Times Kerala

കമല്‍ഹാസന്‍റേത് ന്യൂനപക്ഷങ്ങളെ വലയിലാക്കാനുള്ള തന്ത്രം; തിരിച്ചടിച്ച് ബിജെപി

 
കമല്‍ഹാസന്‍റേത് ന്യൂനപക്ഷങ്ങളെ വലയിലാക്കാനുള്ള തന്ത്രം; തിരിച്ചടിച്ച് ബിജെപി

ന്യൂഡൽഹി∙ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി നാഥുറാം ഗോഡ്സെയാണെന്ന നടനും മക്കള്‍ നീതി മയ്യം പ്രസിഡന്‍റുമായ കമല്‍ഹാസന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. കൊലപാതകിയെയും ഭീകരനെയും കമലിനു തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നു നിർമല സീതാരാമൻ പറഞ്ഞു. ന്യൂനപക്ഷങ്ങളെ വലയിലാക്കാനുള്ള തന്ത്രമാണ് പ്രസ്താവനയ്ക്കു പിന്നിലെന്നും അവർ കുറ്റപ്പെടുത്തി.

‘വിവിധ മതവിശ്വാസങ്ങൾ സഹവർത്തിത്വത്തോടെ കഴിയുന്ന ഇന്ത്യയാണു താൻ ആഗ്രഹിക്കുന്നത്. ഇതൊരു മുസ്‌ലിം ഭൂരിപക്ഷ മേഖല ആയതുകൊണ്ടല്ല ഇങ്ങനെ പറയുന്നത്. ഗാന്ധിജിയുടെ പ്രതിമ ഇവിടെയുള്ളതുകൊണ്ടാണ്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഭീകരവാദിയെന്നത് ഒരു ഹിന്ദുവാണ് – നാഥുറാം ഗോഡ്സെ. 1948ൽ നടന്ന കൊലപാതകത്തിന്റെ ഉത്തരം തേടിയാണ് ഇവിടെ വന്നത്’ – അരവാകുറിച്ചിയിലെ തിരഞ്ഞെടുപ്പു പ്രചാരണയോഗത്തിലായിരുന്നു കമൽഹാസന്റെ പ്രസ്താവന.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മായാവതി നടത്തിയ പരാമർശത്തെയും നിർമല വിമർശിച്ചു. തീർത്തും നിരാശാജനകവും ഞെട്ടലുളവാക്കുന്നതുമാണ് മായാവതിയുടെ പ്രസ്താവനയെന്നു നി‍ർമല പറഞ്ഞു. ബിജെപി അംഗങ്ങളുടെ സ്വകാര്യ ജീവിതത്തെ പറ്റി മായാവതി ആകുലപെടേണ്ടതില്ലെന്നും നിർമല പറഞ്ഞു. രാഷ്ട്രീയ ലാഭത്തിനായി സ്വന്തം ഭാര്യയെ ഉപേക്ഷിച്ച ആളാണ് നരേന്ദ്ര മോദിയെന്നായിരുന്നു മായാവതി പറഞ്ഞത്.

അതേസമയം കമൽഹാസനെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. കമലിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് അഞ്ച് ദിവസത്തെ വിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി നേതാവ് അശ്വനി ഉപാധ്യായ് തിരഞ്ഞെടുപ്പ് കമ്മിഷനിൽ‌ പരാതി നൽകിയത്.

Related Topics

Share this story