Nature

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ നാശമുക്ത് ക്യാമ്പയിന്‍

കൊല്ലം; ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയം ആരംഭിക്കുന്ന നാശമുക്ത് ഭാരത് ക്യാമ്പയിനിന്റെ ജില്ലാതല ആലോചനാ യോഗം ചേര്‍ന്നു. കൊല്ലം ജില്ലയുള്‍പ്പടെ സംസ്ഥാനത്തെ ആറ് ജില്ലകളിലാണ് ഇത് നടപ്പിലാക്കുന്നത്.

ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സെക്രട്ടറിയുമായ ജില്ലാ സമിതി ഓണ്‍ലൈന്‍ വഴി ചേര്‍ന്ന യോഗത്തില്‍ ക്യാമ്പയിന്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ആഗസ്റ്റ് 18 ന് പുറത്തിറക്കാന്‍ തീരുമാനിച്ചു. ആഗസ്റ്റ് അവസാനത്തോടെ വിദ്യാലയങ്ങളും മറ്റ് പൊതുഇടങ്ങളും കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കാനാണ് തീരുമാനം.

ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ ഓണ്‍ലൈന്‍ ചര്‍ച്ചകള്‍, പോസ്റ്റര്‍-ചിത്ര പ്രദര്‍ശനങ്ങള്‍, കൊളാഷ്, കാര്‍ട്ടൂണ്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ നിര്‍ദേശിച്ചു. വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുമൊപ്പം രക്ഷകര്‍ത്താക്കളുടെ പ്രാതിനിത്യവും പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.

നിലവിലെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്ന രീതിയില്‍ തുടര്‍ച്ചയായ ബോധവത്കരണങ്ങള്‍ നാശമുക്ത് ക്യാമ്പയിനിലൂടെ വ്യാപിപ്പിക്കും. ചികിത്സാ സംവിധാനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുമെന്നത് ക്യാമ്പയിന്റെ സുപ്രധാന മാര്‍ഗ നിര്‍ദേശങ്ങളിലൊന്നാണ്.

പോലീസ്-എക്‌സൈസ് വകുപ്പുകളുടെ സഹകരണത്തോടെ സ്ഥാപിച്ചിട്ടുള്ള ആന്റി നര്‍ക്കോട്ടിക് സെല്ലുകളും സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍ വഴിയും ലഹരി വസ്തുക്കളുടെ വിതരണ ശൃംഖല ഇല്ലാതാക്കും. ലഹരിയില്‍ നിന്ന് മുക്തരായ വ്യക്തികളെ ഉള്‍പ്പെടുത്തിയുള്ള പ്രവര്‍ത്തനങ്ങളും ക്യാമ്പയിനിന്റെ ഭാഗമായി നടക്കും

.
ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സിജു ബെന്‍, വനിതാ ശിശുവികസന ഓഫീസര്‍ ഗീത, ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി സുബിത ചിറക്കല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത, അഡ്വ ഷണ്മുഖദാസ്, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, പുനലൂര്‍ ഗാന്ധിഭവന്‍ പ്രതിനിധി തുടങ്ങിയവര്‍ പങ്കെടുത്തു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.