Times Kerala

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ മുസ്‌ലിം വനിത രത്‌നങ്ങൾ

 
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ  മുസ്‌ലിം വനിത രത്‌നങ്ങൾ

1857-ലെ ശിപായി ലഹള എന്നറിയപ്പെടുന്ന ഒന്നാം സ്വാതന്ത്ര്യസമരം മുതല്‍ ഇന്ത്യ സ്വതന്ത്രമായ 1947 ആഗസ്റ്റ് 15 വരെ മുസ്ലീം വനിത സാന്നിധ്യം നമുക്ക് കാണാൻ കഴിയും. എന്നാല്‍, ഇന്ന് ആ ചരിത്രം മറക്കാൻ ശ്രമിക്കുന്ന അല്ലെങ്കില്‍ ഒരു വിഭാഗത്തിന്റെ പേരുകളെ ഉയർത്തി കാട്ടാന്‍ ശ്രമിക്കുന്നവര്‍ മനഃപൂർവമായി ഈ മഹത് വ്യക്തികളെ തിരസ്കരിക്കുകയാണ് ചെയ്യുന്നത്.

എന്നാല്‍, പിറന്ന നാട്ടില്‍ നിന്നും വിദേശിയരെ തുരത്താൻ സര്‍വത്യാഗങ്ങളും ചെയ്ത ഒരു ജനവിഭാഗത്തെ തിരസ്കരിക്കാന്‍ ഇപ്പോഴും ശ്രമങ്ങള്‍ തുടർന്നുകൊണ്ടിരിക്കുന്നു. മുസ്ലീം പുരുഷന്മാർ മാത്രമല്ല സ്ത്രീകളും ഈ നാടിനെ ബ്രിട്ടീഷുകാരിൽ നിന്നും മോചിപ്പിക്കുന്നതിനുണ്ടി വാളും തോക്കും എടുത്ത്‌ പോരാടിയിട്ടുണ്ട്. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ മുസ്ലീം സ്ത്രീ സാന്നിധ്യം അധികമൊന്നും അറിയപ്പെടാത്ത അല്ലെങ്കിൽ അംഗീകരിക്കപ്പെടാത്ത തിളങ്ങുന്ന ചരിത്ര രേഖകളാണ്. അങ്ങനെയുള്ള ചില ചരിത്ര ധീരവനിതകളുണ്ട്. അവരെക്കുറിച്ച് അറിയാം.

ബീഗം ഹസ്രത്ത്‌ മഹല്‍

സ്വന്തം നാടിന്റെ മോചനത്തിനായി ബ്രിട്ടീഷുകാരോട് പോരാടിയ ധീരവനിതയായിരുന്നു ഹസ്രത്ത്‌ മഹല്‍. യഥാർത്ഥ പേര് മുഹമ്മദീ ഖാനം. എ.ഡി 1847 ല്‍ ഭർത്താവ് വാജിദ്‌ ആലീശ അവധിന്റെ ഭരണാധികാരിയായതോടെയാണ് അവര്‍ ബീഗം ഹസ്രത്ത്‌ മഹല്‍ എന്ന പേരില്‍ അറിയപ്പെട്ടത്. ഇസ്ലാം മത വിശ്വാസത്തിന്റെ സമുന്നത പ്രതീകമായിരുന്നു അവര്‍. 1856 ഫെബ്രുവരി 18 നു അവധിലെ അധികാരത്തിൽ നിന്നും വാജിദ്‌ ആലീശ പുറത്താക്കപ്പെടുകയും കൊൽക്കത്തയിലേക്ക് നാട് കടത്തപ്പെടുകയും ചെയ്തു. പിന്നീടു അദ്ദേഹത്തെ കാരാഗ്രഹത്തിലടച്ചു. അതോടെ ബീഗം ഹസ്രത്ത്‌ മഹല്‍ സ്വന്തം നാടായ അവധിന്റെ വിമോചനത്തിനായി ഇംഗ്ലീഷുകാരോട് ആയുധമെടുത്തു പോരാടാന്‍ തീരുമാനിച്ചു.

