Times Kerala

ഫേസ്ബുക്കിന് തിരിച്ചടി;ഡൗണ്‍ലോഡില്‍ ടിക് ടോക്ക് മുന്നില്‍

 
ഫേസ്ബുക്കിന് തിരിച്ചടി;ഡൗണ്‍ലോഡില്‍ ടിക് ടോക്ക് മുന്നില്‍

ബെംഗളുരു: ആഗോള തലത്തില്‍ ജനപ്രിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കിനെ കടത്തിവെട്ടി കുഞ്ഞുവീഡിയോകളിലൂടെ വളരെ വേഗത്തില്‍ പ്രശസ്തമായ ‘ടിക് ടോക്ക്’ ആപ്പ് . 2019 ല്‍ ആദ്യപകുതിയില്‍ ലോകവ്യാപകമായി ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പ് ടിക് ടോക്കിന്റേതാണെന്ന് സ്റ്റാറ്റിസ്റ്റ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. മൊത്തം ഡൗണ്‍ലോഡിന്റെ കണക്കെടുത്താല്‍ ഇതില്‍ പകുതിയോളം ഇന്ത്യയില്‍ നിന്ന് തന്നെയാണ് .

1.88 കോടി പേരാണ് 2019 ജനുവരി മുതല്‍ മാര്‍ച്ച്‌ വരെ ലോകവ്യാപകമായി ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്തത്. ഇതില്‍ 47 ശതമാനം ഡൗണ്‍ലോഡും ഇന്ത്യയിലാണെന്നാണ് മാര്‍ക്കറ്റ് ഇന്റലിജന്‍സ് സ്ഥാപനമായ സെന്‍സര്‍ ടവര്‍ വെളിപ്പെടുത്തുന്നത്.ഇക്കാലയളവില്‍ 1.76 കോടി പേരാണ് ഫേസ്ബുക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. ഇതില്‍ 21 ശതമാനവും ഇന്ത്യയില്‍ നിന്നാണ്.
2018 അവസാനപാദത്തിലെ കണക്കെടുത്താല്‍ ഫേസ്ബുക്കാണ് ഏറ്റവും കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പ്. ചൈനീസ് സ്റ്റാര്‍ട്ട് അപ്പായ ബൈറ്റ്ഡാന്‍സിന്റെ ഉല്‍പ്പന്നമാണ് ടിക് ടോക്ക്. ചൈനയില്‍ ഹോങ്‌കോങ്ങും മകാവുവും ഒഴികെയുള്ള സ്ഥലങ്ങളില്‍ ഫേസ്ബുക്കിന് വിലക്കുണ്ട്. ഇത് ടിക് ടോക്കിന് ഗുണകരമായിരിക്കാമെന്നാണ് വിലയിരുത്തല്‍. ടിക് ടോക്കിന് 20 കോടി ഉപയോക്താക്കളുമുണ്ട്.

2016 ല്‍ പുറത്തിറങ്ങുകയും ഉടന്‍ തന്നെ ഇന്ത്യയില്‍ സാന്നിധ്യമുറപ്പിക്കുകയും ചെയ്ത ടിക് ടോക്കിന് ചുരുങ്ങിയ കാലയളവിലാണ് ഇത്രയും ആരാധകരുണ്ടായത് എന്നതും ശ്രദ്ധേയമാണ്. ആപ്പില്‍ ലൈംഗികതയുടെ അംശം കൂടുന്നുവെന്നതടക്കം നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുമ്ബോഴാണ് ടിക് ടോക്കിന്റെ ജനപ്രിയത കൂടുന്നത് . അശ്ളീല വീഡിയോകളുടെ പേരില്‍ തമിഴ്നാട് സര്‍ക്കാര്‍ ടിക് ടോക്കിനെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം വന്നതോടെ കഴിഞ്ഞ മാസം ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ ആപ് സ്റ്റോറുകളില്‍ നിന്ന്‌ ടിക് ടോക്ക് നീക്കിയിരുന്നെങ്കിലും കര്‍ശന നിബന്ധനകളോടെയാണ് അത് വീണ്ടും പുനഃസ്ഥാപിച്ചത് .

Related Topics

Share this story