Times Kerala

മാസ്ക്ക് ധരിക്കാത്തതിന് പിഴയടക്കാൻ സുഹൃത്തിനൊപ്പം എത്തിയ യുവാവ് പീഡനക്കേസിൽ അറസ്റ്റിൽ; സംഭവം തിരുവനന്തപുരത്ത്

 
മാസ്ക്ക് ധരിക്കാത്തതിന് പിഴയടക്കാൻ സുഹൃത്തിനൊപ്പം എത്തിയ യുവാവ് പീഡനക്കേസിൽ അറസ്റ്റിൽ; സംഭവം തിരുവനന്തപുരത്ത്

കോവളം: പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ  പീഡനത്തിനിരയാക്കിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഒടുവിൽ പിടിയിലായി. കോവളം പുതുവൽ പുത്തൻവീട്ടിൽ മഹേഷിനെ(29)യാണ് തിരുവല്ലം പോലീസ് അറസ്റ്റുചെയ്തത്.

മസ്ക് ധരിക്കാത്തതിനു പിഴയടയ്ക്കാൻ സുഹൃത്തിനൊപ്പമെത്തിയ മഹേഷ് തിരുവല്ലം പോലീസ് സ്റ്റേഷൻ വളപ്പിനു പുറത്തുള്ള റോഡിൽ നിൽക്കുകയായിരുന്നു. ഈ സമയത്ത് സ്റ്റേഷനിലേക്കു വരികയായിരുന്ന സി.പി.ഒ. രാജീവ്, മുഖാവരണം ധരിച്ചു നിൽക്കുന്ന മഹേഷിനെ കണ്ടു. ആളെ തിരിച്ചറിഞ്ഞ രാജീവ് തുടർന്ന് സ്റ്റേഷനിലെത്തിയശേഷം എസ്.ഐ. ബിപിൻ പ്രകാശിനോട് പുറത്തുനിൽക്കുന്ന ആളിനെക്കുറിച്ചുള്ള സംശയം പങ്കു വെക്കുകയായിരുന്നു

ഒളിവിൽപോയ പ്രതിയുടെ ഫോട്ടോയുമായി ഒത്തുനോക്കി ഉറപ്പുവരുത്തിയതോടെ സ്റ്റേഷിലേക്ക് എത്തിച്ച് ചോദ്യംചെയ്തു. പീഡനക്കേസിൽ തന്നെ പോലീസ് അന്വേഷിക്കാത്തതിനാൽ കേസില്ലെന്നാണ് വിചാരിച്ചതെന്നും അതുകൊണ്ടാണ് താൻ സ്റ്റേഷനിൽ കൂട്ടുകാരനൊപ്പമെത്തിയതെന്നും ഇയാൾ ചോദ്യംചെയ്യലിൽ പറഞ്ഞു.
പ്രതി കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു.

2019-ഡിസംബർ 12നായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടികൾ രക്ഷിതാക്കളോടു കാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ മഹേഷ് ഒളിവിൽപ്പോയി. പറണ്ടോട് ഭാഗത്ത് ഒളിവിൽ കഴിഞ്ഞതിനുശേഷം തിരുവല്ലം ഭാഗത്ത് എത്തുകയായിരുന്നു.

Related Topics

Share this story