Nature

സര്‍ക്കാറിന്റെ സ്ഥാനം ജനമനസ്സില്‍: മന്ത്രി എ കെ ബാലന്‍

കണ്ണൂർ; ഈ സര്‍ക്കാരിന്റെ സ്ഥാനം ജനമനസ്സിലാണെന്നും സര്‍ക്കാറിനെതിരെയുള്ള ഒരു അവിശ്വാസവും ജനങ്ങള്‍ക്കിടയില്‍ വിലപോവില്ലെന്നും പട്ടിക ജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. തലശ്ശേരി നഗരസഭയുടെ എസ് സി ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഓണ്‍ലൈന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടര വര്‍ഷക്കാലം ജനോപകാരപ്രദമായ പദ്ധതികളുമായി മുന്നേറുമ്പോഴാണ് നിപയുടെയും പ്രളയത്തിന്റെയും ഇപ്പോള്‍ കോവിഡിന്റെയും രൂപത്തില്‍ പ്രതിസന്ധികള്‍ ഉണ്ടായത്. ആ സമയത്ത് പോലും പെന്‍ഷനും ഭക്ഷണ കിറ്റുമൊക്കെയായി സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നിന്നു. ഓണം വരാനിരിക്കെ ക്ഷേമ പെന്‍ഷനും ഭക്ഷ്യ കിറ്റുമൊക്കെയായി സര്‍ക്കാര്‍ ജനങ്ങളെ സഹായിക്കാന്‍ പ്രവര്‍ത്തിക്കുകയാണ്. സംസ്ഥാനത്തിന് തന്നെ ഭീഷണിയായി ഒരോ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ സര്‍ക്കാറിന് പിന്തുണയുമായി കൂടെ നില്‍ക്കേണ്ടത് പ്രതിപക്ഷത്തിന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വന്തമായി വീടില്ലാത്ത പട്ടികജാതി കുടുംബങ്ങള്‍ക്ക് സുരക്ഷിത ഭവനം എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ ഈ പദ്ധതി തയ്യാറാക്കിയത്.
36 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ 30 സെന്റ് സ്ഥലത്ത് 12 കുടുംബങ്ങള്‍ക്കാണ് വീടൊരുങ്ങുന്നത്. ഇതിന്റെ ഒന്നാം ഘട്ടമെന്ന നിലയില്‍ ഒരു യൂണിറ്റില്‍ ആറ് വീടുകള്‍ ഉള്‍പ്പെടുന്ന ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. 68 ലക്ഷം രൂപ ചെലവില്‍ 2019 -20 എസ് സി പി ഫണ്ട് ഉപയോഗിച്ചാണ് ഇതിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. രണ്ടുനില ഫ്‌ളാറ്റ് സമുച്ചയത്തില്‍ ഓരോന്നിലും 3 ഫ്‌ളാറ്റുകള്‍ വീതം ആകെ 6 ഫ്‌ളാറ്റുകളാണ് ഉള്ളത്. രണ്ട് ബെഡ്റൂം, ഹാള്‍, അടുക്കള, ബാത്ത്‌റൂം എന്നിവ അടങ്ങുന്നതാണ് ഓരോ ഫ്‌ളാറ്റും. പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ 2020 -21 വാര്‍ഷിക പദ്ധതിയില്‍ ബാക്കി ആറ് യൂണിറ്റ് നിര്‍മ്മിക്കുന്നതും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇല്ലത്ത്താഴെയ്ക്ക് സമീപം ഉക്കണ്ടന്‍ പീടികയ്ക്കടുത്താണ് ഫ്‌ളാറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.
പരിപാടിയില്‍ എ എന്‍ ഷംസീര്‍ എം എല്‍ എ അധ്യക്ഷനായി. നഗരസഭ അധ്യക്ഷന്‍ സി കെ രമേശന്‍, ഉപാധ്യക്ഷ നജ്മ ഹാഷിം, സ്ഥിരം സമിതി അധ്യക്ഷന്‍ കെ വിനയരാജ്, കൗണ്‍സിലര്‍മാര്‍ നഗര സഭ സെക്രട്ടറി കെ മനോഹരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.