Times Kerala

തദ്ദേശ തിരഞ്ഞെടുപ്പ്: കരട് വോട്ടർ പട്ടിക 12 ന് പ്രസിദ്ധീകരിക്കും

 
തദ്ദേശ തിരഞ്ഞെടുപ്പ്: കരട് വോട്ടർ പട്ടിക 12 ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർപട്ടികയുടെ രണ്ടാംഘട്ട പുതുക്കലിന് കരട് വോട്ടർപട്ടിക ആഗസ്റ്റ് 12 ബുധനാഴ്ച പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. കരട് പട്ടികയിൽ 12540302 പുരുഷൻമാരും 13684019 സ്ത്രീകളും 180 ട്രാൻസ്‌ജെണ്ടറുകളും ഉൾപ്പെടെ ആകെ 26224501 വോട്ടർമാർ ഉൾപ്പെട്ടിട്ടുണ്ട്.

കരട് പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് 12 മുതൽ പേര്ചേർക്കാം. www.lsgelection.kerala.gov.in എന്ന വെബ് സൈറ്റിൽ ഓൺലൈനായി അപേക്ഷ അയയ്ക്കണം. കണ്ടെയിൻമെന്റ് സോണുകളിലുള്ളവർക്ക് ഹിയറിംഗിന് നേരിട്ട് ഹാജരാകാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ ഓൺലൈൻ വഴിയോ മൊബൈൽ ഫോൺ വീഡിയോകോൾ വഴിയോ ഹിയറിംഗിന് ഹാജരാകാം.

കരട് പട്ടികയിലെ ഉൾക്കുറിപ്പുകളിൽ തിരുത്തലുകൾ വരുത്തുന്നതിനും മറ്റൊരു വാർഡിലേക്കോ പോളിംഗ് ബൂത്തിലേക്കോ സ്ഥാനമാറ്റം വരുത്തുന്നതിനും ഓൺലൈൻ അപേക്ഷകളാണ് അയയ്‌ക്കേണ്ടത്. കരട് പട്ടികയിലുള്ളവരെ ഒഴിവാക്കുന്നതിന് ഫോം അഞ്ചിൽ നേരിട്ടോ തപാലിലൂടെയോ വേണം ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് അപേക്ഷ നൽകേണ്ടത്.

അന്തിമ വോട്ടർപട്ടിക സെപ്റ്റംബർ 26ന് പ്രസിദ്ധീകരിക്കും. പ്രവാസികൾക്കും വോട്ടർപട്ടികയിൽ ഓൺലെനിലൂടെ പേര് ചേർക്കുന്നതിന് അവസരം ഉണ്ട്. പ്രവാസികൾക്ക് ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് പോസ്റ്റ് വഴി അയയ്ക്കാൻ കഴിയുന്നില്ലെങ്കിൽ ഒപ്പും ഫോട്ടോയും രേഖപ്പെടുത്തിയ അപേക്ഷ സ്‌കാൻ ചെയ്ത് ഇ-മെയിൽ ആയി ഇ.ആർ.ഒ.യ്ക്ക് അയയ്ക്കാം.

Related Topics

Share this story