രാജാ ജയ്പാല്‍ സിംഗ്, രഘുനാഥ് സിംഗ്, മുന്ഷിഗ മതാദിന്‍, ബറകത്ത് ഖാന്‍ എന്നിവരുടെ സഹായത്തോടെ പതിനൊന്നു വയസ്സുകാരിയായ മകള്‍ ബിര്ജീസ്‌ ഖാദിരിനെ അവധിയിലെ ഭരണാധികാരിയായി ബീഗം പ്രഖ്യാപിച്ചു. ജനങ്ങള്‍ ഐക്യകണ്ഠേന ഇതംഗീകരിച്ചു. ഡൽഹിയിലെ രാജാവായിരുന്ന ബഹദൂർഷ സഫറിനു അവര്‍ പിന്തുണയും പ്രഖ്യാപിച്ചു. ഇംഗ്ലീഷുകാരിൽ നിന്നും അവധിനെ രക്ഷിക്കാന്‍ നാട്ടിലെ ആബാല വൃത്തം ജനങ്ങളും രംഗത്തിറങ്ങി. ബീഗം ഹസ്രത്ത്‌ മഹലിന്റെ നേതൃത്വത്തില്‍ ഏഴു ലക്ഷം വരുന്ന സൈനികര്‍ ഒരു ഭാഗത്ത് മുന്നേറി. ഫൈസാബാദിലെ അഹമ്മദുല്ലാഹ് ഷായും ഒരു കൂട്ടം സൈനികരും അവരുടെ സഹായത്തിനെത്തി. ഗറില്ലാ യുദ്ധ മുറകളിലൂടെ ബീഗത്തിന്റെ അനുയായികള്‍ ഇംഗ്ലീഷുകാരെ തുരത്തി.

1857 മെയ്‌ 17 ന് ലഗ്നോ നഗരത്തിൽ സവാര്‍ മൈതാനത്തിൽ ബീഗവും ഇംഗ്ലീഷ് സൈനികരും തമ്മിൽ ഏറ്റുമുട്ടി. രാവിലെ തുടങ്ങിയ പോരാട്ടത്തിൽ ബീഗത്തിന്റെ വെട്ടേറ്റ്‌ ഒട്ടേറെ ബ്രിട്ടീഷ്‌ ഭടന്മാര്‍ കൊല്ലപെട്ടു. അതിശക്തമായ പീരങ്കിയുണ്ടകളേറ്റ് വിദേശ സേന ചിന്നഭിന്നമായി. വൈകുന്നേരമായതോടെ സ്ഥിതിഗതികള്‍ മാറി. ഇംഗ്ലീഷുകാർ യുദ്ധത്തിൽ ജയിച്ചു. എന്നാല്‍ ഈ പരാജയമൊന്നും ബീഗത്തെ തളർത്തിയില്ല. അവരും സേനയും ഷാജഹാൻപൂരിലേക്ക് പിൻവാങ്ങി. അവിടെവച്ചു മൌലവി അഹമ്മ്ദുല്ലാഹ് ഷായുമായി ചേർന്ന് ഇംഗ്ലീഷുകാർക്കെതിരെ ഒളിയുദ്ധം നടത്തി നിരന്തരം അവരുടെ ഭടന്മാരെ വകവരുത്തി. പിന്നീട് ബല്ജിൽ വച്ച് ഇംഗ്ലീഷുമായി ഹസ്രത്ത്‌ മഹലും സേനയും ഏറ്റുമുട്ടി. മൂന്നു ദിവസം നീണ്ടുനിന്ന പോരാട്ടത്തിലും ഇംഗ്ലീഷ് സേനക്കായിരുന്നു ജയം. ഒടുവിൽ ബീഗം ഹസ്രത്ത്‌ മഹലും കുടുംബവും നേപ്പാളില്‍ അഭയം തേടി. പലതവണ ബ്രിട്ടീഷുകാര്‍ പണവും പദവിയും വാഗ്ദാനം ചെയ്തു അവരെ തിരിച്ചു വിളിച്ചു. എന്നാൽ, ആ ധീരവനിത ഇംഗ്ലീഷുകാരുടെ പ്രലോഭനങ്ങള്‍ നിരസിച്ചു. 1874 ഏപ്രില്‍ 7 നു ആ ധീര വനിത മരണപ്പെട്ടു. കാന്മാന്ടു സിറ്റി മസ്ജിതിലാണ് ബീഗം ഹസ്രത്ത്‌ മഹലിന്റെ കബറിടം ഉള്ളത്.

