Times Kerala

‘മർദിച്ചു ബോധരഹിതനാക്കി കിണറ്റിൽ തള്ളി, നീതി കിട്ടാതെ മൃതദേഹം സംസ്‌കരിക്കില്ല’; വനം വകുപ്പ് കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ സഹോദരൻ

 
‘മർദിച്ചു ബോധരഹിതനാക്കി കിണറ്റിൽ തള്ളി, നീതി കിട്ടാതെ മൃതദേഹം സംസ്‌കരിക്കില്ല’; വനം വകുപ്പ് കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ സഹോദരൻ

പത്തനംതിട്ട: കുടപ്പനയിൽ വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മത്തായിയുടെ മരണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത ആരോപണങ്ങളുമായി കുടുംബം രംഗത്ത്. മത്തായിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയതാണ്, നീതി കിട്ടാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നും മത്തായിയുടെ സഹോദരൻ പറഞ്ഞു.

മത്തായിയെ വീട്ടിൽ നിന്ന് പിടിച്ചുകൊണ്ടുപോകുകയായിരുന്നു. കാര്യം അന്വേഷിച്ച അമ്മയെ ഉദ്യോഗസ്ഥർ പിടിച്ചു തള്ളി. സംഭവം നടന്ന സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ തലേ ദിവസം തന്നെ എത്തിയിരുന്നു. കാര്യങ്ങൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് നടന്നത്. മത്തായിയെ കാട്ടിൽ കൊണ്ടുപോയി ഉദ്യോഗസ്ഥർ മർദിച്ചു. തുടർന്ന് ബോധരഹിതനായതോടെ കിണറ്റിൽ തള്ളുകയായിരുന്നു-മത്തായിയുടെ സഹോദരൻ പറയുന്നു.

മാത്രമല്ല, കസ്റ്റഡിയിൽ ഉള്ള ആൾ എങ്ങനെയാണ് കിണറ്റിൽ വീഴുന്നതെന്നും, കുറച്ച് സമയം കൊണ്ട് ഒരാൾ ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുമോയെന്നും കുടുംബം ചോദിക്കുന്നു.

മത്തായിയുടെ മൃതദേഹം മോർച്ചറിയിലാണ്. മൃതദേഹം സംസ്‌കരിക്കാൻ ഉദ്യോഗസ്ഥർ ഉൾപ്പെടെ ആവശ്യപ്പെടുന്നുണ്ട്. സഹോദരന്റെ മരണത്തിന് ഉത്തരവാദികളായവരെ എന്ന് അറസ്റ്റ് ചെയ്യുന്നോ അന്ന് മാത്രമേ മൃതദേഹം സംസ്‌കരിക്കൂ എന്നാണ് മത്തായിയുടെ സഹോദരൻ പറയുന്നത്.

ഒന്നോ രണ്ടോ മാസമോ ഒരു വർഷമെടുത്താലും നീതി കിട്ടാതെ മൃതദേഹം സംസ്‌കരിക്കില്ല. അന്വേഷണത്തിൽ തൃപ്തിയില്ലെന്നും മത്തായിയുടെ സഹോദരൻ കൂട്ടിച്ചേർത്തു.

Related Topics

Share this story