Times Kerala

കുര്യാക്കോസിന്റെ മരണം കൊലപാതകം; അറസ്റ്റിലായത് ഉറ്റ സുഹൃത്ത്; കൊന്നത് കഴുത്ത് ഞെരിച്ചെന്ന് പ്രതിയുടെ കുറ്റസമ്മതം

 
കുര്യാക്കോസിന്റെ മരണം കൊലപാതകം; അറസ്റ്റിലായത് ഉറ്റ സുഹൃത്ത്; കൊന്നത് കഴുത്ത് ഞെരിച്ചെന്ന് പ്രതിയുടെ കുറ്റസമ്മതം

കണ്ണൂർ: സ്വാഭാവിക മരണമെന്ന് കരുതിയ സംഭവം ഒടുവിൽ കൊലപാതകമെന്ന് തെളിഞ്ഞു. കുടിയാന്‍മലയിലെ കാട്ടുനിലത്തില്‍ കുര്യാക്കോസിന്റെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. കുര്യാക്കോസിനെ ഞെരിച്ച് കൊന്നതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തിൽ കുര്യാക്കോസിന്‍റെ സുഹൃത്തായ ബിനോയിയെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു.

കുടിയാന്‍മല പാറക്കടവിലെ പുഴക്കരയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് കുര്യാക്കോസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിട്ടിയത്. സ്വാഭാവിക മരണമെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ നിന്നാണ് കൊലപാതകമെന്ന് സംശയിക്കാവുന്ന നിർണായക വിവരം പൊലീസിന് ലഭിച്ചത്. മരണകാരണം കഴുത്ത് ഞെരിച്ചതാണെനാണയിരുന്നു പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തൽ.

തുടര്‍ന്ന് തളിപ്പറമ്പ് ഡിവൈഎസ്പി ടി കെ രത്നകുമാറിന്‍റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും വിവിരങ്ങള്‍ ശേഖരിച്ചു. അറസ്റ്റിലായ അരീക്കാമല സ്വദേശി ബിനോയിയും കുര്യാക്കോസും ആത്മസുഹൃത്തുക്കളായിരുന്നെന്ന് അന്വേഷണത്തിൽ പൊലീസിന് മനസിലായി.

എന്നാല്‍ കുര്യാക്കോസിന്‍റെ സംസ്കാര ചടങ്ങില്‍ ബിനോയ് എത്താതിരുന്നത് സംശയത്തിനിടയാക്കി. തുടര്‍ന്നാണ് പൊലീസ് ബിനോയിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ബിനോയ് കുര്യാക്കോസിന്‍റെ കഴുത്ത് ഞെരിച്ചതാണെന്നാണ് പോലീസ് പറയുന്നത് . കുര്യാക്കോസിന് ബോധം നഷ്ടപ്പെട്ടപ്പോള്‍ സംഭവസ്ഥലത്ത് നിന്നും ബിനോയ് രക്ഷപ്പെടുകയായിരുന്നു.

Related Topics

Share this story