സൈറാബീഗം

1857 ല്‍ ഇന്ത്യ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചപ്പോൾ ബഹദൂർഷാ സഫറിനെ ഇന്ത്യന്‍ ചക്രവർത്തിയായി ഉയർത്തിക്കാട്ടി ‘സ്വാതന്ത്ര്യം ജന്മാവകാശമാണ്’ എന്ന് വിശ്വസിച്ച ഒരുകൂട്ടം മനുഷ്യര്‍ ഇംഗ്ലീഷുകാർക്കെതിരെ ബഹുജനപ്രക്ഷോഭം തുടങ്ങി. ശിപായിലഹള എന്ന് പരിഹസിച്ച് ബ്രിട്ടീഷുകാര്‍ ഈ സമരത്തെ അടിച്ചമർത്തി. ഈ സമരത്തില്‍ ആയുധമെടുത്ത് പൊരുതുകയും ജയിലടയ്ക്കപെടുകയും ചെയ്ത ഒട്ടേറെ വനിതകള്‍ ഉണ്ടായിരുന്നു. അവരില്‍ പ്രധാനിയാണ് സൈറാബീഗം അന്നത്തെ ഇംഗ്ലീഷ് ‌ പട്ടാള മേധാവി വൈ.ഡബ്ല്യൂ.ആര്‍ ഹഡ്സാന്‍ തന്റെ റിപ്പോർട്ടുകളിൽ ‘സമര യോദ്ധാക്കൾക്കിടയിലെ രത്‌നം’ എന്ന് സൈറാബീഗത്തെ വിശേഷിപ്പിച്ചത്.

ഡൽഹിയിൽ ചാന്തിനീക്കിലെ ഒരു മതപണ്ഡിതന്റെ മകളായിരുന്നു സൈറാബീഗം. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ പട്ടാളമിറങ്ങി സമരക്കാർക്കെ നേരെ വെടിയുതിർത്തപ്പോൾ കുതിരപ്പുറത്ത് തോക്കും വാളുമായി ബുർഖ ധരിച്ച് ഇവർ ബ്രിട്ടീഷ് പട്ടാളത്തിനെതിരെ പോരാടി. ബ്രിട്ടീഷുകാർക്കു നേരെ അവരുടെ കൈകളിലെ തോക്കുകള്‍ തീ തുപ്പിയിരുന്നതായി ഹഡ്സന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദിവസങ്ങളോളം നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ സൈറാബീഗത്തെ ബ്രിട്ടീഷ് പട്ടാളം പിടികൂടി ജയിലിലടച്ചു. അമ്പാല ജയിലിലടയ്ക്കപെട്ട ഇവര്‍ വർഷങ്ങൾക്കുശേഷം ശേഷം തൂക്കിലേറ്റപ്പെട്ടു.

