പാറക്കണ്ടി പവിത്രന്‍ വധം; ഏഴ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

തലശ്ശേരി: സി.പി.എം പ്രവര്‍ത്തകന്‍ പൊന്ന്യം നാമത്ത് മുക്കിലെ ‘പവിത്ര’ത്തില്‍ പാറക്കണ്ടി പവിത്രനെ (45) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഏഴ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്. ഇവര്‍ക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പി.എന്‍. വിനോദ് ആണ് ശിക്ഷ വിധിച്ചത്. ആകെ എട്ട് പ്രതികളുള്ള കേസില്‍ ഒരാള്‍ നേരത്തെ മരിച്ചിരുന്നു.

ആര്‍.എസ്.എസ്ബി.ജെ.പി പ്രവര്‍ത്തകരായ പൊന്ന്യം വെസ്റ്റ് ചെങ്കളത്തില്‍ വീട്ടില്‍ സി.കെ. പ്രശാന്ത് (36), പൊന്ന്യം നാമത്ത് മുക്കിലെ നാമത്ത് ഹൗസില്‍ നാമത്ത് ലൈജേഷ് എന്ന ലൈജു (39), നാമത്ത് മുക്ക് ചെങ്കളത്തില്‍ ഹൗസില്‍ പാറായിക്കണ്ടി വിനീഷ് (35), പൊന്ന്യം കുണ്ടുചിറയിലെ പഞ്ചാര ഹൗസില്‍ പഞ്ചാര പ്രശാന്ത് എന്ന മുത്തു (39), പൊന്ന്യം മൂന്നാംമൈല്‍ ലക്ഷ്മി ഹൗസില്‍ കെ.സി. അനില്‍കുമാര്‍ (51), എരഞ്ഞോളി മലാല്‍ ലക്ഷംവീട് കോളനിയിലെ കിഴക്കയില്‍ വിജിലേഷ് (35), എരഞ്ഞോളി പാലത്തിന് സമീപം തട്ടാരത്തില്‍ തെക്കേതില്‍ വീട്ടില്‍ കെ. മഹേഷ് (38) എന്നിവരാണ് പ്രതികള്‍. നാലാം പ്രതി വലിയപറമ്പത്ത് ജ്യോതിഷ് പിന്നീട് മരിച്ചു.

2007 നവംബര്‍ ആറിനാണ് കേസിനാസ്പദമായ സംഭവം. പാല്‍ വാങ്ങാന്‍ വീട്ടില്‍ നിന്ന് പൊന്ന്യം നായനാര്‍ റോഡിലേക്ക് നടന്നുപോവുകയായിരുന്ന പവിത്രനെ പുലര്‍ച്ച അഞ്ചേമുക്കാലിന് നാമത്ത്മുക്ക് അംഗന്‍വാടിക്ക് സമീപം ഒരു സംഘമാളുകള്‍ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. പ്രാണരക്ഷാര്‍ഥം മുണ്ടാണി രാജീവന്റെ വീട്ടിലേക്ക് ഓടിക്കയറിയ പവിത്രനെ പിന്നാലെയെത്തിയ അക്രമിസംഘം തലക്കും കൈകാലുകള്‍ക്കും വെട്ടി. ഗുരുതരാവസ്ഥയില്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 10ന് പുലര്‍ച്ച 12.45ന് മരിച്ചു.

Loading...
You might also like

Leave A Reply

Your email address will not be published.