Times Kerala

നിയമസഭ ടിവി ഉദ്‌ഘാടനം ചിങ്ങം ഒന്നിന്

 
നിയമസഭ ടിവി ഉദ്‌ഘാടനം ചിങ്ങം ഒന്നിന്

തിരുവനന്തപുരം: കേരള നിയമസഭയുടെ ആഭിമുഖ്യത്തിലുള്ള സഭ ടിവി ലോക്‌സഭാ സ്പീക്കർ ഓംബിർള 17ന് ഉച്ചയ്ക്ക് 12ന് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്പീക്കർക്കു പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കക്ഷി നേതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

നിയമസഭാ സാമാജികർ വെർച്വൽ അസംബ്‌ളിയിലൂടെ പങ്കെടുക്കും.ഇന്ത്യയിലെ നിയമസഭാ ചരിത്രത്തിലെ ശ്രദ്ധേയമായ കാൽവയ്പ്പാണ് സഭാ ടിവിയെന്ന് സ്പീക്കർ പറഞ്ഞു. വിവിധ ടിവി ചാനലുകളുടെ ടൈംസ്‌ളോട്ട് വാങ്ങിയാവും പരിപാടികൾ സംപ്രേഷണം ചെയ്യുക.

കേരള നിയമസഭയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന സഭയും സമൂഹവും ബില്ലിന്റെ രൂപീകരണത്തിലെ വിവിധ ഘട്ടങ്ങൾ വിശദമാക്കുന്ന കേരള ഡയലോഗ്, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രതിഭകളുമായുള്ള സംവാദം അടങ്ങുന്ന സെൻട്രൽ ഹാൾ, നിയമസഭാ മണ്ഡലങ്ങളുടെ പ്രത്യേകതകൾ, ചരിത്രപ്രാധാന്യം, വിവിധ രംഗങ്ങളിലെ മണ്ഡലത്തിന്റെ പുരോഗതി കൈകാര്യം ചെയ്യുന്ന നാട്ടുവഴി എന്നിങ്ങളെ നാലു വിഭാഗങ്ങളിലാണ് പരിപാടികൾ.

സഭാ ടിവിയുടെ ഓൺലൈൻ വിഭാഗത്തിന്റെ ഭാഗമായി ഒ.ടി.ടി പ്‌ളാറ്റ്‌ഫോമും തയ്യാറാക്കും. കലാമൂല്യമുള്ളതും പ്രദർശനാനുമതി നിഷേധിക്കപ്പെട്ടതുമായ സിനിമകൾ ഉൾപ്പെടെ വിവിധ കലാരൂപങ്ങൾ സഭയുടെ ഒ.ടി.ടി പ്‌ളാറ്റ്‌ഫോമിലൂടെ നൽകാനാവുമെന്ന് സ്പീക്കർ പറഞ്ഞു.

കേരള നിയമസഭ കടലാസ്‌രഹിതമാക്കാനുള്ള പ്രവർത്തനം അന്തിമഘട്ടത്തിലാണ്. അടുത്ത നിയമസഭാ സമ്മേളനത്തോടെ ഇത് പൂർണമാകും. ഭരണ, പ്രതിപക്ഷത്തുള്ള 20 എം. എൽ. എമാരെ ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത് ഒരു ടീം രൂപീകരിക്കും. ഇവർ പൂർണമായും കടലാസ്‌രഹിത നിയമഭയുടെ ഭാഗമായി പ്രവർത്തിക്കും. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും രണ്ട് എം. എൽ. എമാർക്ക് വീതം ബെസ്റ്റ് ഡിജിറ്റൽ ലെജിസ്‌ലേച്ചർ അവാർഡ് നൽകും.

പൊതുസമൂഹത്തിൽ ഡിജിറ്റൽ ഡിവൈഡ് കുറയ്ക്കാനായി മാതൃകാ പദ്ധതികൾ ആവിഷ്‌കരിക്കുകയും പോസിറ്റീവ് സോഷ്യൽ മീഡിയ മാനേജ്‌മെന്റിന് നേതൃത്വം നൽകുകയും ചെയ്യുന്ന തിരഞ്ഞെടുക്കപ്പെട്ട എം. എൽ. എമാർക്ക് ഡിജിറ്റൽ സിറ്റിസൺ ലീഡർഷിഷ് അവാർഡും നൽകും. നിയമസഭയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ്, സ്പീക്കർ എന്നിവരുടെ മണ്ഡലങ്ങളിൽ പ്രത്യേക മാതൃക പദ്ധതികൾ നടപ്പിലാക്കും.

2020ലെ കേരള ധനകാര്യ ബില്ലുകൾ പാസാക്കുന്നതിനായി 24ന് സഭ ചേരുമെന്ന് സ്പീക്കർ പറഞ്ഞു.

Related Topics

Share this story