Times Kerala

ഷിഹാബ് തങ്ങൾ അസ്തമിക്കാത്ത സൂര്യ തേജസ്സ്

 
ഷിഹാബ് തങ്ങൾ  അസ്തമിക്കാത്ത സൂര്യ തേജസ്സ്

ഇന്ന് ഓഗസ്റ്റ് 1 . മതേതര കൈരളിയുടെ ഹൃദയം പിടഞ്ഞ ദിനമായിരുന്നു 2009 ലെ ഓഗസ്റ്റ് ഒന്ന് . ഇന്ന് പാണക്കാട് സയ്യിദ് മുഹമ്മദ് അലി ഷിഹാബ് തങ്ങൾ പോയ്മറഞ്ഞിട്ട് പതിനൊന്ന് ആണ്ട് തികയുകയാണ് . ശാന്തി , സമാധാനം , സ്നേഹം , സമന്വയം , സംയമനം , സഹിഷ്ണുത , കനിവ് തുടങ്ങിയ മലയാള ഭാഷയിലെ ഭംഗിയുള്ള പദങ്ങളുടെ അർത്ഥ വ്യാപ്‌തി എത്രത്തോളം ആണെന്ന് ജീവിതം കൊണ്ട് പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങൾ കാണിച്ചു തന്നു .
മത സൗഹാർദ്ദത്തെ നെഞ്ചോട് ചേർത്ത് മാനവികതയുടെ ഇതിഹാസം രചിച്ച മതേതര ഭാരതത്തിന്റെ മനസ്സെന്ന മാണിക്യ കൊട്ടാരത്തിൽ കിരീടം വെക്കാത്ത സുൽത്താൻ ആയി തങ്ങൾ ജീവിച്ച കാലം ഒരു വസന്ത കാലം തന്നെയായിരുന്നു .ഏത് തിരക്കുകൾക്കിടയിലും വേദനിക്കുന്നവരുടെ വാക്കു കേൾക്കാൻ തങ്ങൾ സമയം കണ്ടെത്തിയിരുന്നു .

1975 മുതൽ 2009 വരെ 34വർഷം മുസ്‌ലിം ലീഗിനെ നയിച്ച പാണക്കാട് സയ്യിദ് മുഹമ്മദ് അലി ഷിഹാബ് തങ്ങൾ എതിർ ചേരിയിൽ ഉള്ള ഒരാളെയും വാക്ക് കൊണ്ട് പോലും നോവിക്കാതെ കേരള രാഷ്ട്രീയത്തിൽ മാതൃക തീർത്ത അപൂർവ്വ വ്യക്തിത്വത്തിന് ഉടമയായിരുന്നു . കൊടപ്പനക്കൽ തറവാട്ടിലെ കോടതി പടികൾ കലുഷിതമായ അനേകം പ്രശ്നങ്ങൾക്ക് പരിഹാര കേന്ദ്രമായപ്പോൾ സമാധാനത്തോടെ പിരിഞ്ഞു പോകുന്ന ഇരു കൂട്ടർക്കും തങ്ങൾ ഒരു “ജഡ്ജി” ആയിരുന്നു .

തളി ക്ഷേത്രത്തിന്റെ ഗോപുര വാതിൽ ബോംബിട്ട് തകർക്കപ്പെട്ടു എന്ന വാർത്ത ഷിഹാബ് തങ്ങളുടെ മനസ്സിനെ ഏറെ നൊമ്പരപ്പെടുത്തി . ജുമാ നമസ്കാരം കഴിഞ്ഞു വാർത്ത അറിഞ്ഞ ഉടനെ തന്നെ തങ്ങൾ അവിടെ പാഞ്ഞെത്തി സഹോദര സമുദായത്തിൽ പെട്ടവരുടെ വ്രണപ്പെട്ട മനസ്സുകളെ സമാശ്വസിപ്പിച്ചു . കലുഷിതമായ പ്രസ്തുത സംഭവത്തിൽ ഷിഹാബ് തങ്ങളുടെ സമാശ്വസിപ്പിക്കൽ ഹൈന്ദവ ജനതയും നെഞ്ചിലേറ്റി .

ബാബരിയുടെ പതനം ന്യൂനപക്ഷ ഹൃദയങ്ങളിൽ ഒരു കനലായി അവശേഷിച്ചപ്പോൾ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വർഗീയ ലഹളകൾ അരങ്ങേറി . അന്നും കേരളത്തിൽ ഒരു ക്ഷേത്രത്തിന്റെ മതിലുകളിലെ മണൽ തരികൾ പോലും നിലത്ത് വീഴരുതെന്ന നിർബന്ധം ആയിരുന്നു തങ്ങൾക്ക് . കേരളത്തിലെ അമ്പലങ്ങൾക്ക് കാവൽ നിൽക്കാൻ മുസ്‌ലിം സമൂഹത്തോട് തങ്ങൾ അഭ്യർത്ഥിച്ചപ്പോൾ തങ്ങൾ പകർന്നു തന്ന സുരക്ഷിത ബോധം
ന്യൂനപക്ഷ – ഭൂരിഭൂരിപക്ഷ ഭേദമില്ലാതെ മലയാളികൾ നെഞ്ചിലേറ്റി .പതിനാലാം രാവിന്റെ പൂർണ്ണ ചന്ദ്രനെ പോലെ പ്രശോഭിച്ചു നിന്ന തങ്ങൾ എന്നും ജന ഹൃദയങ്ങളിൽ ജീവിക്കും.

ഷംനാസ് കണ്ണൂക്കര
ജനറൽ സെക്രട്ടറി, അജ്‌മാൻ കെഎംസിസി വടകര മണ്ഡലം

Related Topics

Share this story