയത്തുയർത്താനുളള ഒരുക്കത്തിലാണവർ.

Related Topics

Share this story