Nature

പ്രതികൂല കാലാവസ്ഥ, പെട്ടിമുടിയിൽ തിരച്ചില്‍ നിര്‍ത്തി; ഇതുവരെ കണ്ടെത്തിയത് 43 പേരെ

ഇടുക്കി: പെട്ടിമുടിയിലെ മണ്ണിടിച്ചിലിൽപെട്ടവർക്ക് വേണ്ടിയുള്ള തിരച്ചിൽ മൂന്നാം ദിവസം പിന്നിടുമ്പോൾ ആകെ കണ്ടെത്താനായത് 43 മൃതദേഹങ്ങളാണ്. ഇന്ന് കണ്ടെത്തിയത് 17 പേരുടെ മൃതദേഹങ്ങൾ. ഒരു അഗ്നിരക്ഷ അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ ദുരന്തഭൂമിയിൽ രോഗഭീതിയും ഏറുന്നു.

രാവിലെ 8 മണിക്കാണ് തിരച്ചിൽ തുടങ്ങിയത്. പ്രതികൂലകാലാവസ്ഥയെ അതിജീവിച്ച്‌ 10മണിക്കൂർ നീണ്ട തിരച്ചിലിൽ മണ്ണിൽ പുതഞ്ഞ ശരീരങ്ങളും, പെട്ടിമുടി അരുവിയുടെ ഒഴുക്കെടുത്തവരെയുമാണ് കണ്ടെത്തിയത്. 23പുരുഷൻമാരുടെയും 19 സ്ത്രീകളുടെയും മൃതശരീരങ്ങൾ ഉൾപ്പടെ 43 പേരെയാണ് ആകെ കണ്ടെത്തിയത്. കൂടുതലും മണ്ണുമാന്തി യന്ത്രങ്ങളാണ് ഉപയോഗിച്ചത്. സംഭവ സ്ഥലത് ഡോഗ്സ്‌ക്വാഡും പരിശോധനയ്ക്കെത്തി. പൊലീസ് നായ കണ്ടെത്തിയ സ്ഥലങ്ങളിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്താനായിട്ടുണ്ട്.

കേന്ദ്ര മന്ത്രി വി മുരളീധരൻ, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, മന്ത്രിമാരായ എ കെ ബാലൻ, കെ.രാജു തുടങ്ങിയവർ പെട്ടിമുടി സന്ദർശിച്ചു. എം പി ഡീൻ കുര്യാക്കോസ് തുടങ്ങിയവർ രക്ഷാ പ്രവർത്തനം ഏകോപിപ്പിച്ചു. പെട്ടിമുടിയിൽ മണ്ണിലായ 6 താൽക്കാലിക വനംവകുപ്പ് ജീവനക്കാരുടെ ബന്ധുക്കൾക്ക് സാമ്പത്തിക സഹായം നൽകുമെന്ന് വനം മന്ത്രി പറഞ്ഞു.

ദുരന്ത ഭൂമിയിലെ ഒരു രക്ഷാ പ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചതോടെ ആലപ്പുഴയിൽ നിന്നെത്തിയ അഗ്നിരക്ഷ സംഘത്തെ മടക്കി അയച്ചു. ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ ആളുകള്‍ പെട്ടിമുടിയില്‍ സന്ദര്‍ശനം നടത്തരുതെന്ന് ജില്ലാ പൊലീസ് മേധാവി നിർദേശിച്ചു.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.