Times Kerala

അദാനി ഗ്യാസ് കമ്പനിയുടെ ഭാഗത്തുനിന്നും കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്; സിറ്റി ഗ്യാസ് പദ്ധതിയുടെ പുരോഗതി വിലയിരുത്തിയെന്ന് മുഖ്യമന്ത്രി

 
അദാനി ഗ്യാസ് കമ്പനിയുടെ ഭാഗത്തുനിന്നും കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്; സിറ്റി ഗ്യാസ് പദ്ധതിയുടെ പുരോഗതി വിലയിരുത്തിയെന്ന് മുഖ്യമന്ത്രി

എറണാകുളം നഗരത്തിൽ നടപ്പാക്കുന്ന സിറ്റി ഗ്യാസ് വിതരണ പദ്ധതിയുടെ പുരോഗതി വലിയിരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് കമ്പനിയുടെ ഭാഗത്തുനിന്നും കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. പദ്ധതി പൂർത്തിയാക്കാൻ സഹായകമായ ക്രമീകരണം അവർ ഏർപ്പെടുത്തണം. ആവശ്യമെങ്കിൽ പുതിയ ടീമിനെ കണ്ടെത്തി പ്രവർത്തനം ഊർജിതമാക്കണമെന്നും യോഗത്തിൽ നിർദേശിച്ചു.

പദ്ധതി വഴി ഒരു വീട്ടിൽ ഗ്യാസിന്റെ ഇന്ധനചെലവിൽ 30 ശതമാനത്തോളം കുറവ് വരും. മാത്രമല്ല, സ്ഥിരമായി ഗ്യാസ് ലഭ്യമാകുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ജില്ലാഭരണ സംവിധാനം ആവശ്യമായ എല്ലാ സഹായവും നൽകണമെന്ന് നിർദേശം നൽകി. ഉയർന്നുവരുന്ന പരാതികൾ പരിഹരിക്കാൻ പ്രത്യേക ഇടപെടൽ ഉണ്ടാകണം.

ചിലപ്പോൾ റോഡ് വെട്ടിപ്പൊളിച്ച് പൈപ്പിടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ട്. അക്കാര്യത്തിൽ കൃത്യമായ നിലപാടുകൾ ഉണ്ടാക്കാനാണ് ധാരണ. എഗ്രിമെൻറിന്റെ ഭാഗമായി തന്നെ റോഡ് വെട്ടിപ്പൊളിക്കേണ്ടി വന്നാൽ അത് പുനസ്ഥാപിക്കുന്നതും പൂർവസ്ഥിതിയിലാക്കുന്നതുമായ കാര്യങ്ങൾ രേഖപ്രകാരം ഉറപ്പുവരുത്തും. അതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾക്ക് അതോടെ പരിഹാരം കാണാനാകും.

സമയബന്ധിതമായി തന്നെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർത്തീകരിക്കും. 14,450 കണക്ഷനുകൾ ഇപ്പോൾ തന്നെ കൊടുക്കാൻ പാകത്തിലായി. റോഡിലൂടെയുളള പൈപ്പ് ലൈൻ പൂർത്തിയായാൽ ഉടനെ ഈ കണക്ഷൻ നൽകാനാകും. ചീഫ്‌സെക്രട്ടറിയുടെ നേതൃത്വത്തിൽ മാസം തോറും അവലോകനം നടത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി.

Related Topics

Share this story