chem

മഞ്ഞുകാലം ആഘോഷിക്കാന്‍ സിക്കിമിലേക്ക്!

മഞ്ഞു പുതച്ചു നില്‍ക്കുന്ന മലനിരകള്‍…. തണുപ്പിന്റെ മനോഹരമായ ആവരണമണിഞ്ഞ പ്രഭാതങ്ങള്‍… സിക്കിം എന്ന സഞ്ചാരികളുടെ പ്രിയപ്പെട്ടപറുദീസയെ മനോഹരമാക്കുന്നത് മഞ്ഞുകാലത്തിന്റെ മനോഹാരിതയാണെന്നു പറയാം. സിക്കിമിലേക്ക് ഒരു യാത്രയ്ക്ക് ഒരുങ്ങുകയാണെങ്കില്‍, പോകാന്‍ ഏറ്റവും പറ്റിയ സമയം ഇതാണ്. മഞ്ഞുകാലം എന്നും സിക്കിമിനെ സുന്ദരിയാക്കുന്ന കാലമാണ്. സിക്കിം വിന്റര്‍ കാര്‍ണിവല്‍ ഇവിടുത്തെ പ്രധാന പ്രത്യേകതകളില്‍ ഒന്നാണ്. ഡിസംബര്‍ 22 മുതല്‍ 24 വരെയാണ് ഈ വര്‍ഷത്തെ സിക്കിം വിന്റര്‍ കാര്‍ണിവല്‍ ആഘോഷിക്കുന്നത്. സിവില്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും സിക്കിം ടൂറിസവും ചേര്‍ന്നാണ് ഈ കാര്‍ണിവല്‍ നടത്തുന്നത്. സിക്കിമിലെ ഭക്ഷണ വൈവിധ്യങ്ങള്‍ രുചിച്ചറിയാമെന്നതാണ് ഈ കാര്‍ണിവലിന്റെ പ്രധാന പ്രത്യേകത. ഗാംങ്‌ടോങിലെ കാഞ്ചന്‍ജംഗ ഷോപ്പിംഗ് കോംപ്ലക്‌സിലെത്തിയാല്‍ ഇവിടുത്തെ വിവിധ ഗോത്രവര്‍ഗക്കാരുടെ വിഭവങ്ങള്‍ രുചിച്ചറിയാം.മോമോ,തുക്പാ,ഫഗ്ഷാപാ,നിഗുരു എന്നിവയുടെ രുചി നാവില്‍ തങ്ങിയാല്‍ പിന്നെ നിങ്ങള്‍ മറന്നു കളയില്ല.

ഇതോടൊപ്പം വിവിധതരം കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പ്പനയും ഇവിടെയുണ്ടാവും. കൂടാതെ പുഷ്പഫല പ്രദര്‍ശനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. സാഹസിക പ്രിയരാണ് നിങ്ങളെങ്കില്‍ സിക്കിമില്‍ നിങ്ങളെ കാത്തിരിക്കുന്നത് നിരവധി വിസ്മയങ്ങളാണ്. പാരഗ്ലൈഡിംഗ്, മൗണ്ടേന്‍ ബൈക്കിംഗ്, റോക്ക് ക്ലൈംബിംഗ് അങ്ങനെ നിരവധി സാഹസിക കളികളില്‍ ഏര്‍പ്പെടാം.  ഗാംഗ്‌ടോക്കിലെ സ്റ്റാര്‍ സിനിമാഹാളില്‍ ഒരുക്കുന്ന ഫോട്ടോ എക്‌സിബിഷനാണ് വിന്റര്‍ കാര്‍ണിവലിന് എത്തുന്ന സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന മറ്റൊന്ന്. സിക്കിമിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും മറ്റും ചിത്രങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ഇനി സിക്കിമിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഏതൊക്കെയാണെന്ന് പരിചയപ്പെടാം..

ബുദ്ധ വിഹാരങ്ങള്‍ 

ടിബറ്റന്‍ ബുദ്ധിസ്റ്റുകളുടെ ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ് സിക്കിം. അതിനാല്‍ തന്നെ സിക്കിമില്‍ ചെറുതും വലുതുമായ നിരവധി ബുദ്ധവിഹാരങ്ങള്‍ കാണാന്‍ സാധിക്കും. റംടെക് ബുദ്ധവിഹാരമാണ് ഇതില്‍ ഏറെ പ്രധാനം. സിക്കിമില്‍ എത്തുന്നവര്‍ സന്ദര്‍ശിക്കേണ്ട സ്ഥലമാണ് ഇത്.

