Times Kerala

മഴയും മണ്ണിടിച്ചിലും; കോന്നിയില്‍ വ്യാപക നാശനഷ്ടം

 
മഴയും മണ്ണിടിച്ചിലും; കോന്നിയില്‍ വ്യാപക നാശനഷ്ടം

പത്തനംതിട്ട: കോന്നി നിയോജക മണ്ഡലത്തില്‍ മഴയിലും, മണ്ണിടിച്ചിലിലും, വെള്ളപ്പൊക്കത്തിലും വ്യാപക നാശനഷ്ടമുണ്ടായതായി അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. നഷ്ടപരിഹാരം നല്‍കുന്നതിനാവശ്യമായ അടിയന്തിര നടപടി സ്വീകരിക്കാന്‍ റവന്യൂ, കൃഷി വകുപ്പു മന്ത്രിമാര്‍ക്ക് വിശദാംശങ്ങള്‍ ചൂണ്ടിക്കാട്ടി എംഎല്‍എ കത്തും നല്‍കി. നാശനഷ്ടം തിട്ടപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും എംഎല്‍എ പറഞ്ഞു. നാശനഷ്ടം നേരിട്ട മേഖലകളില്‍ എംഎല്‍എ സന്ദര്‍ശനവും നടത്തി.അച്ചന്‍കോവിലാര്‍ കരകവിഞ്ഞതുമൂലം ആറു കടന്നു പോകുന്ന മേഖലകളില്‍ വ്യാപക നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. കപ്പ, വാഴ, ഇഞ്ചി തുടങ്ങി വിവിധങ്ങളായ കൃഷികള്‍ വെള്ളം കയറി നശിച്ചു. താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളിലും വെള്ളം കയറി.

കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ എംഎല്‍എ ജില്ലാ കൃഷി ഓഫീസര്‍ക്കം, കോന്നി തഹസില്‍ദാര്‍ക്കും നിര്‍ദേശം നല്‍കി.
കനത്ത മഴയിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പുനരധിവാസ ക്യാമ്പ് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ റവന്യൂ അധികൃതര്‍ക്കായി. പഞ്ചായത്തുകളും ആവശ്യമായ സൗകര്യമൊരുക്കി. മണ്ഡലത്തില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 97 കുടുംബങ്ങളിലെ 269 പേരെ മാറ്റി താമസിപ്പിച്ചു.

ആറ്റില്‍ വീണ് രണ്ടു പേരെ കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കോന്നി, പത്തനംതിട്ട, റാന്നി ഫയര്‍ഫോഴ്‌സിന്റെ ആറു പേര്‍ വീതമുള്ള മൂന്നു വിഭാഗങ്ങള്‍ സ്‌കൂമ്പാ ബോട്ടിലാണ് തെരച്ചില്‍ നടത്തുന്നത്. പോലീസും സഹായത്തിനുണ്ട്. ഉയര്‍ന്നു നില്‍ക്കുന്ന ജലനിരപ്പും, കുത്തൊഴുക്കും തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ട്.
സീതത്തോട്, ചിറ്റാര്‍ പഞ്ചായത്തുകളില്‍ മണ്ണിടിച്ചില്‍ മൂലം നിരവധി വീടുകള്‍ തകര്‍ന്നു. വീടുകള്‍ പുനര്‍നിര്‍മിച്ച് വാസയോഗ്യമാക്കുന്നതിന് അടിയന്തിര ഇടപെടല്‍ നടത്തുന്നതിന് എംഎല്‍എ ജില്ലാ കളക്ടറുമായി ചര്‍ച്ച നടത്തി. മണ്ണിടിച്ചിലില്‍ വീടു തകര്‍ന്ന സീതത്തോട് കാവുങ്കമണ്ണില്‍ ജോസ് അടക്കം നിരവധിയാളുകളുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷമാണ് എംഎല്‍എ കളക്ടറുമായി ചര്‍ച്ച നടത്തിയത്. കൊക്കാത്തോട്ടിലും തകര്‍ന്ന വീടുകള്‍ എംഎല്‍എ സന്ദര്‍ശിച്ചു.

