Times Kerala

ആംബുലൻസ് ജീവനക്കാരുടെ അനാസ്ഥ: ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി ഭക്ഷണം കഴിക്കാൻ പോയി, മടങ്ങിവന്നത് രണ്ടു മണിക്കൂർ കഴിഞ്ഞു, ഒരു വയസ്സുകാരൻ ആംബുലൻസിൽ വച്ച് മരിച്ചു

 
ആംബുലൻസ് ജീവനക്കാരുടെ അനാസ്ഥ: ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി ഭക്ഷണം കഴിക്കാൻ പോയി, മടങ്ങിവന്നത് രണ്ടു മണിക്കൂർ കഴിഞ്ഞു, ഒരു വയസ്സുകാരൻ ആംബുലൻസിൽ വച്ച് മരിച്ചു

ഭുവനേശ്വർ: മയൂർഭഞ്ചിൽ ആംബുലൻസ് സ്റ്റാഫിന്‍റെ അനാസ്ഥയെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞ് മരിച്ചതായി പരാതി. ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിൽ ആംബുലൻസ് ഡ്രൈവർ ഉച്ചഭക്ഷണം കഴിക്കാൻ വാഹനം നിർത്തുകയും ഏറെ നേരം കഴിഞ്ഞിട്ടും തിരികെ എത്താതിരിക്കുകയും ചെയ്തതാണ് കുഞ്ഞ് മരിക്കാൻ കാരണമെന്ന് കുനിഞ്ഞിന്റെ മാതാപിതാക്കൾ ആരോപിക്കുന്നു.

വയറിളക്കം ബാധിച്ചതിനെത്തുടർന്ന് അംബജോഡ ഗ്രാമത്തിൽ നിന്നുള്ള നിരഞ്ജൻ ബെഹെറയും ഭാര്യ ഗീതയും ഒരു വയസുള്ള മകനെ ഞായറാഴ്ച ബാരിപാഡ പട്ടണത്തിലെ പിആർഎം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്ഥിതി വഷളായതോടെ ആശുപത്രി അധികൃതർ തിങ്കളാഴ്ച കട്ടക്കിലെ എസ്‌സിബി മെഡിക്കൽ കോളജിലേക്ക് മാറ്റണമെന്ന് അറിയിച്ചു.

തുടർന്ന്, ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഡ്രൈവർ അടക്കം ആബുലൻസിലുണ്ടായിരുന്ന മൂന്നു പേരും ഇറങ്ങി റോഡരികിലെ ഹോട്ടലിൽ ഉച്ചഭക്ഷണം കഴിക്കാൻ പോയി. രണ്ട് മണിക്കൂറോളം കഴിഞ്ഞാണ് ഇവർ മടങ്ങിയത്. കുഞ്ഞിന്‍റെ അവസ്ഥയെക്കുറിച്ച് അറിയിച്ചിട്ടും അവർ അവഗണിക്കുകയായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു.

അതേസമയം, ആരോഗ്യ നില വഷളായതിനെ തുടർന്ന് പാതി വഴിയിലുള്ള കൃഷ്ണചന്ദ്രപുർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ കുഞ്ഞിനെ പ്രവേശിപ്പിച്ചു. അവിടെ എത്തുമ്പോഴേക്കും കുഞ്ഞു മരിച്ചിരുന്നു. സംഭവത്തെ തുടർന്ന് ഗ്രാമവാസികൾ ആംബുലൻസ് ജീവനക്കാരെ ആക്രമിച്ചു.

സംഭവത്തിൽ, മരിച്ച കുഞ്ഞിന്റെ മാതാപിതാക്കൾ ആംബുലസ് ജീവനക്കാരായ മൂന്നു പേർക്കെതിരെ ബെത്‌നോട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കി.സംഭവത്തിൽ പോലീസ് ആംബുലൻസ് പിടിച്ചെടുത്തിട്ടുണ്ട്.

Related Topics

Share this story