Times Kerala

സ്വാതന്ത്ര്യദിനാഘോഷവും ത്രിവർണ്ണ പതാകയും

 
സ്വാതന്ത്ര്യദിനാഘോഷവും ത്രിവർണ്ണ പതാകയും

അധികാരത്തിന്റേയോ അധീശത്വത്തിന്റേയോ ചിഹ്നമായ ഒരു അടയാളമോ നിറമോ, സാധാരണ രീതിയിൽ ഒരു തുണിയിൽ രേഖപ്പെടുത്തി, വിളംബരം ചെയ്യാനാണ് പതാക ഉപയോഗിക്കുന്നത്. ഒരു ദണ്ഡിന്റെ അറ്റത്ത് കെട്ടി, വീശിക്കാണിച്ചുകൊണ്ടോ, ഉയരത്തിൽ കെട്ടുനിർത്തിയോ, ശരീരത്തിൽ വസ്ത്രങ്ങളിലും മറ്റും ധരിച്ചുകൊണ്ടോ ഇവ പ്രദർശിപ്പിച്ചു വരുന്നു. ഒരു രാജ്യത്തെ പ്രതിനിധീകരിക്കുന്നതിനും പതാക ഉപയോഗിക്കുന്നു. രാജ്യങ്ങളുടെ ദേശീയ പതാകകൾ ദേശീയ പ്രാധാന്യമുള്ളതും ദേശസ്നേഹത്തെ സൂചിപ്പിക്കുന്നതുമാണ്.

ഇന്ത്യയുടെ ദേശീയ പതാക ‘ത്രിവർണ്ണപതാക’ എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയുടെ ദേശീയ പതാക രൂപകല്‌പന ചെയ്തത് പിംഗലി വെങ്കയ്യ ആണ് . പതാക ഖാദി കൊണ്ട് മാത്രമേ നിർമ്മിക്കാവൂ എന്ന് പതാകയുടെ ഔദ്യോഗിക നിയമങ്ങൾ അനുശാസിക്കുന്നു. ഈ പതാകയിൽ തിരശ്ചീനമായി മുകളിൽ കുങ്കുമ നിറവും, നടുക്ക് വെള്ളയും, താഴെ പച്ചയും നിറങ്ങളാണ് ഉള്ളത്. മദ്ധ്യത്തിലായി നാവികനീല നിറത്തിൽ 24 ആരങ്ങൾ ഉള്ള അശോക ചക്രവും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. വെള്ള നാടയുടെ വീതിയുടെ മുക്കാൽ ഭാഗമാണ് അശോകചക്രത്തിന്റെ വ്യാസം. പതാകയുടെ വീതിയുടേയും നീളത്തിന്റേയും അനുപാതം 2:3 ആണ്. ഈ പതാക ഇന്ത്യൻ കരസേനയുടെ യുദ്ധപതാകയും കൂടിയാണ്. ഇന്ത്യൻ കരസേനയുടെ ദിവസേനയുള്ള സേനാവിന്യാസത്തിനും ഈ പതാക ഉപയോഗിക്കുന്നു.

ഇന്ത്യയിലെ രാഷ്ട്രീയ സംഘടനയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്വാതന്ത്യത്തിനു മുൻപ് 1921-ൽ ചുവപ്പും, പച്ചയും, വെള്ളയും ചേർന്ന ഒരു പതാക ഔദ്യോഗിക പതാകയായി അംഗീകരിച്ചിരുന്നു. ഈ പതാകയിലെ ചുവപ്പ് ഹൈന്ദവതയേയും, പച്ച ഇസ്ലാമിനേയും, വെള്ള മറ്റ് ചെറിയ ന്യൂനപക്ഷമത വിഭാഗങ്ങളെയും ആണ് പ്രതിനിധാനം ചെയ്തിരുന്നത്. 1931-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുങ്കുമം, പച്ച, വെള്ള എന്നീ നിറങ്ങൾ അടങ്ങിയ മദ്ധ്യഭാഗത്തെ വെള്ള നാടയിൽ ഒരു ചർക്ക ആലേഖനം ചെയ്ത മറ്റൊരു പതാക ഔദ്യോഗിക പതാകയായി അംഗീകരിച്ചു. ഈ പതാകയ്ക്ക് മതങ്ങളുമായി ബന്ധപ്പെട്ട പ്രതിരൂപാത്മകത്വം ഒന്നും കല്‌പിച്ചിരുന്നില്ല.

