Nature

ഹിന്ദു കുടുംബത്തിലെ 11 പേരുടെ മരണം; മരിച്ചവരില്‍ ഒരാളുടെ ഫോണില്‍ നിന്നും പൊലീസിന് നിർണായക വിവരം ലഭിച്ചതായി സൂചന

ന്യൂഡല്‍ഹി: പാകിസ്താനില്‍ നിന്നും എത്തിയ ഹിന്ദു കുടുംബത്തിലെ 11 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഒരാളുടെ ഫോണില്‍ നിന്നും ലഭിച്ച വീഡിയോയാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ചില വെളിപ്പെടുത്തലുകള്‍ ഉണ്ടെന്നാണ് സൂചന. മരിച്ച നിലയില്‍ കണ്ടെത്തിയ 11 അംഗ കുടുംബത്തിലെ ലക്ഷ്മി എന്നയാളുടെ ഫോണില്‍ നിന്നാണ് പോലീസിന് പുതിയ വിവരങ്ങള്‍ ലഭിച്ചിട്ടുള്ളത്.

ഒരു സംഘം ആളുകള്‍ തങ്ങളെ നിരന്തരം ശല്യപ്പെടുത്തിയതായി ലക്ഷ്മി വീഡിയോയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ജോധ്പൂരില്‍ എത്തുന്നവരെ നിയന്ത്രിക്കുന്ന ഒരു ഗ്യാങ് ഉണ്ടെന്നാണ് ലക്ഷ്മി വീഡിയോയില്‍ വ്യക്തമാക്കിയത്. അഭയാര്‍ത്ഥികളായി എത്തുന്നവരെ ഇവര്‍ ഭീഷണിപ്പെടുത്തുന്നതായും ലക്ഷ്മി പറഞ്ഞതായി അധികൃതര്‍ അറിയിച്ചു.

മൂന്ന് ദിവസം മുന്‍പാണ് കൃഷിയിടത്തിലെ കുടിലിനുള്ളില്‍ 11 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുടിലില്‍ നിന്നും ചില രാസവസ്തുക്കളുടെ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടതായി സ്ഥലം സന്ദര്‍ശിച്ച റൂറല്‍ എസ്പി രാഹുല്‍ ബര്‍ഹാത് പറഞ്ഞിരുന്നു. മൃതദേഹങ്ങളില്‍ മുറിവുകളോ പരിക്കേറ്റതിന്റെ അടയാളങ്ങളോ ഉണ്ടായിരുന്നില്ല. അതിനാല്‍ രാത്രിയില്‍ എന്തെങ്കിലും രാസവസ്തു കഴിച്ച് ആത്മഹത്യ ചെയ്തതാകാമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും ലക്ഷ്മിയുടെ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അന്വേഷണത്തിന് സഹായകമാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.