ഖുർഷിദ ബീഗം

പത്രപ്രവർത്തനത്തിലെ താല്പര്യം സ്വാതന്ത്ര്യ പ്രസ്ഥാനത്തിനുവേണ്ടി പ്രയോജനപെടുത്തിയ വനിതയാണ് ഖുർഷിദ ബീഗം. പ്രശസ്ത കോൺഗ്രസ് നേതാവ് ഖാജാ അബ്ദുല്‍ മജീദിന്റെ ജീവിത സഖിയായിരുന്നു അവര്‍. ജാമിയ മില്ലിയയുടെ പ്രിൻസിപ്പലായിരുന്ന മജീദിന്റെ വീട്ടില്‍ അക്കാലത്ത് കോൺഗ്രസ് നേതാക്കളെല്ലാം നിത്യ സന്ദര്ശകരായിരുന്നു. ഗാന്ധിജി, സരോജിനി നായിഡു, മൌലാന മുഹമ്മദലി എന്നിവരൊക്കെ അക്കൂട്ടത്തില്‍ പെടും. വിദ്യാസമ്പന്നയായിരുന്ന ഖുര്ഷിദാ ബീഗം വിവാഹശേഷം ഒരു കോൺഗ്രസ് പ്രവർത്തകയായി. ‘ഹിന്ദ്’‌ എന്ന പേരില്‍ അലിഗഡില്‍ നിന്ന് അവർ പുറത്തിറക്കിയിരുന്ന ഉറുദു പത്രം സ്വാതന്ത്ര്യസമരത്തിന്റെ നവായിരുന്നു. ഭർത്താവിനെ സ്വാതന്ത്ര്യസമരത്തിന്റെ പേരില്‍ പോലീസ്‌ അറസ്റ്റ് ചെയ്തപ്പോള്‍ ജാമിയ മില്ലിയയുടെ കാര്യങ്ങള്‍ നോക്കിയിരുന്നത് ഖുർഷിദ ആയിരുന്നു. അഹമ്മദാബാദില്‍ ഇന്നും നല്ല നിലയില്‍ നടന്നു വരുന്ന ഹമീദിയ കോളേജ്‌ സ്ഥാപിച്ചതും ഖുർഷിദ ബീഗം ആയിരുന്നു.

അസീസന്‍ ബീഗം

ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ധീര രക്തസാക്ഷിയാണ് അസീസന്‍ ബീഗം. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാന്‍ ചുറുചുറുക്കും തന്റെടവുമുള്ള വനിതകളുടെ സംഘമുണ്ടാക്കുക എന്നതായിരുന്നു അവരുടെ ദൌത്യം. അതിലവര്‍ വിജയിക്കുകയും ചെയ്തു. ആയിരത്തോളം അംഗങ്ങള്‍ ഉണ്ടായിരുന്നു കാന്പൂരിലെ ആ വനിതാ റജിമെന്റില്‍. അവസാനം ബ്രിട്ടീഷ് സൈനിക കോടതി അവരെ വധശിക്ഷ വിധിച്ചു. അങ്ങനേ ഫയറിംഗ് സ്ക്വാഡിന് മുന്നില്‍ നില്ക്കുമ്പോള്‍ അസീമുല്ലാ ഖാന്‍ എവിടെയെന്നു പറഞ്ഞാല്‍ വധശിക്ഷയില്‍ നിന്നും ഒഴിവാക്കാം എന്ന് പറഞ്ഞെങ്കിലും ആ ധീര വനിത ആ രഹസ്യം വെളിപ്പെടുത്താൻ തയ്യാറായില്ല . അങ്ങനെ ആ ധീരവനിത ഇംഗ്ലീഷുകാരുടെ വെടിയേറ്റു മരിച്ചു.

ദേശീയ പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ബദര്ദീന്‍ ത്വയ്യിബ്ജി, അവരുടെ ഭാര്യ ആമിനാ ത്വയ്യിബ്ജി. ബന്ധുക്കളായ രഹാന ത്വയ്യിബ്ജി, സുഹൈലാ ത്വയ്യിബ്ജി എന്നിവരൊക്കെ സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. ഗാന്ധിജിയോടപ്പം ഗുജറാത്തിൽ കള്ളുഷാപ്പുകളും വിദേശ സാധനങ്ങള്‍ വില്ക്കുന്ന കടകളും പിക്കറ്റ് ചെയ്യുന്നതില്‍ അവര്‍ മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു. ഈ കുടുമ്പത്തിലെ വനിതകളെ ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ ബ്രിട്ടീഷ്‌ ഭരണകൂടം അറസ്റ്റ് ചെയ്തു ജയിലിലടച്ചിരുന്നു.

