Nature

സ്വർണ്ണക്കടത്ത് കേസ്: കൂടുതൽ പ്രതികളെ കണ്ടെത്താനുണ്ടെന്ന് ഇഡി; പ്രതികളെ 14 വരെ കസ്റ്റഡിയിൽ വിട്ടു

കൊച്ചി: സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്, സന്ദീപ് നായർ എന്നിവരെ നാലു ദിവസത്തേയ്ക്കു കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പ്രതികളെ 14 വരെ കസ്റ്റഡിയിൽ വിട്ടത്. 5 ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. എന്നാൽ ശനിയാഴ്ച പൊതുഅവധി ആയതിനാൽ തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ നൽകാമെന്നു കോടതി അറിയിച്ചു. വെള്ളിയാഴ്ച വരെ മതിയെന്ന് ഇഡി അറിയിക്കുകയായിരുന്നു.

പ്രതികൾക്ക് ഉന്നത വ്യക്തികളുമായി ബന്ധമുണ്ടെന്ന മൊഴി വിശദമായി പരിശോധിക്കുകയാണെന്ന് എൻഫോഴ്‌സ്മെന്റ് കോടതിയെ അറിയിച്ചു. സ്വർണക്കടത്തിന് പിന്നിലെ ഹവാല ഇടപാടുകളെക്കുറിച്ച് വിശദ അന്വേഷണം ആവശ്യമുണ്ടെന്നും കേസിൽ കൂടുതൽ പ്രതികളെ കണ്ടെത്താൻ തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും അതുകൊണ്ടു അഞ്ചു ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ നൽകണമെന്നാണ് ഇഡി ആവശ്യപ്പെട്ടത്. ഒരു വർഷത്തിനിടെ പ്രതികൾ 100 കോടി രൂപയുടെ ഇടപാട് നടത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

ഇതിനിടെ, സ്വര്‍ണക്കടത്തിനു പിന്നിൽ രാജ്യാന്തര റാക്കറ്റാണെന്നു കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ മൂന്നു പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് അന്വേഷണസംഘം ഇക്കാര്യം അറിയിച്ചത്. ഹർജികൾ ഹൈക്കോടതി വിധി പറയാനായി മാറ്റി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.