Times Kerala

പൊലീസ് തേടിയത്‌ ആര്‍സി ബുക്ക്‌, കിട്ടിയത് മാന്‍കൊമ്ബ്; സംഭവം വാഹനമോഷണ കേസിലെ പ്രതിയുടെ വീട്ടിലെ പരിശോധനയ്ക്കിടെ

 
പൊലീസ് തേടിയത്‌ ആര്‍സി ബുക്ക്‌, കിട്ടിയത് മാന്‍കൊമ്ബ്; സംഭവം വാഹനമോഷണ കേസിലെ പ്രതിയുടെ വീട്ടിലെ പരിശോധനയ്ക്കിടെ

അരീക്കോട്: വാടകയ്‌ക്കെടുത്ത വാഹനം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തിരികെ നല്‍കിയില്ലെന്ന പരാതിയില്‍ കേസിലെ പ്രതിയുടെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയ പൊലീസിന് ലഭിച്ചത് മാന്‍ കൊമ്ബുകള്‍. മലപ്പുറം അരീക്കോട് സ്വദേശി പാറാത്തൊടി മുഹമ്മദിന്റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മാന്‍കൊമ്ബുകള്‍ കണ്ടെത്തിയത്.

2017ലായിരുന്നു അരീക്കോട് എടവണ്ണപ്പാറ സ്വദേശി വി.പി.മുനീബിന്റെ കാര്‍ മുഹമ്മദ് വാടകയ്ക്ക് എടുത്തത്. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും കാര്‍ തിരികെ നല്‍കിയില്ല. അയല്‍സംസ്ഥാനങ്ങളില്‍ എവിടെയോ കാര്‍ വിറ്റതായി മനസിലാക്കിയ മുനീബ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവില്‍ കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നും കാര്‍ കണ്ടെത്തിയിരുന്നു.

കാറിന്റെ ആര്‍സി ബുക്ക് ഉള്‍പ്പെടെയുള്ള രേഖകള്‍ തേടിയാണ് പൊലീസ് മുഹമ്മദിന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്. പരിശോധനയില്‍ വീട്ടില്‍ നിന്ന് രണ്ട് മാന്‍കൊമ്ബുകള്‍ കണ്ടെത്തി. മാനിനെ വെടിവെച്ച്‌ കൊന്നതിന് ശേഷം കൊമ്ബ് കൈക്കലാക്കിയെന്നാണ് പൊലീസിന്റെ നിഗമനം. കേസ് പൊലീസ് വനംവകുപ്പിന് കൈമാറി.

Related Topics

Share this story