Times Kerala

പ്രളയ എം,മുന്നൊരുക്കം; തിരുവല്ലയില്‍ അഞ്ച് വള്ളങ്ങള്‍ നിലയുറപ്പിച്ചു

 
പ്രളയ എം,മുന്നൊരുക്കം; തിരുവല്ലയില്‍ അഞ്ച് വള്ളങ്ങള്‍ നിലയുറപ്പിച്ചു

പത്തനംതിട്ട: പ്രളയ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനും കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും തിരുവല്ലയില്‍ ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം യോഗം ചേര്‍ന്നു. അഡ്വ. മാത്യു ടി തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തിരുവല്ല സബ് കളക്ടര്‍ ഡോ. വിനയ് ഗോയല്‍ അധ്യക്ഷത വഹിച്ചു.

തിരുവല്ല താലൂക്കിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ പ്രളയ സാധ്യത മുന്‍നിര്‍ത്തി കൊല്ലത്തു നിന്നും എത്തിച്ച മത്സ്യ തൊഴിലാളികളുടെ അഞ്ചു വള്ളങ്ങള്‍ വിവിധ പ്രദേശങ്ങളില്‍ വിന്യസിപ്പിച്ചു. നിരണം പനച്ചമൂട് ജംഗ്ഷന്‍, കടപ്ര മൂന്നാംകുരിശ്, നെടുമ്പ്രം എഎന്‍സി ജംഗ്ഷന്‍, കുറ്റൂര്‍ തോണ്ടറ പാലം, പെരിങ്ങര കൃഷി ഓഫീസ് പരിസരം എന്നിവിടങ്ങളിലാണ് വള്ളങ്ങള്‍ വിന്യസിച്ചിട്ടുള്ളത്.

അവശ്യഘട്ടത്തില്‍ ആളുകളെ മാറ്റി പാര്‍പ്പിക്കാനും, ആവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിനുമായി പത്ത് ടോറസ്, മൂന്ന് ടിപ്പറുകള്‍, രണ്ടു ബസുകള്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

2018 ലേതിനു സമാനമായ വെള്ളപ്പൊക്കം ഉണ്ടായാല്‍ അതിനെ നേരിടാനുള്ള എല്ലാ സജ്ജീകരണങ്ങളും നിയോജകമണ്ഡതലത്തില്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അഡ്വ. മാത്യു ടി തോമസ് എം.എല്‍.എ പറഞ്ഞു. കോവിഡ് 19 രോഗബാധയുടെ പ്രത്യേക സാഹചര്യത്തില്‍ പുനരധിവാസ ക്യാമ്പുകളില്‍ വേണ്ട നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സാഹചര്യം മുന്‍കൂട്ടി കണ്ടുകൊണ്ട് തന്നെ മത്സ്യ തൊഴിലാളികള്‍ അവരുടെ വള്ളങ്ങളുമായി എത്തിയിട്ടുണ്ട്. ടോറസുകളും സജ്ജമാക്കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും പൊതുജനങ്ങളും ഈ ക്രമീകരണങ്ങളോട് പരമാവധി സഹകരിക്കുകയും സഹായിക്കുകയും ചെയ്യണമെന്നും എംഎല്‍എ പറഞ്ഞു.

2018, 2019 കാലങ്ങളിലെ പ്രളയബാധിത പ്രദേശങ്ങളില്‍ നിന്നും, നിലവില്‍ വെളളം കയറാന്‍ സാധ്യതയുണ്ടെന്നു വിലയിരുത്തിയ പ്രദേശങ്ങളില്‍ നിന്നും ഹോം ക്വാറന്റൈനിലുള്ള ആളുകളെ വിവിധ കോവിഡ് കെയര്‍ കേന്ദ്രങ്ങളിലേക്ക് അടിയന്തരമായി മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു.

കഴിഞ്ഞ പ്രളയങ്ങള്‍ വിലയിരുത്തി നിലവില്‍ വെളളം കയറാന്‍ സാധ്യതയുളള സ്ഥലത്തെ ക്യാമ്പുകളില്‍ കഴിയുന്നവരെ മറ്റ് സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള മുന്നൊരുക്കങ്ങളും പൂര്‍ത്തിയായി. അതോടൊപ്പം ഉദ്യോഗസ്ഥരുടെ സുരക്ഷയെ മുന്‍നിര്‍ത്തി എസ്‌കലേറ്ററുകള്‍, ലൈഫ് ജാക്കറ്റ്, ലൈഫ്‌ബോയി റിംഗ് തുടങ്ങിയ ഉപകരണങ്ങള്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറാനും യോഗത്തില്‍ തീരുമാനമായി. പുളിക്കീഴ് ബിഡിഒ, പോലീസ്, റവന്യു, ഫയര്‍ഫോഴ്‌സ്, മെഡിക്കല്‍, മോട്ടോര്‍ വെഹിക്കിള്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Topics

Share this story