Times Kerala

ഇന്ത്യക്ക് പുറമെ ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന മറ്റ് രാജ്യങ്ങൾ

 
ഇന്ത്യക്ക് പുറമെ ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന മറ്റ് രാജ്യങ്ങൾ

74 മത് സ്വാതന്ത്ര്യദിനമാണ് ഇന്ത്യ ആഘോഷിക്കാൻ ഒരുങ്ങുന്നത്. 1947 ആഗസ്റ്റ് 15, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ പിറവിയെ അടയാളപ്പെടുത്തിയ ദിവസമാണ്. നാട്ടിലായാലും വിദേശത്തായാലും ഓരോ ഇന്ത്യക്കാരും വളരെ അഭിമാനത്തോടെയും ഉത്സാഹത്തോടെയും സ്വാതന്ത്രദിനം ആഘോഷിക്കുന്നു.

ഇന്ത്യയെ കൂടാതെ ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യം നേടിയ മറ്റ് അഞ്ച് രാജ്യങ്ങൾ കൂടിയുണ്ട്. ഉത്തര കൊറിയ, ദക്ഷിണ കൊറിയ, റിപ്പബ്ലിക് ഓഫ് കോംഗോ, ബഹ്റൈന്‍, ലിച്ചെന്‍സ്‌റ്റൈന്‍ എന്നിവയാണത്.

ഉത്തര കൊറിയ

രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തില്‍ സഖ്യകക്ഷികള്‍ കൊറിയന്‍ ഉപദ്വീപിനെ മോചിപ്പിച്ചു. ശേഷം 1945 ആഗസ്റ്റ് 15 ന് ഉത്തര കൊറിയ ജപ്പാനില്‍ നിന്ന് സ്വാതന്ത്ര്യം നേടി. 1948 ആഗസ്റ്റ് 15 ന് സര്‍ക്കാര്‍ രൂപീകരിക്കുകയും രാജ്യത്തിന് ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് കൊറിയ എന്ന് പേര് നല്‍കുകയും ചെയ്തു. ഉത്തരകൊറിയ സ്വാതന്ത്ര്യദിനം ചോഗുഖെബാംഗുയി നാഷണല്‍ അല്ലെങ്കില്‍ ലിബറേഷന്‍ ഓഫ് ഫാദര്‍ലാന്റ് ദിനമായി ആഘോഷിക്കുന്നു.

ദക്ഷിണ കൊറിയ

അമേരിക്കന്‍ നിയന്ത്രണ മേഖല ഏകീകരിക്കുകയും സോവിയറ്റ് യൂണിയന്‍ നിയന്ത്രിത പ്രദേശം പരാജയപ്പെടുകയും ചെയ്തതോടെ 1948 ആഗസ്റ്റ് 15 ന് ദക്ഷിണ കൊറിയയില്‍ ഒരു യുഎസ് അനുകൂല സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടു. ദക്ഷിണ കൊറിയയെ ‘റിപ്പബ്ലിക് ഓഫ് കൊറിയ’ എന്ന് ഔദ്യോഗികമായി നാമകരണം ചെയ്‌തു. ആഗസ്റ്റ് 15 ന് ദേശീയ അവധി ദിനമായി പ്രഖ്യാപിച്ചു.

റിപ്പബ്ലിക് ഓഫ് കോംഗോ

1960 ആഗസ്റ്റ് 15 ന് കോംഗോ റിപ്പബ്ലിക്ക്, ഫ്രഞ്ച് കൊളോണിയല്‍ ഭരണാധികാരികളില്‍ നിന്ന് സ്വാതന്ത്ര്യം നേടി. മധ്യ ആഫ്രിക്കന്‍ രാജ്യം 1880 ല്‍ ഫ്രഞ്ച് ഭരണത്തിന്‍ കീഴിലായി. ആദ്യം ഫ്രഞ്ച് കോംഗോ എന്നും 1903 ല്‍ മിഡില്‍ കോംഗോ എന്നും അറിയപ്പെട്ടു. 1963ല്‍ ഫുള്‍ബര്‍ട്ട് യൂലൂ രാജ്യത്തെ ആദ്യത്തെ പ്രസിഡന്റായി.

ബഹ്റൈന്‍

ബഹ്റൈന്‍ ജനസംഖ്യയില്‍ ഐക്യരാഷ്ട്രസഭ നടത്തിയ സര്‍വേയ്ക്ക് ശേഷം 1971 ആഗസ്റ്റ് 15 ന് ബഹ്റൈന്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണാധികാരികളില്‍ നിന്ന് സ്വാതന്ത്ര്യം നേടി. എങ്കിലും മുന്‍ ഭരണാധികാരി ഈസ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ സിംഹാസനത്തിലിറങ്ങിയ ദിവസത്തോടനുബന്ധിച്ച് ഡിസംബര്‍ 16 ന് ബഹ്റൈന്‍ ദേശീയ ദിനം ആഘോഷിക്കുന്നു.

ലിച്ചെന്‍സ്‌റ്റൈന്‍

ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നാണ് ലിച്ചെന്‍സ്‌റ്റൈന്‍. 1866 ല്‍ ജര്‍മ്മന്‍ ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടി. 1940 മുതല്‍ ആഗസ്റ്റ് 15 നെ ദേശീയ ദിനമായി ആചരിക്കുന്നു. ആഗസ്റ്റ് 16 ന് ഫ്രാന്‍സ്-ജോസഫ് രണ്ടാമന്‍ രാജകുമാരന്റെ ജന്മദിനവുമായി ഈ ദിവസം ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ആഗസ്റ്റ് 15ന് ദേശീയ ദിനം ആഘോഷിക്കാന്‍ ലിച്ചെന്‍സ്‌റ്റൈന്‍ തീരുമാനിച്ചു.

Related Topics

Share this story