അരുവാപ്പുലം, കോന്നി, പ്രമാടം, വള്ളിക്കോട് പഞ്ചായത്തുകളിലെ അച്ചന്‍കോവിലാറിനോട് ചേര്‍ന്ന മേഖലകളില്‍ കൃഷി ചെയ്ത കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി എംഎല്‍എ പറഞ്ഞു. മരങ്ങള്‍ വീണ് നിരവധി വീടുകളും തകര്‍ന്നിട്ടുണ്ട്. ജനങ്ങള്‍ക്കുണ്ടായ നഷ്ടം പരിഹരിക്കാന്‍ അടിയന്തിര നടപടിയുണ്ടാകുമെന്ന് റവന്യൂ മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു. വെള്ളം കയറിയ വീടുകളും, വ്യാപാര സ്ഥാപനങ്ങളും ശുചീകരിക്കുന്നതിന് എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രംഗത്തിറങ്ങി സഹായങ്ങള്‍ ചെയ്യണമെന്നും എംഎല്‍എ അഭ്യര്‍ഥിച്ചു.

അച്ചന്‍കോവില്‍ ആറ്റില്‍ വീണ് കാണാതായ പ്രമാടം സ്വദേശിയുടെ വീട്ടില്‍ അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ സന്ദര്‍ശനം നടത്തി. പ്രമാടം മല്ലശേരി മുട്ടത്തു ഭാഗം പ്രസാദ് ഭവനില്‍ രാജന്‍ പിള്ളയുടെ വീട്ടിലാണ് എംഎല്‍എ സന്ദര്‍ശനം നടത്തിയത്.
ഞായറാഴ്ച പകല്‍ 11 മണിയോടെ പ്രമാടം മഹാദേവക്ഷേത്രത്തിനു സമീപം മുട്ടത്തു ഭാഗം ഇടനാഴി കടവില്‍ കാല്‍ വഴുതി വീണാണ് രാജന്‍ പിള്ളയെ കാണാതായത്. വീട്ടിലെത്തിയ എംഎല്‍എ ഭാര്യ വല്‍സലയെയും, മക്കളേയും ആശ്വസിപ്പിച്ചു.തുടര്‍ന്ന് രാജന്‍ പിള്ളയെ കാണാതായ ആറ്റുകടവിലും എംഎല്‍എ സന്ദര്‍ശനം നടത്തി. പരിശോധന നടത്തുന്ന ഫയര്‍ഫോഴ്സ് സംഘത്തോട് എംഎല്‍എ അന്വേഷണ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു.

പത്തനംതിട്ട ഫയര്‍‌സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പോള്‍ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള ആറംഗ ടീമിനോടാണ് എംഎല്‍എ തെരച്ചില്‍ വിശദാംശങ്ങള്‍ തേടിയത്.18 പേരുടെ സംഘം മൂന്നായി തിരിഞ്ഞ് അന്വേഷണം നടത്തി വരികയാണെന്ന് അവര്‍ എംഎല്‍എയെ അറിയിച്ചു.

നിയോജക മണ്ഡലത്തിലെ രണ്ടു പേരെയാണ് അച്ചന്‍കോവിലാറ്റില്‍ കാണാതായിട്ടുള്ളത്. തെരച്ചില്‍ കൂടുതല്‍ ശക്തമാക്കാന്‍ ഫയര്‍ഫോഴ്‌സ് ജില്ലാ മേധാവിയോടും, ജില്ലാ പോലീസ് ചീഫിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എംഎല്‍എ പറഞ്ഞു. നിലവില്‍ നിയോഗിച്ചിട്ടുള്ള സംഘം തൃപ്തികരമായി അന്വേഷണം നടത്തുന്നുണ്ട്. ആറ്റിലെ ഉയര്‍ന്ന ജലനിരപ്പും, ഒഴുക്കും തടസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കൂടുതല്‍ സംഘങ്ങളെ ഇറക്കി അന്വേഷണം നടത്തുന്നതോടുകൂടി രണ്ടു പേരെയും കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.

Related Topics

Share this story