Times Kerala

ഉത്ര വധം: കുറ്റപത്രം ഈ ആഴ്ച്ച; പ്രതിസ്ഥാനത്ത് ഭർത്താവ് സൂരജ് മാത്രം

 
ഉത്ര വധം: കുറ്റപത്രം ഈ ആഴ്ച്ച; പ്രതിസ്ഥാനത്ത് ഭർത്താവ് സൂരജ് മാത്രം

കൊല്ലം: അ‍ഞ്ചലില്‍ ഉത്ര എന്ന യുവതിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഈ ആഴ്ച സമര്‍പ്പിക്കും. വധക്കേസിന്റെ കുറ്റപത്രമാണ് ആദ്യം സമര്‍പ്പിക്കുന്നത്. അതേസമയം, കേസിലെ രണ്ടാം പ്രതിയായ പാമ്പ് പിടിത്തക്കാരന്‍ സുരേഷിനെ കോടതി മാപ്പ് സാക്ഷിയായി പ്രഖ്യാപിച്ചിരുന്നു.കേസിൽ പ്രതി ചേര്‍ത്തിട്ടുള്ളത് ഭര്‍ത്താവ് സൂരജിനെ മാത്രം. ഗാര്‍ഹിക പീഢനവുമായി ബന്ധപ്പെട്ട ഒരു കേസിനുകൂടി കുറ്റപത്രം തയ്യാറാക്കുന്നുണ്ട്. ഇതില്‍ സൂരജിന് പുറമെ പിതാവ് സുരേന്ദ്രനെയും അമ്മ രേണുകയേയും പ്രതി ചേർക്കും. കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിന്‍റെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ. അശോകന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അഞ്ചല്‍ ഏറം സ്വദേശിയായ ഉത്ര മെയ് മാസം ഏഴാം തീയതിയാണ് മരിച്ചത്. കിടപ്പ് മുറിയില്‍ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ തിരച്ചിലില്‍ ഉത്രയുടെ കിടപ്പ് മുറിയില്‍ നിന്നു പാമ്പിനെ കണ്ടെത്തി. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറിയെന്ന ഉത്രയുടെ വീട്ടുകാരുടെ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. മുൻപ് മാര്‍ച്ച് മാസത്തില്‍ ഭര്‍ത്താവിന്റെ അടൂര്‍ പറക്കോട്ടെ വീട്ടില്‍വെച്ചും യുവതിക്ക് പാമ്പ് കടിയേറ്റതും ദുരൂഹത വര്‍ധിപ്പിച്ചു.

അഞ്ചല്‍ പൊലീസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ദിവസങ്ങള്‍ക്കുള്ളില്‍ ഉത്രയുടെ ഭര്‍ത്താവ് സൂരജിനെയും,ഇയാള്‍ക്ക് പാമ്പിനെ വിറ്റ സുരേഷിനെയും സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെയും അറസ്റ്റു ചെയ്തു. പ്രതികള്‍ക്ക് സ്വഭാവിക ജാമ്യം കിട്ടുന്നത് ഒഴിവാക്കാന്‍ തൊണ്ണൂറ് ദിവസത്തിനകം തന്നെ കുറ്റപത്രം സമര്‍പ്പിക്കും.

Related Topics

Share this story