Times Kerala

ചെമ്മീനിന് പിന്നാലെ ഇറക്കുമതി ചെയ്ത കോഴിയിറച്ചിയിലും കൊറോണ വൈറസെന്ന് ചൈന : അതീവ ജാഗ്രത

 
ചെമ്മീനിന് പിന്നാലെ ഇറക്കുമതി ചെയ്ത കോഴിയിറച്ചിയിലും കൊറോണ വൈറസെന്ന് ചൈന : അതീവ ജാഗ്രത

ബെയ്ജിങ് : ശീതീകരിച്ച കോഴിയില്‍ കൊറോണ വൈറസ് കണ്ടെത്തിയതായി ചൈന. ബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്ത ശീതികരിച്ച കോഴിയിറച്ചിയില്‍ കൊറോണ വൈറസ് കണ്ടെത്തിയതായാണ് ചൈന പുറത്തുവിട്ടിരിക്കുന്നത്. ചൈനീസ് നഗരമായ ഷെന്‍സെനിലെ തദ്ദേശീയ ഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്. ഇതേതുടര്‍ന്ന് ഇറക്കുമതി ചെയ്യുന്ന ശീതീകരിച്ച ഭക്ഷണപദാര്‍ഥങ്ങളുടെ കാര്യത്തില്‍ അതീവ ജാഗ്രത പാലിക്കാന്‍ ഉപഭോക്താക്കള്‍ക്കു ഭരണകൂടം നിര്‍ദേശം നല്‍കി.

ബ്രസീലിലെ തെക്കന്‍ സംസ്ഥാനമായ സാന്‍റാ കത്രീനയിലെ അറോറ അലിമെന്‍റോസ് എന്ന പ്ലാന്‍റില്‍ നിന്നുള്ള കോഴിയിറച്ചിയിലാണ് കൊറോണ വൈറസ് പോസിറ്റീവായത്. വൈറസ് ബാധയേല്‍ക്കാന്‍ സാധ്യതയുള്ള ആളുകളെ ഇതിനോടകം പരിശോധനയ്ക്ക് വിധേയമാക്കിയതായും അനുബന്ധ ഉത്പന്നങ്ങളുടെ പരിശോധന ഊര്‍ജ്ജിതമാക്കാനും പ്രാദേശിക ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ശീതീകരിച്ച കടല്‍മത്സ്യങ്ങള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയോടെ വേണമെന്നും മുന്നറിയിപ്പുണ്ട്. വടക്കന്‍ ചൈനാ പ്രവിശ്യയായ ഷാംഗ്ഡോങിലെ യാന്തായിലും സമാനമായ സംഭവം റിപ്പോര്‍ട്ട്. നേരത്തെ ഇക്വഡോറില്‍ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീനില്‍ നോവല്‍ കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയതായി ചൈന അവകാശവാദം ഉന്നയിച്ചിരുന്നു.

Related Topics

Share this story