Nature

നൂറിലധികം കുടുംബങ്ങള്‍ക്ക് ആശ്വാസം : കായംകുളം കോളനി നിവാസികള്‍ക്ക് കുടിവെള്ളമെത്തി

മലപ്പുറം;  പരപ്പനങ്ങാടി നഗരസഭയിലെ ചെട്ടിപ്പടി കായംകുളം കോളനി നിവാസികള്‍ക്ക് ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ ശുദ്ധജലമെത്തി. പട്ടികജാതി-പട്ടിക വര്‍ഗ വികസന വകുപ്പില്‍ നിന്ന് 15 ലക്ഷം രൂപയും പരപ്പനങ്ങാടി നഗരസഭ അനുവദിച്ച ഒന്‍പത് ലക്ഷം രൂപയും വിനിയോഗിച്ചാണ് കായംകുളം  ഹരിജന്‍ കോളനിയിലെ നൂറോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കിയത്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ അരിയല്ലൂര്‍ വില്ലേജ് പരിധിയില്‍ തൊടുവില്‍ അബ്ദുള്ള ഹാജി സൗജന്യമായി വിട്ടു നല്‍കിയ രണ്ടര സെന്റ് സ്ഥലത്ത് കിണറും ടാങ്കും നിര്‍മിക്കുകയും പൈപ്പ് ലൈന്‍ സ്ഥാപിക്കുകയും ചെയ്താണ് കുടിവെള്ള പദ്ധതി നടപ്പാക്കിയത്.

പദ്ധതിയുടെ ഉദ്ഘാടനം പട്ടിക ജാതി-പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി എ.കെ ബാലന്‍ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിച്ചു. കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിന് നേതൃത്വം നല്‍കിയ നഗരസഭ കൗണ്‍സിലര്‍ ഇ.ടി സുബ്രഹ്മണ്യന്‍ ഗുണഭോക്താക്കള്‍ക്ക് കുടിവെള്ള വിതരണവും നടത്തി. പ്രദേശത്തെ ജല സ്രോതസുകളില്‍ ഇരുമ്പിന്റെ അംശം കൂടുതലായതിനാല്‍ കുടിക്കാനും കുളിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് അരിയല്ലൂര്‍ വില്ലേജില്‍ കിണറും ജലസംഭരണിയും നിര്‍മിച്ചത്. കൗണ്‍സിലര്‍ ഇ.ടി സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോ ടെയായിരുന്നു കിണര്‍ നിര്‍മാണം.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.