Times Kerala

ഐഎസ്: നിരീക്ഷണത്തിലുള്ളവരെ ചോദ്യം ചെയ്യും

 
ഐഎസ്: നിരീക്ഷണത്തിലുള്ളവരെ ചോദ്യം ചെയ്യും

കൊച്ചി: ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ അന്വേഷണ ഏജന്‍സികള്‍ നടപടി ശക്തമാക്കുന്നു. കേസില്‍ കേരളത്തില്‍ നിരീക്ഷണത്തിലുള്ള ഇസ്ലാമിക മതപുരോഹിതര്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ ഏജന്‍സികള്‍. റിക്രൂട്ട്‌മെന്റിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷ്യം.

കേരളത്തിലെയും തമിഴ്‌നാട്ടിലെയും 26 ഇസ്ലാമികപുരോഹിതരാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലുള്ളത്. ഐഎസ് കേസുകള്‍ അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച പ്രത്യേക സംഘമാണ് 26 പേരുടെ പട്ടിക ഐബിക്ക് നല്‍കിയത്. കേസില്‍ പിടിയിലായ റിയാസ് അബൂബക്കര്‍, മുഹമ്മദ് ഫൈസല്‍ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്ന് മതപുരോഹിതരുടെ പേരുകള്‍ എന്‍ഐഎക്ക് ലഭിച്ചു.കസ്റ്റഡിയിലുള്ള രണ്ടുപേരെ മാപ്പുസാക്ഷികളാക്കി എന്‍ഐഎ കൂടുതല്‍ അന്വേഷണത്തിനുള്ള വഴികള്‍ തേടുന്നതായും സൂചനയുണ്ട്.

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലുള്ള ചിലരെ എന്‍ഐഎ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. കേസിലെ മുഖ്യപ്രതി അബ്ദുള്ള റാഷിദിന്റെ നേതൃത്വത്തിലാണ് കേരളത്തില്‍ സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നത്. കാസര്‍കോട് നിന്ന് സിറിയയിലേക്ക് കടന്ന ഫിറോസ് ഖാന്റെ നേതൃത്വത്തിലാണ് റിക്രൂട്ട്‌മെന്റെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു. ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ സഹ്‌റാന്‍ ഹാഷിമിന്റെ ബന്ധു മൗലാനാ റിള, സുഹൃത്ത് ഷഹ്നാഹ് നാവിജ് എന്നിവര്‍ സൗദിയില്‍ പിടിയിലായിട്ടുണ്ട്. ഇവര്‍ക്ക് കാസര്‍കോട് അടക്കമുള്ള ഇന്ത്യയിലെ ഐഎസ് റിക്രൂട്ട്‌മെന്റുകളില്‍ പങ്കുള്ളതായും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

Related Topics

Share this story