Times Kerala

ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനമായി ഇന്ത്യ ആഘോഷിക്കുന്നത് എന്തുകൊണ്ട്?

 
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനമായി ഇന്ത്യ ആഘോഷിക്കുന്നത് എന്തുകൊണ്ട്?

ആഗസ്റ്റ് 15 ആം തീയതി സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യയിലെ 120 കോടി ജനങ്ങളിൽ ഭൂരിഭാഗം പേര്‍ക്കും അറിയാത്ത ഒരു കാര്യമാണിത്. ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായി ഈ ദിവസം തന്നെ എന്തുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ടു എന്ന വസ്തുത. ഇന്ത്യയില്‍ പിടിച്ചു നിൽക്കാനാകാതെ വന്നപ്പോൾ ബ്രിട്ടീഷുകാര്‍ ഒരു പാതിരാത്രി സ്വാതന്ത്ര്യം നൽകിയിട്ട് നാടുവിട്ടതല്ല. ഇന്ത്യ ഏതു ദിവസം സ്വതന്ത്രമാകണം എന്നു തീരുമാനിച്ചതുപോലും ബ്രിട്ടീഷുകാരാണ്. അതിന് അവര്‍ തീരുമാനിച്ച തീയതിയാകട്ടെ ആത്മാഭിമാനമുള്ള ഏതൊരു ഇന്ത്യാക്കാരനെയും ലജ്ജിപ്പിക്കുന്നതാണ്.

ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി ആയിരുന്ന മൗണ്ട്ബാറ്റന്‍ പ്രഭു ആണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കാനുള്ള ദിവസമായി ആഗസ്റ്റ് 15 തീരുമാനിച്ചത്. ഈ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്. ഈ ദിവസമാണ് രണ്ടാം ലോകമഹായുദ്ധത്തിന് അന്ത്യം കുറിച്ചത്. ബ്രിട്ടണ്‍ ഉള്‍പ്പെടെയുള്ള സഖ്യസേനയ്ക്ക് മുന്‍പില്‍ ജപ്പാന്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ച ദിവസം. ഗ്യോകുവോന്‍ ഹോസോ എന്നാണ് 1945 ആഗസ്റ്റ് 15ലെ ചരിത്രപ്രസിദ്ധമായ ആ കീഴടങ്ങല്‍ അറിയപ്പെടുന്നത്.

സഖ്യസേനയുടെ സാമ്രാജ്യത്വ അഹങ്കാരത്തിനെതിരെ അവസാന നിമിഷം വരെ തോറ്റുകൊടുക്കാതെ പോരാടിയ ജപ്പാന്റെ നെഞ്ചിലേയ്ക്ക് വര്‍ഷിക്കപ്പെട്ട ‘ലിറ്റില്‍ബോയ് എന്നും ‘ഫാറ്റ്മാന്‍’ എന്നും പേരുള്ള രണ്ട് ആറ്റം ബോംബുകള്‍. അതാണ് ഹിരോഷിമയിലും നാഗസാക്കിയിലും മാനവരാശി ഇന്നോളം കണ്ടിട്ടില്ലാത്ത കൊടുംയാതനകൾ വിതച്ചത്. ജപ്പാന്‍ എന്ന കൊച്ചുരാജ്യത്തിന് താങ്ങാവുന്നതിലേറെയായിരുന്നു ഈ ആഘാതം. ഹിരോഷിമയില്‍ ബോംബിട്ടത് 1945 ആഗസ്റ്റ് 6 നായിരുന്നു. നാഗസാക്കിയിലേത് ആഗസ്റ്റ് 9നും. ആഗസ്റ്റ് 15ന് ജപ്പാന്‍ കീഴടങ്ങുന്നതായി പ്രഖ്യാപിച്ചു. രണ്ടാം ലോകമഹായുദ്ധം അങ്ങനെ അവസാനിച്ചു.

ജപ്പാന്റെ കീഴടങ്ങല്‍ പ്രഖ്യാപിച്ച ദിവസത്തിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം അതേ ദിവസം തന്നെ മൗണ്ട്ബാറ്റന്‍ പ്രഭു ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കാനുള്ള ദിവസമായി തെരഞ്ഞെടുത്തത്. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഒരു ജനതയുടെ ആഗ്രഹ സാക്ഷാല്‍ക്കാരത്തെപ്പോലും തങ്ങളുടെ സാമ്രാജ്യത്വ അഹങ്കാരത്തിന്റെ ഓര്‍മ്മ ദിവസമാക്കി മാറ്റാനുള്ള ബ്രിട്ടീഷുകാരന്റെ തന്ത്രം. അതോടൊപ്പം, ജപ്പാന്റെ സഹായത്തോടെ സ്വാതന്ത്ര്യം നേടാന്‍ ശ്രമിച്ച സുഭാഷ് ചന്ദ്രബോസിനെ പോലെയുള്ളവരുടെ സ്മരണയെപ്പോലും പരിഹസിക്കുക എന്നതും ബ്രിട്ടീഷുകാരുടെ ലക്ഷ്യമായിരുന്നു.