ഇന്ത്യ സ്വതന്ത്രയാകുന്നതിനു കുറച്ചു നാൾ മുൻപ് ഭരണഘടനാസമിതിയുടെ ഒരു പ്രത്യേക സമ്മേളനം ചേർന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പതാക എല്ലാ രാഷ്ട്രീയ സംഘടനകൾക്കും മതവിഭാഗങ്ങൾക്കും സമ്മതമായ ചില മാറ്റങ്ങളോടെ സ്വതന്ത്ര ഇന്ത്യയുടെ ദേശീയപതാക ആക്കാൻ തീരുമാനിച്ചു. ഏറ്റവും പ്രധാനപ്പെട്ട മാറ്റം മദ്ധ്യത്തിലുണ്ടായിരുന്ന ചർക്കയ്ക്ക് പകരം അശോകചക്രം വെച്ചു എന്നതാണ്. മുൻപുണ്ടായിരുന്ന പതാകയിലെ നിറങ്ങൾക്ക് വിവിധ മതവിഭാഗങ്ങളുമായി ബന്ധം കല്‌പിച്ചിരുന്നതിനാൽ, പിന്നീട് ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയായ സർവേപ്പള്ളി രാധാകൃഷ്ണൻ, ഇന്ത്യയുടെ പുതിയ പതാകയ്ക്ക് മതവിഭാഗങ്ങളുമായി ബന്ധം ഇല്ലെന്നും പതാകയിലെ വിവിധ പ്രതിരൂപങ്ങളെ താഴെ കാണുന്ന വിധം നിർവചിക്കുകയും ചെയ്തു.

“കുങ്കുമം ത്യാഗത്തെയും നിഷ്‌പക്ഷതയേയും സൂചിപ്പിക്കുന്നു. നമ്മുടെ നേതാക്കന്മാർ ഐഹിക സമ്പത്ത് നേടുന്നതിൽ താല്‌പര്യം ഇല്ലാത്തവരാണെന്നും അവർ ചെയ്യുന്ന ജോലിയിൽ പൂർണ്ണമായും മുഴുകിയിരിക്കുന്നവരുമാണെന്നും ഇത് സൂചിപ്പിക്കുന്നു. നടുക്കുള്ള വെള്ള നിറം നമ്മുടെ പ്രവൃ‍ത്തിയെ സത്യത്തിന്റെ പാതയിലൂടെ നയിക്കുന്ന വെളിച്ചത്തെ സൂചിപ്പിക്കുന്നു. പച്ച നിറം നമ്മുടെ ജീവിതം നിലനിർത്തുന്ന പ്രകൃതിയുമായും ഭൂമിയിലെ സസ്യലതാദികളുമായുള്ള ബന്ധത്തേയും സൂചിപ്പിക്കുന്നു. നടുക്കുള്ള അശോകചക്രം ധർമ്മത്തിന്റെ ചക്രമാണ്. സത്യം, ധർമ്മം ഇവ ആയിരിക്കും ഈ പതാകയെ അംഗീകരിക്കുന്ന എല്ലാവരുടേയും മാർഗ്ഗദർശി. ചക്രം ചലനത്തേയും സൂചിപ്പിക്കുന്നു. സ്തംഭനാവസ്ഥയിൽ മരണം ഉള്ളപ്പോൾ ചലനത്തിൽ ജീവൻ ആണ് ഉള്ളത്. ഇന്ത്യ മാറ്റങ്ങളെ തടഞ്ഞു നിർത്താതെ മുൻപോട്ട് പോകണം. ചക്രം ഇങ്ങനെ സമാധാനപരമായ മാറ്റത്തെ ആണ് സൂചിപ്പിക്കുന്നത്.”

പതാകയിലെ കുങ്കുമ നിറം പരിശുദ്ധിയേയും ആത്മീയതയേയും, വെള്ള സമാധാനത്തേയും സത്യത്തേയും, പച്ച സമൃദ്ധിയേയും ഫലഭൂവിഷ്ടിതയേയും, ചക്രം നീതിയേയും സൂചിപ്പിക്കുന്നുവെന്ന് അനൗദ്യോഗികമായ മറ്റൊരു വ്യാഖ്യാനവും ഉണ്ട്. പതാകയിലുള്ള വിവിധ നിറങ്ങൾ ഇന്ത്യയിലെ മതങ്ങളുടെ നാനാത്വമാണ് സൂചിപ്പിക്കുന്നതെന്നും കുങ്കുമം ഹൈന്ദവതയേയും, പച്ച ഇസ്ലാമിനേയും, വെള്ള ജൈനമതം, സിഖ് മതം, ക്രിസ്തുമതം എന്നിവയേയും സൂചിപ്പിക്കുന്നു എന്നും മറ്റൊരു വ്യാഖ്യാനവുമുണ്ട്.

Related Topics

Share this story