ബഹറുദ്ദീന്‍ ത്വയ്യിബ്ജിയുടെ മക്കള്‍ സകീന ലുക്മാനിയും സമര രംഗത്ത് വളരെ സജീവമായിരുന്നു.ബോംബെ പ്രാദേശിക കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്റായിരുന്നു അവര്‍. സകീന ലുക്മാനിയുടെ പ്രസംഗങ്ങള്‍ ആളുകളില്‍ സ്വാതന്ത്ര്യബോധം ഉണർത്തിയിരുന്നു.

ദണ്ഡിയാത്രയില്‍ ഗാന്ധിജിയോടപ്പം പങ്കെടുത്ത സ്വാതന്ത്ര്യസമര സേനാനിയായിരുന്നു റസൂല്‍ ഖുറൈഷി. അവരുടെ ഭാര്യയായിരുന്നു അമീന. വിവാഹശേഷം ഭർത്താവിനോടും ഗാന്ധിയുടെ ഉറ്റ സുഹൃത്തായ പിതാവ്‌ അബ്ദുല്‍ ഖാദര്‍ ബാവസീരിനോടൊപ്പം സബർമതി ആശ്രമത്തില്‍ തന്നെയാണ് ഇവര്‍ താമസിച്ചിരുന്നത്. ദണ്ഡിയാത്രയുടെ പേരില്‍ പിതാവും ഭർത്താവും അറസ്റ്റിലായി. ജയിലില്‍ വെച്ചു ബാവസീര്‍ മരിക്കുകയും ചെയ്തു. എന്നിട്ടും മദ്യഷാപ്പ്‌ പിക്കറ്റിങ്ങില്‍ പങ്കെടുത്ത് ജയിലില്‍ പോകാന്‍ അമീനയ്ക്ക്‌ ഒട്ടും മടിയുണ്ടായിരുന്നില്ല.

സ്വാതന്ത്ര്യ പോരാളി സൈഫുദ്ദീന്‍ കിച്ച്ച്ലുവിന്റെ ഭാര്യ സഹാദത്ത്‌ ബാനു, ബാരിസ്റ്റര്‍ ആസിഫലിയുടെ മാതാവ്‌ അക്തരീ ബീഗം, ഹസ്രത്ത്‌ മോഹാനിയുടെ പത്നി നിശാഅതതുന്നീസ ബീഗം എന്നിവരെല്ലാം സ്വാതന്ത്ര്യസമരത്തില്‍ സജീവമായിരുന്നു. പ്രസംഗങ്ങളിലൂടെയും സ്ത്രീകൾക്കിടയിലുള്ള പ്രവർത്തനങ്ങളിലൂടെയും ആണ് ഇവർ ജനങ്ങളെ സമരപാതയിലേയ്ക്കു കൊണ്ടുവന്നിരുന്നത്.

രണ്ടാം സ്വാതന്ത്ര്യ സമരത്തിലെ മുസ്ലീം സ്ത്രീസാന്നിധ്യത്തിന്റെ രോമാഞ്ചജനകമായ പ്രതീകമാണ് ഭീയുമ്മ. മൌലാന ഷൌക്കത്ത് അലിയുടെയും മുഹമ്മദലിയുടെയും മാതാവായ ഭീയുമ്മയെ അറിയാത്തവരായി ആരും ഉണ്ടാവില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ചില മുസ്ലിം വനിതാ സാന്നിധ്യമാണ് ഇവിടെ പരാമർശിച്ചിട്ടുള്ളത്. നാടിന്റെ സ്വാതന്ത്ര്യത്തിനായി കഷ്ടപാടുകള്‍ സഹിച്ച എന്നാല്‍ അറിയപെടാത്ത ഒരുപാടു ഇസ്ലാം മതവിശ്വാസികളായ വനിതകള്‍ ഇനിയും ഉണ്ട്.

Related Topics

Share this story