Nature

ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങായി ക്ഷീരവികസന വകുപ്പ്; സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണം ചെയ്യും

ഇടുക്കി;  കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ക്ഷീരമേഖലയ്ക്ക് കൈതാങ്ങായി ക്ഷീരവികസന വകുപ്പ് പ്രത്യേക ധനസഹായ പദ്ധതി പ്രകാരം സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണം ചെയ്യും. ക്ഷീരവികസനവകുപ്പിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത ക്ഷീരസംഘങ്ങളില്‍ പാല്‍ അളന്ന ക്ഷീരകര്‍ഷകര്‍ക്ക് 50 കിലോയുള്ള ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 400 രൂപയാണ് സബ്സിഡി നല്‍കുന്നത്. ക്ഷീര കര്‍ഷകര്‍ സംഘത്തില്‍ അളന്ന പാലിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകരെ മൂന്ന് വിഭാഗങ്ങള്‍ ആയി തിരിച്ചാണ് ധനസഹായം നല്‍കുന്നത്. പ്രതിദിനം 10 ലിറ്റര്‍ വരെ പാല്‍ അളന്ന ക്ഷീരകര്‍ഷകര്‍ക്ക് (കാറ്റഗറി എ ) പരമാവധി 2 ചാക്കും , 11 മുതല്‍ 20 ലിറ്റര്‍ വരെ പാല്‍ അളന്നവര്‍ക്ക് (കാറ്റഗറി ബി ) പരമാവധി 3 ചാക്കും, 20 ലിറ്ററിനു മുകളില്‍ പാല്‍ അളന്നവര്‍ക്ക് (കാറ്റഗറി സി ) പരമാവധി 5 ചാക്കും ആണ് ഇപ്രകാരം സബ്സിഡി നിരക്കില്‍ നല്‍കാന്‍ കഴിയുന്നത്. ഇടുക്കി ജില്ലയില്‍ ‘ കാറ്റഗറി എ” യില്‍ 8220 കര്‍ഷകര്‍, ‘ കാറ്റഗറി ബി ‘ യില്‍ 2722 കര്‍ഷകര്‍, ‘ കാറ്റഗറി സി” യില്‍ 1649 കര്‍ഷകര്‍ എന്നിങ്ങനെ ആകെ 12,591 ക്ഷീരകര്‍ഷകര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇടുക്കി ജില്ലയില്‍ 21,658 ചാക്ക് കേരളാ ഫീഡ്സ് എലൈറ്റും , 2973 ചാക്ക് മില്‍മ ഗോള്‍ഡും ഉള്‍പ്പെടെ 24, 631 ചാക്ക് കാലിത്തീറ്റ നല്‍കാനാണ് ലക്ഷ്യമിടുന്നത്. 98.524 ലക്ഷം രൂപയാണ് സബ്‌സിഡി ആയി ഈയിനത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഈ പദ്ധതിയുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം 2020 ആഗസ്റ്റ് 17 (ചിങ്ങം 1 ) നു രാവിലെ 10 ന് ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ.കെ രാജു ഫേസ്ബുക്ക് ലൈവ് ആയി നിര്‍വഹിക്കും.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.