Times Kerala

ആദ്യം വിഷം കലർത്തിയത് ചിക്കന്‍ കറിയില്‍, പരാജയപ്പെട്ടപ്പോള്‍ ഐസ്‌ക്രീമില്‍; ആല്‍ബിൻ ശ്രമിച്ചത് കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കാൻ; പ്രതി കുറ്റം സമ്മതിച്ചു

 
ആദ്യം വിഷം കലർത്തിയത് ചിക്കന്‍ കറിയില്‍, പരാജയപ്പെട്ടപ്പോള്‍ ഐസ്‌ക്രീമില്‍; ആല്‍ബിൻ ശ്രമിച്ചത് കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കാൻ; പ്രതി കുറ്റം സമ്മതിച്ചു

കാസർകോട്: ബളാല്‍ അരിങ്കല്ലിലെ ആന്‍മേരി എന്ന 16 കാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ ആന്‍മേരിയുടെ സഹോദരൻ ആല്‍ബിന്‍ ബെന്നിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചു. ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കുടുംബത്തെ മുഴുവൻ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായാണ് ആൽബിൻ പൊലീസിന് മൊഴി നൽകി. വീട്ടുകാരെ ഒന്നാകെ വകവരുത്തുകയായിരുന്നു യുവാവിന്‍റെ ലക്ഷ്യം. തന്നിഷ്‌ട പ്രകാരം ജീവിക്കാനാണ് ക്രൂരകൃത്യം നടത്തിയതെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി. പ്രതിയെ വെള്ളിയാഴ്ച ഹോസ്‌ദുർഗ് കോടതിയിൽ ഹാജരാക്കും. കാഞ്ഞങ്ങാട് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.

ഐസ്ക്രീം ഉണ്ടാക്കിയതിന്റെ രണ്ട് ദിവസം മുമ്പ് വീട്ടിലുണ്ടാക്കിയ ചിക്കൻ കറിയിലായിരുന്നു ആദ്യം വിഷംകലർത്തിയത്. പിറ്റേദിവസം കഴിക്കാനായി ഫ്രിഡ്ജിൽവെച്ച കറിയിൽ വീട്ടിലുണ്ടായിരുന്ന എലിവിഷം കലർത്തി. രാവിലെ വീട്ടിലെ എല്ലാവരും ചിക്കൻ കറി കൂട്ടി ഭക്ഷണം കഴിച്ചു. സുഖമില്ലെന്ന് പറഞ്ഞ് ആൽബിൻ മാത്രം ഒഴിഞ്ഞുമാറി. വിഷം കലർന്ന ചിക്കൻ കറി കഴിച്ചെങ്കിലും മാതാപിതാക്കൾക്കും സഹോദരിക്കും വയറുവേദന മാത്രമാണ് ഉണ്ടായത്. ഇതിടെയാണ് ഐസ് ക്രീമിൽ വിഷം കലർത്താൻ തീരുമാനിച്ചത്.

അച്ഛൻ ബെന്നി, അമ്മ ബെസി എന്നിവരും ഐസ്‌ക്രീം കഴിച്ചതിനെ തുടർന്ന് ചികിത്സയിലാണ്. ബെന്നി അതീവ ഗുരുതരനിലയില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും മാതാവ് ബെസി കണ്ണൂര്‍ മിംസിലുമാണ് ചികിത്സയിലുള്ളത്. ഐസ്‌ക്രീം കഴിച്ച തനിക്കും ദേഹാസ്വാസ്ഥ്യം ഉണ്ടെന്ന് ആല്‍ബിന്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ചികിത്സ തേടിയെങ്കിലും വിഷം അകത്ത് ചെന്നതിന്‍റെ ലക്ഷണങ്ങളില്ലെന്ന് ഡോക്‌ടര്‍മാര്‍ വെളിപ്പെടുത്തി. ഇതാണ് കേസിൽ വഴിത്തിരിവായത്.

ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെത്തുടർന്ന് ആന്‍മേരിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കിലും മഞ്ഞപ്പിത്തം പിടിപെടുകയും ഓഗസ്റ്റ് അഞ്ചിന് മരണം സംഭവിക്കുകയുമായിരുന്നു.ഓഗസ്റ്റ് ആറിന് ബെന്നിയുടെ നിലഗുരുതരമാവുകയും പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവിടെ നിന്നാണ് രോഗകാരണം ഭക്ഷ്യവിഷബാധ മൂലമാണെന്ന് കണ്ടെത്തിയത്. ബെന്നിയുടെ കിഡ്‌നിയുടെ പ്രവര്‍ത്തനം നിലച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി എം.പി വിനോദ് കുമാർ, വെള്ളരിക്കുണ്ട് സർക്കിൾ ഇൻസ്പെക്‌ടർ പ്രോംസദനൻ, എസ്.ഐ ശ്രീദാസ്‌ പുത്തൂർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Related Topics

Share this story