Times Kerala

സ്വാതന്ത്രദിനാഘോഷവും ചെങ്കോട്ടയും

 
സ്വാതന്ത്രദിനാഘോഷവും ചെങ്കോട്ടയും

പതിനേഴാം നൂറ്റാണ്ടിൽ പഴയ ഡെൽഹിയിൽ മുഗൾ ഭരണാധികാരിയായിരുന്ന ഷാജഹാൻ ചക്രവർത്തി പണികഴിപ്പിച്ച ചുവരുകളുടെ നഗരം എന്നറിയപ്പെട്ടിരുന്ന വിസ്തൃതമായ ഒരു കോട്ടയാണ് ചുവപ്പു കോട്ട അഥവാ ചെങ്കോട്ട. രണ്ട്‌ കിലോമീറ്റർ ചുറ്റളവിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. 1857-ൽ മുഗൾ ഭരണാധികാരിയായിരുന്ന ബഹദൂർ ഷാ സഫറിൽ നിന്ന് ബ്രിട്ടീഷ്-ഇന്ത്യ സർക്കാർ ചുവപ്പു കോട്ട പിടിച്ചടക്കും വരെ ഇത് മുഗൾ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു.

കോട്ടയുടെ തെക്കുവശത്തുള്ള പ്രവേശന കവാടമായ ഡെൽഹി ഗേറ്റ് പഴയ ഡൽഹി അഥവാ ഷാജഹാനാബാദ് നഗരത്തിന്റെ കേന്ദ്രഭാഗമാണ്. കോട്ടയുടെയും നഗരത്തിന്റെയും കിഴക്കുവശത്ത് കൂടി യമുനാനദി ഒഴുകുന്നു. പടിഞ്ഞാറുവശത്ത് ലാഹോറിഗേറ്റ്, തെക്കുവശത്ത് ഡെൽഹി ഗേറ്റ് എന്നീ രണ്ട് പ്രധാന പ്രവേശന കവാടങ്ങൾ കോട്ടക്കുണ്ട്. ഈ കവാടങ്ങളിൽ നിന്നുള്ള വഴികൾ ചെന്നെത്തുന്ന നഗരമതിലിലെ കവാടങ്ങൾക്കും ഇതേ പേരുകൾ തന്നെയാണ്. യമുനയിലേക്കിറങ്ങുന്ന രാജ്ഘാട്ട് ഗേറ്റ് എന്ന കവാടവും കോട്ടക്കുണ്ട്.

പടിഞ്ഞാറുവശത്തുള്ള ലാഹോറി ഗേറ്റ് ആണ് കോട്ടയുടെ പ്രധാന പ്രവേശനകവാടം. ലാഹോറിനോടഭിമുഖമായതിനാലാണ് ഈ പേര്. ചുവന്ന മണൽക്കൽ പാളികൾ കൊണ്ടലങ്കരിച്ചിട്ടുള്ള ലാഹോറി ഗേറ്റിന്റെ ഇരുവശവും ഭാഗിക അഷ്ടഭുജാകൃതിയിലുള്ള ഗോപുരങ്ങളുണ്ട്. രണ്ടിനുമിടയിലായി മുകളിൽ വെണ്ണക്കൽ താഴികക്കുടങ്ങളോടു കൂടിയ ഏഴ് ഛത്രികളുമുണ്ട്. കോട്ടയുടെ പുറത്തേക്ക് തള്ളിനിൽക്കുന്ന എടുപ്പിനുള്ളിലാണ് ലാഹോറി ഗേറ്റ് സ്ഥിതിചെയ്യുന്നത്. ഗേറ്റിന്റെ മുകൾഭാഗവും മുകൾഭാഗത്തെ ഏഴ് വെളുത്ത താഴികക്കുടങ്ങളും ഗേറ്റിനിരുവശത്തുമുള്ള ഗോപുരങ്ങളും ദൂരെനിന്നും ശ്രദ്ധയിൽപ്പെടും. ലാഹോറി ഗേറ്റിനുമുകളിൽ ഇന്ത്യയുടെ ദേശീയപതാക എപ്പോഴും ഉയർത്തിയിരിക്കും. ലാഹോറി ഗേറ്റിനു മൂന്നിലെ തട്ടിൽ നിന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തിൽ പ്രസംഗം നടത്തുന്നത്.

Related Topics

Share this story