Nature

ആധുനിക കാലത്തിനിണങ്ങുന്ന സംരംഭങ്ങള്‍ ഉയര്‍ന്നുവരേണ്ടത് അനിവാര്യം: മന്ത്രി ഇ പി

കണ്ണൂർ; കെസിസിപിഎല്‍ ഫ്യൂവല്‍സ് പാപ്പിനിശ്ശേരിയില്‍ പ്രവര്‍ത്തനം തുടങ്ങി. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കു സഹായകരമാകുന്ന സംരംഭങ്ങള്‍ ഉയര്‍ന്നു വരണമെന്നും, ആധുനിക കാലഘട്ടത്തിന്റെ സാങ്കേതിക വിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കണമെന്നും വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി കേരള ക്ലെയ്‌സ് ആന്‍ഡ് സിറാമിക് പ്രോഡക്റ്റ് ലിമിറ്റഡ് ആരംഭിച്ച പെട്രോള്‍ പമ്പിന്റെ ഉദ്ഘാടനം പാപ്പിനിശ്ശേരിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈന ക്ലെയിലെ തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളെ സംരക്ഷിക്കുന്നതിനായാണ് വൈവിധ്യവല്‍ക്കരണം നടപ്പിലാക്കി വരുന്നത്. ഇതിന്റെ ഭാഗമായി ആരംഭിച്ച പെട്രോള്‍ പമ്പ് വഴി തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് ജോലി ഉറപ്പ് വരുത്താന്‍ സാധിക്കുന്നുണ്ട്. കാലഘട്ടത്തിന് അനുയോജ്യമായ നല്ലൊരു സംരംഭമാണ് ആരംഭിച്ചിട്ടുള്ളത്. ജനങ്ങളുടെ സഹകരണത്തോടെ കാലഘട്ടത്തിന് അനുയോജ്യമായമായ ഇത്തരം വ്യവസായ സംരംഭങ്ങളാണ് ആരംഭിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ കഴിഞ്ഞ നാലു വര്‍ഷക്കാലം നല്ല പുരോഗതിയാണ് ഉണ്ടായത്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഒട്ടുമിക്ക പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലായിരുന്നു . എന്നാല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 42 പൊതുമേഖലാ വ്യവസായങ്ങളില്‍ എട്ട് എണ്ണം ഒഴികെ ബാക്കിയെല്ലാം നഷ്ടം നികത്തി പടിപടിയായി ലാഭത്തില്‍ എത്തിയിട്ടുണ്ട്. ഇതിനു പുറമേ കേരളത്തിന് ഏറെ സാധ്യതയുള്ളത് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളാണ്. ആ രംഗത്തെ കേരളത്തില്‍ ഇപ്പോള്‍ 1,37,000 യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ 67000 യൂണിറ്റുകള്‍ കഴിഞ്ഞ നാലു വര്‍ഷക്കാലം ഉണ്ടായതാണെന്നും മന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധത്തിനായി ജില്ലയില്‍ ആശുപത്രികള്‍ സജ്ജമാണ് .കൊവിഡ് ബാധിക്കുന്നവര്‍ക്ക് ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യങ്ങള്‍ എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. കണ്ണൂരിന്റെ ഐക്യമാണ് കൊവിഡ് പ്രതിരോധത്തിന് കരുത്ത് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വ്യാപനം തടഞ്ഞ് കണ്ണൂരിനെ കൊവിഡ് മുക്ത ജില്ല ആക്കാന്‍ ഓരോരുത്തരും സഹകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി പി സി എല്ലുമായി സഹകരിച്ചാണ് പെട്രോള്‍ പമ്പ് ആരംഭിച്ചത്. വ്യവസായ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലയിലെ ആദ്യത്തെ പെട്രോള്‍ പമ്പാണ് ഇത്. കേരള ക്ലെയ്സ് ആന്‍ഡ് സിറാമിക് പ്രോഡക്റ്റ്‌സ് ലിമിറ്റഡിന്റെ പാപ്പിനിശ്ശേരിയിലെ ഹെഡ് ഓഫീസിന് സമീപം നാല്പത് സെന്റ് സ്ഥലത്താണ് പമ്പ് സ്ഥാപിച്ചിട്ടുള്ളത്. ചുറ്റുമതില്‍ നിര്‍മാണം, ജനറേറ്റര്‍, അനുബന്ധ സൗകര്യങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ബി പി സി എല്ലാണ് മറ്റ് നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍വഹിച്ചത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ യൂണിറ്റിലൂടെ കമ്പനിയിലെ 20 തൊഴിലാളികള്‍ക്ക് ജോലി നല്‍കുവാന്‍ സാധിക്കും. സര്‍വീസ് ചാര്‍ജില്ലാതെ ഓയില്‍ മാറ്റാനുള്ള സൗകര്യവും ഫ്രീ എയര്‍ സൗകര്യവും ഇവിടെ ലഭ്യമാണ്. എ ടി എം സൗകര്യവും ഒരുക്കിയിട്ടുണ്ട്. പമ്പിനോടനുബന്ധിച്ച് മില്‍മ പാര്‍ലറും സ്ഥാപിക്കും.വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും നടത്തുന്നതിനുള്ള സ്റ്റാളുകള്‍ ആരംഭിക്കാനും ഉദ്ദേശമുണ്ട്. കമ്പനിയുടെ മങ്ങാട്ടുപറമ്പ, കരിന്തളം എന്നീ യൂണിറ്റുകളിലും ഓരോ പെട്രോള്‍ പമ്പ് തുടങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടന്ന ചടങ്ങില്‍ എം എല്‍ എമാരായ കെ എം ഷാജി, ടി വി രാജേഷ്, ജില്ലാ പഞ്ചായത്ത് അംഗം പി പി ഷാജിര്‍ ,പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ നാരായണന്‍, വാര്‍ഡ് മെമ്പര്‍ ടി പി സാബിറ, കെ സി സി പി എല്‍ ചെയര്‍മാന്‍ ടി കെ ഗോവിന്ദന്‍, കെ സി സി പി എല്‍ ഡയറക്ടര്‍ പി കെ ഹരിദാസ്, ബി പി സി എല്‍ ടെറിട്ടറി മാനേജര്‍ കെ മനോജ്, , മാനേജിങ് ഡയറക്ടര്‍ എസ് അശോക് കുമാര്‍, ജനറല്‍ മാനേജര്‍ എ ബാലകൃഷ്ണന്‍, കമ്പനിയിലെ ട്രേഡ് യൂണിയന്‍ നേതാക്കളായ ഐ വി ശിവരാമന്‍, എ മാധവന്‍, ഇ മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.