ഗൊയിച്ചാ ലാ ട്രെക്കിംഗ്

സിക്കിമില്‍ പോയിട്ട് കാഞ്ചന്‍ ജംഗ കണ്ടില്ലെങ്കില്‍ അത് വലിയ നഷ്ടമായിരിക്കും. ഗോയിച്ചാ ലായിലേക്കുള്ള ട്രെക്കിംഗ് ആണ് കാഞ്ചന്‍ ജംഗ കാണാനുള്ള ഏറ്റവും നല്ല അവസരം. പടിഞ്ഞാറന്‍ സിക്കിമിലെ യുക്‌സോമില്‍ നിന്നാണ് ഗോയിച്ചായിലേക്കുള്ള ട്രെക്കിം പാത ആരംഭിക്കുന്നത്.

സൊംങ്‌കൊ തടാകം

സിക്കിമിലെ പേരുകേട്ട തടാകമാണ് സൊങ്‌കൊ തടാകം. പരുക്കന്‍ മലനിരകളുടെ പശ്ചാത്തലത്തില്‍ സുന്ദരമായ കാഴ്ചയാണ് സോംങ്കോ തടാകം സഞ്ചാരികള്‍ക്ക് ഒരുക്കിവയ്ക്കുന്നത്. ഗാംങ്‌ടോങില്‍ നിന്ന് നാലുമണിക്കൂര്‍ യാത്രയുണ്ട് ഇവിടേയ്ക്ക്.

ടീസ്റ്റ നദി

സിക്കിമിന്റെ താഴ്വരയിലൂടെ ശാന്തമായി ഒഴുകുന്ന നദിയാണ് ടീസ്റ്റ നദി. സാഹസികരായ സഞ്ചാരികള്‍ക്ക് റിവര്‍ റാഫ്റ്റിംഗിന് ഇവിടെ സൗകര്യമുണ്ട്.

സിക്കിമിന്റെ വടക്ക്

സഞ്ചാരികളെ എപ്പോഴും ആകര്‍ഷിപ്പിക്കുന്ന ഒന്നാണ് വടക്കന്‍ സിക്കിമിലെ വിദൂര പ്രദേശങ്ങളായ യുംതാങ്, സോപ്ത താഴ്വരകള്‍. തുടര്‍ച്ചായുണ്ടാകുന്ന മണ്ണിടിച്ചിലും ഭൂമികുലുക്കവും ഈ പ്രദേശത്തേക്കുള്ള യാത്ര വളരെ ദുര്‍ഘടമാക്കിയിട്ടുണ്ട്. അത് തന്നെയാണ് ഇവിടേക്കുള്ള യാത്രയിലെ ത്രില്ലും.

തേയില തോട്ടങ്ങള്‍

തേയിലതോട്ടങ്ങളാണ് മറ്റൊരു മനോഹരമായ ദൃശ്യാനുഭവം സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. തെക്കന്‍ സിക്കിമിലെ ചെറുഗ്രാമമായ തേമിയാണ് തേയിലത്തൊട്ടങ്ങള്‍ക്ക് പേരുകേട്ട സ്ഥലം. സിക്കിമില്‍ ഈ പ്രദേശത്ത് മാത്രമേ തേയിലത്തോട്ടങ്ങള്‍ കാണാന്‍ കഴിയൂ.

റോഡോഡെന്‍ഡ്രോണിന്റെ സൗരഭ്യം

വാര്‍സി, സിംഗ്ബ വനങ്ങളില്‍ വളരുന്ന റോഡോഡെന്‍ഡ്രോ എന്ന അപൂര്‍വയിനം പൂക്കളുടെ സൗരഭ്യം ആസ്വദിക്കണമെങ്കില്‍ മാര്‍ച്ച് മെയ് മാസത്തില്‍ പോകണം. ചുവപ്പ്, പിങ്ക് മഞ്ഞ വെള്ള നിറങ്ങളിലായി പൂത്തുലഞ്ഞ് നില്‍ക്കുന്ന ആയിരക്കണക്കിന് ചെടികള്‍ സഞ്ചാരികളുടെ മനം കവരും.

ഇങ്ങനെ സൗന്ദര്യത്തിന്റെ വശ്യതയില്‍ സഞ്ചാരികളെ മയക്കാന്‍ കഴിയുന്നതാണ് സിക്കിമിലെ ഓരോ പ്രദേശങ്ങളും. സഞ്ചാരികള്‍ക്കെന്നും പ്രിയപ്പെട്ട സിക്കിം സംസ്‌കാരത്തിന്റെയും അനുഷ്ഠാനത്തിന്റെയും വലിയൊരു മാതൃകയാണ് കാട്ടിത്തരുന്നത്.

You might also like

Comments are closed.