1947 ആഗസ്റ്റ് 15 ഒരിക്കലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു നല്ല ദിവസമായിരുന്നില്ല. സ്വാതന്ത്ര്യലബ്ദിയുടെ ഹര്‍ഷാരവങ്ങളേക്കാള്‍ വിഭജനത്തിന്റെ മുറിപ്പാടുകളില്‍ നിന്നുയരുന്ന അലമുറകളായിരുന്നു ആ ദിവസത്തിൽ മുഴങ്ങിക്കേട്ടത്. രാജ്യത്തെമ്പാടും പൊട്ടിപ്പുറപ്പെട്ട ഹിന്ദു-മുസ്ലീം വര്‍ഗീയകലാപങ്ങള്‍, ജനിച്ചുവളര്‍ന്ന നാട്ടില്‍ ഒറ്റ രാത്രികൊണ്ട് അന്യരും വിദേശികളുമാകേണ്ടി വന്ന ലക്ഷക്കണക്കിനാളുകൾ. അഭയാര്‍ത്ഥി പ്രവാഹങ്ങള്‍, രക്തച്ചൊരിച്ചിലുകള്‍, ശിശുമരണങ്ങള്‍, പട്ടിണിയുടെയും പകര്‍ച്ച വ്യാധികളുടെയും രൂപത്തില്‍ മരണം താണ്ഡവമാടി.

വര്‍ഗീയകലാപങ്ങള്‍ കണ്ട് മനസുമടുത്ത ഗാന്ധിജി സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കെടുക്കാതെ മാറി നിന്നു. 1947 ആഗസ്റ്റ് 15നു ശേഷവും ബ്രിട്ടീഷുകാരന്‍ തന്നെയായിരുന്നു ഇന്ത്യ ഭരിച്ചത്. ഇന്ത്യയുടെ പരമാധികാരിയായി മൗണ്ട്ബാറ്റന്‍ പ്രഭു അധികാരത്തില്‍ തുടര്‍ന്നു. ഇടയ്ക്ക് വിക്ടോറിയ രാജ്ഞിയുടെ വിവാഹത്തിനു സംബന്ധിക്കാനായി മൗണ്ട്ബാറ്റന്‍ പ്രഭു ബ്രിട്ടണില്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ ചുമതലകള്‍ വഹിച്ചിരുന്നത് സി. രാജഗോപാലാചാരി ആയിരുന്നു. അദ്ദേഹത്തിന്റെ കൃത്യനിര്‍വഹണത്തില്‍ സന്തുഷ്ടനായ പ്രഭു തന്റെ പിന്‍ഗാമിയായി ആചാരിയുടെ പേര് നിര്‍ദ്ദേശിച്ചു. എങ്കിലും ഇന്ത്യ ബ്രിട്ടീഷുകാരന്റെ ഭരണത്തിൻ കീഴിൽ തന്നെയായിരുന്നു.

ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായത് 1950 ജനുവരി 26ന് സ്വന്തം ഭരണഘടനയോടു കൂടി ഇന്ത്യ ഒരു റിപ്പബ്ലിക് ആയപ്പോഴാണ്. അതിനാൽ, ഇന്‍ഡ്യയുടെ യഥാര്‍ത്ഥ സ്വാതന്ത്ര്യദിനം 1950 ജനുവരി 26 ആണെന്നു പറയാം. ജനുവരി 26നും ഒരു പ്രത്യേകതയുണ്ട്. 1930 ജനുവരി 26നാണ് ഇന്‍ഡ്യയുടെ ദേശീയനേതാക്കള്‍ പൂര്‍ണ്ണസ്വരാജ് പ്രഖ്യാപിച്ചത്. അന്നേ ദിവസം സ്വാതന്ത്ര്യദിനമായി ആചരിക്കാന്‍ സ്വാതന്ത്ര്യ സമരനേതാക്കള്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. അതിനാൽ, 20 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്‍ഡ്യയെ ഒരു സമ്പൂര്‍ണ്ണ ജനാധിപത്യ റിപ്പബ്ലിക്ക് ആയി പ്രഖ്യാപിക്കാന്‍ നമ്മുടെ പൂര്‍വ്വികര്‍ ആ ദിനം തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് ഭാരതീയർ തന്നെ തെരഞ്ഞെടുത്ത ദിവസം.

ഇന്ത്യക്ക് രണ്ടു ദേശീയ ദിനങ്ങള്‍. ഒന്ന് നമ്മള്‍ തെരഞ്ഞെടുത്തത്. മറ്റൊന്ന് ബ്രിട്ടീഷുകാര്‍ നമ്മിൽ അടിച്ചേല്‍പ്പിച്ചത്.

Related Topics

Share this story