Times Kerala

കണ്ണൂർ ജില്ലയില്‍ കനത്ത മഴ തുടരുന്നു; 20 വീടുകള്‍ പൂര്‍ണമായും 978 വീടുകള്‍ ഭാഗികമായും തകർന്നു; 8191 പേരെ മാറ്റിപ്പാര്‍പ്പിച്ചു

 
കണ്ണൂർ ജില്ലയില്‍ കനത്ത മഴ തുടരുന്നു; 20 വീടുകള്‍ പൂര്‍ണമായും 978 വീടുകള്‍ ഭാഗികമായും തകർന്നു; 8191 പേരെ മാറ്റിപ്പാര്‍പ്പിച്ചു

കണ്ണൂർ: ജില്ലയിൽ ശക്തമായി തുടരുന്ന മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങളെ ബന്ധു വീടുകളിലേക്കും ക്യാമ്പുകളിലേക്കും മാറ്റിപ്പാര്‍പ്പിച്ചു. 1817 കുടുംബങ്ങളില്‍ നിന്നായി 8105 പേരാണ് ഇതുവരെ ബന്ധുവീടുകളിലേക്ക് മാറിയത്. 30 കുടുംബങ്ങളില്‍ നിന്നായി 86 പേര്‍ ക്യാമ്പുകളിളിലും കഴിയുന്നുണ്ട്. 20 വീടുകള്‍ പൂര്‍ണമായും 978 വീടുകള്‍ ഭാഗികമായും തകര്‍ന്നതായാണ് കണക്ക്. ജില്ലയില്‍ ഇന്നലെ പുതുതായി ഒമ്പത് ക്യാമ്പുകള്‍ ആരംഭിച്ചു.

കണ്ണൂര്‍ താലൂക്കില്‍ ഇതുവരെ 369 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. ഇതുവരെ ആറ് ദുരിതാശ്വാസ ക്യാമ്പുകളാണ് ഇവിടെ പ്രവത്തനമാരംഭിച്ചത്. പുഴാതി, കണ്ണൂര്‍ 2, എളയാവൂര്‍, കല്യാശ്ശേരി, ചിറക്കല്‍, വളപട്ടണം എന്നിവിടങ്ങളിലെ ക്യാമ്പുകളിലായി 77 പേരാണ് ഉള്ളത്. പുഴാതിയിലെ ക്യാമ്പില്‍ മൂന്ന്, എളയാവൂര്‍ ഏഴ്, വളപട്ടണം 15, കണ്ണൂര്‍ 2 ഒമ്പത്, കല്യാശ്ശേരി 26, ചിറക്കല്‍ 17 എന്നിങ്ങനെയാണ് ക്യാമ്പിലുള്ളവരുടെ എണ്ണം. കണ്ണാടിപറമ്പ, കണ്ണപുരം ഭാഗങ്ങളില്‍ കുന്നിടിച്ചലിനെ തുടര്‍ന്ന് നാശനഷ്ടങ്ങളുണ്ടായി. കണ്ണാടിപ്പറമ്പില്‍ ഒരു കിണര്‍ പൂര്‍ണമായും മണ്ണ് മൂടി. ഒരു വീടിനു നാശനഷ്ടവും സംഭവിച്ചിട്ടുണ്ട്.

തലശ്ശേരി താലൂക്കിലെ 13 വില്ലേജുകളില്‍ നിന്നായി 406 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ചൊക്ലി (22), ധര്‍മ്മടം (3), കീഴല്ലൂര്‍ (3), കോടിയേരി (14), പടുവിലായി (10), പന്ന്യന്നൂര്‍ (72), പാനൂര്‍ (2), പാതിരിയാട് (5), പാട്യം (2), പെരിങ്ങളം (140), പെരിങ്ങത്തൂര്‍ (130), പിണറായി (1), വെക്കളം (2). കഴിഞ്ഞ ദിവസം 424 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. 23 വില്ലേജുകളില്‍ നിന്നായി 830 കുടുംബങ്ങളെയാണ് താലൂക്കില്‍ ഇതിനോടകം മാറ്റിപ്പാര്‍പ്പിച്ചത്. 1179 പുരുഷന്മാര്‍, 1480 സ്ത്രീകള്‍, 802 കുട്ടികള്‍ എന്നിവര്‍ ഉള്‍പ്പെടെ 3461 പേരാണ് ഇതില്‍പ്പെടുന്നത്.

ശിവപുരം വില്ലേജില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ഇതുവരെ താലൂക്ക് പരിധിയില്‍ 358 വീടുകള്‍ക്കാണ് ഭാഗിക നാശനഷ്ടം സംഭവിച്ചത്.പയ്യന്നൂര്‍ താലൂക്കില്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ചെറുതാഴത്ത് ഒരു വീട് ഭാഗികമായി തകര്‍ന്നു. നിരവധി കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. രാമന്തളി കക്കംപാറയില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു.

എരമം വില്ലേജിലെ 30 കുടുംബങ്ങളെയും ചെറുതാഴത്ത് 17 ഉം കരിവെള്ളൂരില്‍ പത്തും, ഏഴോം, കാങ്കോല്‍ എന്നിവിടങ്ങളില്‍ ഒന്‍പതും രാമന്തളിയില്‍ ഒരു കുടുംബത്തെയും സുരക്ഷിതരായി ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.ഇരിട്ടി താലൂക്കില്‍ 142 കുടുംബങ്ങളില്‍ നിന്നായി 538 പേരെയാണ് ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. ഇതില്‍ 209 പേര്‍ പുരുഷന്മാര്‍, 225 സ്ത്രീകള്‍, 42 കുട്ടികള്‍ എന്നിവരാണ് ഉള്ളത്. 88 വീടുകള്‍ ഭാഗികമായും നാല് വീട് പൂര്‍ണമായും തകര്‍ന്നു.

Related Topics

Share this story